ന്യൂഡൽഹി: ലോക്‌സഭാ മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിക്കാനുള്ള എൻസിപി (ശരദ് പവാർ പക്ഷം) ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോ. മണ്ഡല പുനർനിർണയ ബില്ലിനെ എൻസിപി പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ട ചാക്കോ, വിഷയത്തിൽ പാർട്ടി സർക്കാർ പക്ഷത്തുനിൽക്കരുതെന്നും കൂട്ടിച്ചേർത്തു. ഇംഗ്ലീഷിൽ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി.സി. ചാക്കോയുടെ പ്രതികരണം.

To advertise here,

രാജ്യത്തെ ജനാധിപത്യം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടനയും പാർലമെന്ററി ജനാധിപത്യവും രാജ്യത്തിന്റെ ഫെഡറൽ സംവിധാനവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. എൻസിപി ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷിയാണ്. ജനാധിപത്യ സ്ഥാപനങ്ങളും ഭരണഘടനാ മൂല്യങ്ങളും രാജ്യത്തിന്റെ ഫെഡറൽ സംവിധാനവും സംരക്ഷിക്കാനാണ് ഈ കൂട്ടായ്മയിൽ പങ്കാളിയായത്. പാർലമെന്റിൽ നിർണായകമായ ഭരണഘടനാ വിഷയം വരുമ്പോൾ ഈ നിലപാട് മാറ്റാൻ കഴിയില്ലെന്നും ചാക്കോ വ്യക്തമാക്കി.

മണ്ഡല പുനർനിർണയം മണ്ഡലങ്ങളുടെ അതിർത്തി മാറ്റുന്ന നടപടി മാത്രമല്ല. സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും ഫെഡറൽ ജനാധിപത്യത്തിലെ അധികാര സന്തുലനത്തെയും ഇത് ബാധിക്കും. നിയമം വേഗത്തിൽ പാസാക്കാനെന്ന പേരിൽ ഈ ആശങ്കകൾ മാറ്റിനിർത്താൻ കഴിയില്ല. -അദ്ദേഹം തുടർന്നു.

സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകുകയെന്ന ഭരണഘടനാ ലക്ഷ്യത്തെ താൻ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും പി.സി. ചാക്കോ വ്യക്തമാക്കി. എന്നാൽ ഈ ലക്ഷ്യം ചൂണ്ടിക്കാട്ടി മണ്ഡല പുനർനിർണയം നടപ്പാക്കരുത്. ആവശ്യമായ ചർച്ചകളും യോജിപ്പും ഫെഡറൽ സംവിധാനത്തിന്റെ സന്തുലനം ഉറപ്പാക്കുന്ന സംരക്ഷണങ്ങളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ സൗകര്യത്തേക്കാൾ രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം നൽകേണ്ട സമയമാണിത്. ഇന്ത്യാ മുന്നണിക്കൊപ്പം ഉറച്ചുനിൽക്കണം. നിർദിഷ്ട ബില്ലിന്റെ ഇപ്പോഴത്തെ രൂപത്തെ എതിർക്കണം. പാർട്ടി നേതൃത്വത്തോടും പാർലമെന്റ് അംഗങ്ങളോടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു. ഭരണഘടനാ തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഒപ്പമാണ് എൻസിപി നിൽക്കേണ്ടത്. പി.സി. ചാക്കോ പറഞ്ഞു. രാഷ്ട്രീയ സൗകര്യം നോക്കിയല്ല പാർട്ടിയുടെ തീരുമാനങ്ങൾ വിലയിരുത്തപ്പെടുക. ആ തീരുമാനങ്ങൾക്ക് പിന്നിലെ ഉറച്ച നിലപാടുകളാകും ചരിത്രം വിലയിരുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.