ന്യൂഡൽഹി/വാരാണസി: ഉത്തരേന്ത്യയെയും വടക്കുകിഴക്കൻ ഇന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പുതിയ ബുള്ളറ്റ് ട്രെയിൻ ശൃംഖല നിലവിൽ വരുന്നതോടെ ഡൽഹിയും ഗുവാഹത്തിയും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയുകയും കണക്റ്റിവിറ്റി വർധിക്കുകയും ചെയ്യും.
ബനാറസിനും ന്യൂഡൽഹിക്കുമിടയിലുള്ള പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി വാരാണസിയിൽ സംസാരിക്കവെയാണ് റെയിൽവേ മന്ത്രി നിർദിഷ്ട പാതയുടെ വിവരങ്ങൾ വ്യക്തമാക്കിയത്. ഡൽഹി, ആഗ്ര, കാൺപൂർ, ലഖ്‌നൗ, അയോധ്യ, വാരാണസി, പ്രയാഗ്‌രാജ്, പട്‌ന എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഈ ബുള്ളറ്റ് ട്രെയിൻ പാത, തുടർന്ന് സിലിഗുരി വഴിയാണ് അസമിലെ ഗുവാഹത്തിയിലേക്ക് നീളുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഡൽഹിയിൽനിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രാസമയം എട്ടു മണിക്കൂറായി കുറയും. വ്യത്യസ്ത നഗരങ്ങൾക്കിടയിലുള്ള യാത്രാസമയത്തിലും വലിയ കുറവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഡൽഹിയിൽനിന്ന് ആഗ്രയിലേക്ക് 59 മിനിറ്റുകൊണ്ടും കാൺപൂരിലേക്ക് ഒരു മണിക്കൂർ 45 മിനിറ്റുകൊണ്ടും ലഖ്‌നൗവിലേക്ക് രണ്ട് മണിക്കൂർ 12 മിനിറ്റുകൊണ്ടും എത്തിച്ചേരാനാകും.
ലഖ്‌നൗവിൽനിന്ന് വാരാണസിയിലേക്ക് ഒരു മണിക്കൂർ 21 മിനിറ്റും വാരാണസിയിൽനിന്ന് പട്‌നയിലേക്ക് ഏകദേശം ഒരു മണിക്കൂറും പ്രയാഗ്‌രാജിലേക്ക് 33 മിനിറ്റും ആഗ്രയിലേക്ക് രണ്ട് മണിക്കൂർ 34 മിനിറ്റും മാത്രമായിരിക്കും യാത്രാസമയം. വാരാണസിയിൽനിന്ന് ഡൽഹിയിലെത്താൻ ഏകദേശം മൂന്ന് മണിക്കൂർ 33 മിനിറ്റ് സമയം വേണ്ടിവരും. ഓരോ മണിക്കൂർ ഇടവിട്ടാകും ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
പൂർണമായും 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിലാണ് ഈ കോറിഡോർ വികസിപ്പിക്കുന്നത്. പദ്ധതിക്കാവശ്യമായ പ്രധാന ഘടകങ്ങളെല്ലാം രാജ്യത്തിനുള്ളിൽ തന്നെയാണ് നിർമിക്കുക. തൂണുകളും ഗർഡറുകളും അടക്കമുള്ള നിർമാണ സാമഗ്രികൾ ഫാക്ടറികളിൽ വെച്ച് നിർമിച്ച് ഏകീകൃത രൂപത്തിലാക്കും.
പദ്ധതിയുടെ ഡിസൈൻ നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ ആദ്യ ഘട്ടം അടുത്ത വർഷം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
Content Highlights: Railway Minister Ashwini Vaishnaw announced that a new bullet train network will connect Delhi and Guwahati through major cities, reducing travel time to just eight hours under the Make in India initiative.
Published: 01 Nov 2026, 03:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented