കോഴിക്കോട്: കേരളത്തെ തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാത അത്യാവശ്യമാണെന്ന് ആവർത്തിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. സ്റ്റാൻഡേഡ് ഗേജിൽ 473.20 കിലോമീറ്റർ ദൂരത്തിൽ തിരുവനന്തപുരം-കണ്ണൂർ അതിവേഗപാതയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ 6.5 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെ പോകുന്നതൊഴിച്ചാൽ അതിവേഗപാത മുഴുവൻ തൂണുകളിലാണെന്നതിനാൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള കേരളത്തിലെ വലിയ തടസ്സങ്ങൾ ഒരുപരിധിവരെ മറികടക്കാനാവും.
തിരവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാവും പാത കടന്നുപോവുക. അതിവേഗമോടുന്ന മലയാളിക്കായി അതിവേഗപാത യാഥാർഥ്യമാക്കിയില്ലെങ്കിൽ വരുംകാലങ്ങളിൽ യാത്ര വലിയ തലവേദനയാകും. കാലതാമസം ഉണ്ടാകുന്തോറും നിർമാണച്ചെലവും കൂടും.
അതുകൊണ്ടുതന്നെ കേരളത്തിന് അതിവേഗ റെയിൽവേപ്പാത അനുയോജ്യമല്ലെന്ന വിദഗ്‌ധസമിതിയുടെ റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കണമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ ആവശ്യം. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിൽ 36,000 കോടി രൂപ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എടുത്ത്, ബാക്കി 24,000 കോടി രൂപ ക്രൗഡ്ഫണ്ടിങ് വഴി സ്വരൂപിക്കണമെന്നും ഇ. ശ്രീധരൻ പറയുന്നു.
രണ്ടും മൂന്നും ഘട്ടങ്ങൾ, വയനാടിനും പാത
രണ്ടാംഘട്ടമായി 82 കിലോമീറ്ററിൽ ഇത് കാസർകോട്ടേക്ക് നീട്ടാമെന്നും മെട്രോമാൻ പറയുന്നു. പയ്യന്നൂർ, നീലേശ്വരം സ്റ്റേഷനുകളുള്ള പാത വഴി 36 മിനിറ്റിനകം കാസർകോട്ടെത്താം. ഇതിനൊപ്പംതന്നെ 73 കിലോമീറ്ററിൽ കോഴിക്കോട്ടുനിന്ന് സുൽത്താൻബത്തേരിയിലേക്ക് ഒരു പാതയെന്ന നിർദേശവുമായി വയനാട് റെയിൽവേയും ഇ. ശ്രീധരന്റെ പദ്ധതിയിലുണ്ട്.
തൂണുകളിലൂടെയും ഇരട്ടത്തുരങ്കത്തിലൂടെയുമുള്ള പാതയിലൂടെ 35 മിനിറ്റുകൊണ്ട് വയനാട്ടിലേക്കെത്താം. കൊടുവള്ളി, അടിവാരം, കല്പറ്റ, സുൽത്താൻബത്തേരി എന്നീ നാലു സ്റ്റേഷനുകളുണ്ടാവും. അടിവാരം മുതൽ കല്പറ്റവരെയാകും ഇരട്ട തുരങ്കപാത.
50 കിലോമീറ്ററിൽ പട്ടാമ്പിയിൽനിന്ന് പാലക്കാട്ടേക്കും 52 കിലോമീറ്ററിൽ അവിടുന്ന് തൃശ്ശൂരിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതോടെ ഏതാണ്ട് കേരളം മുഴുവൻ അതിവേഗ റെയിൽപ്പാത എത്തിച്ചേരുമെന്നും അദ്ദേഹം പറയുന്നു.
തിരുവനന്തപുരം-കണ്ണൂർ; അതിവേഗപാത ഇങ്ങനെ
*സ്റ്റേഷനുകൾ-23
*സ്റ്റേഷനുകൾക്കിടയിലെ ദൂരം-21.5 കി.മീ.
*കിലോമീറ്ററിന് നിർമാണച്ചെലവ്-127 കോടി രൂപ
*ഡിസൈൻ സ്പീഡ് മണിക്കൂറിൽ-200 കി.മീ.
*ഓപ്പറേഷണൽ സ്പീഡ് മണിക്കൂറിൽ -180 കി.മീ.
*പാതയ്ക്കുള്ള സ്ഥലത്തിന്റെ വീതി-20 മീറ്റർ
*തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് മൂന്നരമണിക്കൂർ
*പ്രവർത്തനസമയം രാവിലെ 6-രാത്രി 11
*തിരക്കുള്ള സമയങ്ങളിൽ ഓരോ അരമണിക്കൂറിലും ട്രെയിൻ
*അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവിട്ട്
*മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ മാത്രം
*800 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള 12 കോച്ചുകൾ
*പ്രവർത്തനം പൂർണമായും സോളാർ എനർജിയിൽ
*തിരുവനന്തപുരം-കണ്ണൂർ ടിക്കറ്റ് ചാർജ്-800 രൂപ
*തൂണുകളിലുള്ള പാത പരിസ്ഥിതിപ്രശ്നമുണ്ടാക്കില്ല
*ആദ്യവർഷം ഒരുദിവസം പ്രതീക്ഷിക്കുന്നത് 54,000 പേരെ
*27,000 പേർ യാത്ര ട്രെയിനിലേക്ക് മാറ്റും
*കാർബൺ പുറന്തള്ളൽ കുറയ്ക്കും
*റോഡപകടങ്ങൾ കുറയ്ക്കാനാവും
*ഒരുദിവസം പരമാവധി 1.86 ലക്ഷം പേർക്ക് സഞ്ചരിക്കാം
Content Highlights: Metroman E. Sreedharan advocates for a high-speed rail corridor connecting Kerala from south to north, emphasizing its necessity to alleviate future travel issues and reduce construction costs over time. The proposed 473.20 km Thiruvananthapuram-Kannur high-speed rail will primarily be elevated, minimizing land acquisition challenges, and will connect major airports, with plans for extensions to Kasaragod and Wayanad. The project, estimated at ₹60,000 crore, aims to be funded by central and state governments along with crowdfunding, and promises environmental benefits, reduced road accidents, and a significant shift of passengers from road to rail.
Published: 29 Oct 2026, 08:56 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented