
ന്യൂഡൽഹി: ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഡൽഹി കേന്ദ്രീകരിച്ച് നാല് പുതിയ ബുള്ളറ്റ് ട്രെയിൻ പാതകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. ഡൽഹി-വാരണാസി-സിലിഗുരി പാതയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നിലവിൽ ഡൽഹിയിൽനിന്ന് സിലിഗുരിയിലേക്ക് ട്രെയിൻ മാർഗ്ഗം യാത്രചെയ്യാൻ ഏകദേശം 20 മണിക്കൂർ സമയം എടുക്കും. എന്നാൽ, നിർദിഷ്ട ബുള്ളറ്റ് ട്രെയിൻ കോറിഡോർ യാഥാർത്ഥ്യമാകുന്നതോടെ ഈ യാത്രാസമയം വെറും ആറ് മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ പദ്ധതികളിലുൾപ്പെടുന്ന പദ്ധതികളാണിവ. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ഹൈ-സ്പീഡ് റെയിൽ കോറിഡോർ ആയ ഡൽഹി-വാരണാസി-സിലിഗുരി പാത, അയോധ്യയെ ബന്ധിപ്പിക്കുന്ന ഡൽഹി-ലഖ്നൗ-വാരണാസി പാത, മുംബൈ-അഹമ്മദാബാദ് പാതയുമായി ബന്ധിപ്പിക്കുന്ന ഡൽഹി-ജയ്പൂർ-ഉദയ്പൂർ-അഹമ്മദാബാദ് പാത, ഡൽഹി-അമൃത്സർ-ജമ്മു പാത എന്നിവയുമായാണ് സർക്കാർ ആദ്യഘട്ടത്തിൽ മുന്നോട്ടുപോകുന്നത്. ഡൽഹി-എൻസിആർ മേഖലയെ ഈ ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.
ഏകദേശം രണ്ട് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികൾ ഉത്തരേന്ത്യയെ കിഴക്കൻ മേഖലകളുമായി വേഗത്തിൽ ബന്ധിപ്പിക്കാൻ സഹായിക്കും. നിലവിൽ ഈ പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി സർവേകളിലും പരിശോധനകളിലുമാണ് ഉള്ളത്. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിലാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ വരുന്നത്.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യ ഘട്ടമായ സൂറത്തിനും ബിലിമോറയ്ക്കും ഇടയിലുള്ള ഭാഗം 2027-ൽ പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പാതയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും 2029-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യം.
പുതിയ ബുള്ളറ്റ് ട്രെയിൻ പാതകൾ ഇപ്പോഴും സർവേ, ഡിസൈൻ ഘട്ടങ്ങളിലാണെങ്കിലും, മുംബൈ-അഹമ്മദാബാദ് പദ്ധതി നിർമ്മാണ ഘട്ടത്തിലാണ്. ഓരോ വർഷവും ഏകദേശം 250 കിലോമീറ്റർ വീതം ഹൈ-സ്പീഡ് റെയിൽ ട്രാക്കുകൾ നിർമ്മിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ അതിവേഗ ട്രെയിനായ ബി 35-ന്റെ പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Government plans four new high-speed rail corridors centered in Delhi., Delhi-Varanasi-Siliguri route aims to reduce travel time to six hours., Total project cost estimated at 2 lakh crore INR., Integration with the Mumbai-Ahmedabad bullet train project., Targeting 250km of high-speed track construction per year.
Published: 08 Jul 2026, 09:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented