ദുബായിലെ മെട്രോയിലും യു.എ.ഇയുടെ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിലും കയറി അതിവേഗം ലക്ഷ്യസ്ഥാനത്തേക്ക് പായുമ്പോൾ, ഏതൊരു പ്രവാസി മലയാളിയുടെയും മനസ്സിലേക്ക് ഓടിയെത്തുക അല്പം കൊതിയും അതിലേറെ പ്രതീക്ഷയുമുള്ള ഒരു ചോദ്യമാണ്; 'സമയവും സൗകര്യവും കൃത്യതയും കൈകോർക്കുന്ന ഇതുപോലൊരു റെയിൽ അനുഭവം എന്നാണാവോ എന്റെ കേരളത്തിലും സാധ്യമാവുക?'. ഗൾഫിന്റെ ആധുനിക യാത്രാസംസ്‌കാരം അനുഭവിച്ചറിഞ്ഞ മലയാളി, ഇന്ന് നാട്ടിലെ പാളങ്ങളിലും ആഗ്രഹിക്കുന്നത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കുകൾക്ക് വിട നൽകുന്ന, സമയബന്ധിതവും സുരക്ഷിതവുമായ ഒരു പുതിയ റെയിൽ വിപ്ലവമാണ്.'

To advertise here,

ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങളെ മാറ്റിമറിച്ച, 'മെട്രോമാൻ' എന്നറിയപ്പെടുന്ന വിഖ്യാത എൻജിനീയർ ഡോ. ഇ. ശ്രീധരൻ മുൻകൈയെടുത്ത് രൂപകൽപ്പന ചെയ്ത കേരള ഹൈസ്പീഡ് റെയിൽ (കെ.എച്ച്.എസ്.ആർ) പദ്ധതി കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിൽ സമാനതകളില്ലാത്ത വിപ്ലവത്തിന് വഴിതുറക്കുകയാണ്. കേവലം ഒരു അതിവേഗ ട്രെയിൻ സർവീസ് എന്നതിനപ്പുറം, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെയും പ്രകൃതി സംരക്ഷണത്തെയും ഒരുപോലെ മുൻനിർത്തിയുള്ള ഒരു സുസ്ഥിര വികസന മാതൃകയാണ് അതിവിദഗ്ദ്ധരും അനുഭവജ്ഞാനവുമുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി ഈ പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നത്. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഒരു ഏകീകൃത വേഗ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കാൻ കഴിയുന്ന ഈ മെഗാ പ്രോജക്റ്റ് രണ്ട് പ്രധാന ഘട്ടങ്ങളിലായാണ് പൂർത്തിയാക്കാൻ വിഭാവനം ചെയ്തിരിക്കുന്നത്.

കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നീളുന്ന 473.2 കിലോമീറ്റർ ദൂരമുള്ള പാതയാണ് ഒന്നാം ഘട്ടമായി കണക്കാക്കിയിട്ടുള്ളത്. 500 കിലോമീറ്ററുള്ള നിലവിലെ ബ്രോഡ്‌ഗേജ് പാതയേക്കാൾ 27 കി.മീ. ദൂരം കുറവാണ് പുതിയ പാതക്ക്. വന്ദേ ഭാരത് എക്‌സ്പ്രസ് നിലവിൽ 6 മണിക്കൂർ 30 മിനിറ്റ് എടുക്കുന്ന ഈ ദൂരം വെറും 3 മണിക്കൂർ 30 മിനിറ്റ് കൊണ്ട് താണ്ടാൻ കേരളാ ഹൈസ്പീഡ് റെയിൽ പദ്ധതിയിലൂടെ സാധിക്കും.
രണ്ടാം ഘട്ടം (വടക്കൻ-കിഴക്കൻ കണക്റ്റിവിറ്റി): കാസർകോട്, സുൽത്താൻബത്തേരി (വയനാട്), പാലക്കാട് എന്നീ ജില്ലകളിലേക്ക് പാത നീട്ടുന്നതോടെ കേരളത്തിലെ എല്ലാ പ്രധാന സാമ്പത്തിക മേഖലകളും പരസ്പരം ബന്ധിപ്പിക്കപ്പെടും.

പദ്ധതിയുടെ വസ്തുതാപരമായ വിശകലനവും വികസന സാധ്യതകളും:

സ്ഥലവിസ്തൃതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കണ്ണൂർ എയർപോർട്ടിനെ ഉൾപ്പെടുത്തിയും കേരളത്തിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവയെ നേരിട്ട് ബന്ധപ്പെടുത്തിയും, തയ്യാറാക്കുന്ന പ്രസ്തുത പദ്ധതി ലോകത്തിലെ തന്നെ അപൂർവ്വം റെയിൽ പ്രൊജക്ടുകളിൽ ഒന്നാണ്.

പദ്ധതി യാഥാർഥ്യമായാൽ, അതിന്റെ പ്രയോജനം യാത്രാസമയം കുറയ്ക്കുന്നതിൽ മാത്രം ഒതുങ്ങില്ല. കേരളത്തിന്റെ സാമ്പത്തിക വളർച്ച, നഗരവൽക്കരണം, വ്യവസായം, ടൂറിസം, തൊഴിൽ, വിമാനത്താവളങ്ങളുടെ വളർച്ച, ഭൂവികസനം എന്നിവയെ ഒരുമിച്ച് സ്വാധീനിക്കുന്ന ഒരു വലിയ അടിസ്ഥാനസൗകര്യ പദ്ധതിയായി ഇതിനെ കാണാം. അനുദിനം വർദ്ധിച്ച് വരുന്ന മുഴുവൻ യാത്രികർക്കും, പ്രത്യേകിച്ച് വിദേശ മലയാളികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് ഗുണപ്രദമായ തരത്തിൽ അതിവേഗ കണക്റ്റിവിറ്റി നൽകുന്ന ഈ ഉദ്യമം ലക്ഷ്യമിടുന്നത് കേവലമായ അടിസ്ഥാന യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത് മാത്രമല്ല; മറിച്ച് സമഗ്രമായ സാമൂഹ്യ പുരോഗതിയും, വിപ്ലവകരമായ വ്യാവസായിക വികസനവും തന്നെയാണ്.

കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയിലെ ട്രെയിനുകൾ രാത്രിയിലും സർവീസിനിടയിലും നിർത്തിയിടാനും,വൃത്തിയാക്കാനും, ചെറിയ അറ്റകുറ്റപ്പണികൾ നടത്താനും രണ്ട് പാർക്കിംഗ് ഡിപ്പോകളാണ് ഉണ്ടായിരിക്കുക. പ്രവർത്തന പരിശോധന നിർവഹിക്കാനുള്ള റെയിൽ പാത ഉൾപ്പെടുന്ന ഇത്തരം യാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് കണ്ണൂർ എയർപോർട്ടിനോട് അനുബന്ധിച്ചുള്ള സ്ഥലത്തും, രണ്ടാമത്തേത് തിരുവനന്തപുരത്തിനടുത്ത കൊച്ചുവേളിയിലുമാണ് വിഭാവനം ചെയ്യുന്നത്. കിയാലിന്റെ കൈവശമുള്ള ഭൂമിയിൽ ഇതിനായി ഏകദേശം നാല്പതോളം ഹെക്ടർ വിസ്തൃതിയിലുള്ള സ്ഥലം ലഭ്യമാകാനും എളുപ്പമാണ്. തിരുവനന്തപുരം വിമാനത്താവള സ്റ്റേഷന്റെ 3 കിലോമീറ്റർ വടക്കുഭാഗത്തുള്ള കൊച്ചുവേളിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന, ഏകദേശം 13.50 ഹെക്ടർ വിസ്തൃതിയുള്ള സബ് ഡിപ്പോക്കുള്ള ഭൂമിയും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.

നിർദ്ദിഷ്ട ഗ്രീൻഫീൽഡ് റൂട്ട്

കണ്ണൂർ എയർപോർട്ട് - മുണ്ടയാട് - കൂത്തുപറമ്പ് - നാദാപുരം - ബാലുശ്ശേരി - തൊണ്ടയാട് (കോഴിക്കോട്) -കരിപ്പൂർ (കോഴിക്കോട് എയർപോർട്ട്) -മലപ്പുറം -പട്ടാമ്പി -തൃശൂർ - ചാലക്കുടി - നെടുമ്പാശ്ശേരി (കൊച്ചി എയർപോർട്ട്) -ആലുവ -എറണാകുളം (പാലാരിവട്ടം) - തൃപ്പൂണിത്തുറ -വൈക്കം -കോട്ടയം - തിരുവല്ല - പത്തനംതിട്ട -കൊട്ടാരക്കര - കൊല്ലം - വർക്കല -ശംഖുമുഖം (തിരുവനന്തപുരം എയർപോർട്ട്) - പൂജപ്പുര - കൊച്ചുവേളി (തിരുവനന്തപുരം).

200 കി.മീ. ഡിസൈൻ വേഗത കൈവരിക്കാൻ കഴിയുന്ന ഈ അതിവേഗ റെയിൽ പാതയിൽ, സ്റ്റോപ്പുകൾ ഉൾപ്പെടെ ശരാശരി 140 കി.മീ. വേഗത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സാങ്കേതിക മികവ്, യാത്രാ സൗകര്യം, സുരക്ഷ, കാര്യക്ഷമത എന്നിവയ്ക്ക് പരമാവധി മുൻഗണന നൽകി 1435 മി.മീ. സ്റ്റാൻഡേർഡ് ഗേജിലാണ് ഈ അതിവേഗ പാതയുടെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്.

ഡൽഹി-മീററ്റ് റൂട്ടിലെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പോലുള്ള ആധുനിക അതിവേഗ റെയിൽ സംവിധാനങ്ങളുടെ മാതൃകയിൽ, ആഗോളതലത്തിൽ പ്രശസ്തരായ ട്രെയിൻ നിർമ്മാതാക്കളെ ഉൾപ്പെടുത്തി സുതാര്യമായ ആഗോള ടെൻഡർ നടപടിയിലൂടെയായിരിക്കും ട്രെയിനുകളുടെ നിർമ്മാണം നടത്തുക. ആധുനിക സാങ്കേതികവിദ്യയും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും യാത്രാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഏകദേശം 12 അത്യാധുനിക കോച്ചുകളുള്ള മുപ്പതോളം ട്രെയിനുകളായിരിക്കും സർവീസിനായി വിന്യസിക്കുക. സാധ്യമാകുന്നിടത്ത് 'മേക്ക് ഇൻ ഇന്ത്യ' ആശയത്തിന് അനുസൃതമായി ആഭ്യന്തര നിർമ്മാണത്തിനും സാങ്കേതിക കൈമാറ്റത്തിനും പ്രാധാന്യം നൽകാനും കഴിയും. എല്ലാ യാത്രികരും തുല്യരാണ് എന്ന സമീപനത്തിന് പ്രാധാന്യം നൽകി, വ്യത്യസ്ത ക്യാബിനുകളോ മറ്റ് വിവേചനങ്ങളോ ഇല്ലാത്ത 'വൺ ക്ലാസ്' സിസ്റ്റമായിരിക്കും ട്രെയിൻ ബോഗികളിൽ. എല്ലാവർക്കും മികച്ച സീറ്റിംഗ് ഉറപ്പാക്കുന്നതിനാൽ നിന്ന് യാത്ര ചെയ്യാനും യാത്രക്കാരെ അനുവദിക്കില്ല. കൂടുതൽ ലഗേജ് സ്പേസും ഭിന്നശേഷിക്കാർക്കായി പ്രത്യേക വീൽചെയർ സൗകര്യവും എല്ലാ കോച്ചുകളിലും ഉണ്ടാകുമെന്നതും ആശ്വാസകരമാണ്.

പരിസ്ഥിതി സംരക്ഷണവും ഹരിത ഊർജ്ജവും

സോളാർ പവർ ഹബ് എന്ന പ്രത്യേകത കൂടി അവകാശപ്പെടുന്ന ഈ പദ്ധതി പൂർണ്ണമായും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുക. തൂണുകൾക്ക് മുകളിലും, മേൽപാലങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിലൂടെ ഇടുക്കി പദ്ധതിക്ക് ശേഷം കേരളത്തിലെ രണ്ടാമത്തെ വലിയ ഊർജ്ജ ഉത്പാദകരായി കേരളാ ഹൈസ്പീഡ് റെയിൽ സംവിധാനം മാറും. പ്രതിദിനം റോഡുകളിൽ നിന്നും നിലവിലെ റെയിലുകളിൽ നിന്നും 54,000-ത്തോളം യാത്രക്കാർ ഈ അതിവേഗ പാതയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുനിരത്തുകളിൽ അനുദിനം വർധിച്ച് വരുന്ന വാഹനഗതാഗത തിരക്കുകൾക്കൊപ്പം അന്തരീക്ഷ മലിനീകരണവും കാർബൺ ഉദ്വമനവും ഇത് ഗണ്യമായി കുറയ്ക്കും എന്നതും തീർച്ചയാണ്.

പാതയുടെ 70 ശതമാനവും തൂണുകളിലും മേൽപ്പാലങ്ങളിലും ഉയർന്നു നിൽക്കുന്ന തരത്തിലാണ് കെ.എച്ച്.എസ്.ആർ
വിഭാവനം ചെയ്തിരിക്കുന്നത്. കേവലം ഒരു മീറ്റർ മാത്രം വ്യാസമുള്ള ഈ പില്ലറുകളുടെ അടിത്തട്ടിലെ അയഞ്ഞ മണ്ണിലൂടെ മഴവെള്ളം പൂർണ്ണമായും ഭൂമിയിലേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിൽ പരിസ്ഥിതി സൗഹൃദമായി ഭൂഗർഭ ജല സംരക്ഷണത്തിന് സഹായകമാകുന്ന രീതിയിലാണ് അവ ഡിസൈൻ ചെയ്തത്.

പരമ്പരാഗതമായി റെയിൽവേ ലൈനുകൾ നിർമ്മിക്കുമ്പോൾ വൻതോതിൽ ഭൂമി ഏറ്റെടുക്കേണ്ടി വരികയും ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാൽ കെ.എച്ച്.എസ്.ആറിന് വെറും 20 മീറ്റർ വീതിയിലുള്ള ഭൂമി മാത്രമേ ആവശ്യമുള്ളൂ എന്നത് സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും, ദുഷ്‌കരമായ സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ ലഘൂകരിക്കുന്നതിനും ഉതകും. പാതയുടെ 90 ശതമാനവും മേൽപാലങ്ങളും (70 ശതമാനം), ടണലുകളും (20 ശതമാനം) ആയതിനാൽ ജനവാസ മേഖലകളെ ഇത് ബാധിക്കില്ല എന്ന പ്രത്യേകത കൂടിയുണ്ട്. കൂടാതെ, കേരളത്തെ രണ്ട് കഷ്ണങ്ങളായി വിഭജിക്കുന്ന തരത്തിൽ റയിൽ പാതയുടെ തിട്ടകൾ പണിയുന്ന പരമ്പരാഗത നിർമ്മാണ രീതി ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

സാധാരണക്കാർക്കും താങ്ങാനാകുന്ന നിരക്കിലാണ് പുതിയ പദ്ധതിയുടെ യാത്രാക്കൂലി വിഭാവനം ചെയ്തിരിക്കുന്നത് എന്നതാണ് കെ.എച്ച്.എസ്.ആറിന്റെ മറ്റൊരു പ്രധാന ആകർഷണം. ജനശതാബ്ദി എസി ചെയർ കാറിന് സമാനമായ നിരക്കിൽ (ഏകദേശം 800 രൂപ) ജനങ്ങൾക്ക് വന്ദേ ഭാരതിനേക്കാൾ (1350രൂപ - 1430 രൂപ) വളരെ കുറഞ്ഞ യാത്രാ ചിലവിൽ അതിവേഗം, ആഡംബരത്തോടെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. പുതിയ പദ്ധതിയുടെ വരവോടെ ജനസാന്ദ്രതയേറിയ സംസ്ഥാനമായ കേരളത്തിൽ പുതിയ സാമ്പത്തിക ഇടനാഴികളും നഗരവത്ക്കരണവും സാധ്യമാവും എന്നതും എടുത്ത് പറയേണ്ട പ്രധാന കാര്യമാണ്. ഹൈ സ്പീഡ് റെയിൽവേ ലൈനുകൾ കടന്നുപോകുന്ന പുതിയ 21 സ്റ്റേഷൻ പരിസരങ്ങളും വലിയ ബിസിനസ്സ് കേന്ദ്രങ്ങളായി (സാറ്റലൈറ്റ് ടൗൺഷിപ്പ്) മാറും. ഇത് കൊച്ചി, തിരുവനന്തപുരം പോലുള്ള വൻ നഗരങ്ങളിലെ തിരക്ക് കുറയ്ക്കാനും ഗ്രാമീണ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഏറെ സഹായിക്കും.

റോഡപകടങ്ങളിലെ വർധനവും യാത്രാ സുരക്ഷയും

കാര്യക്ഷമവും സുരക്ഷിതവുമായ റെയിൽ ഗതാഗത സംവിധാനം ലഭ്യമല്ലാത്തതിനാൽ, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും റോഡ് മുഖേനയുള്ള വാഹനങ്ങളെ യാത്രക്കായി ആശ്രയിക്കേണ്ടിവരുന്നു. ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള അനുപാതത്തിൽ രാജ്യത്തിലെ തന്നെ ഏറ്റവും ഉയർന്ന റോഡ് അപകടനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
2025-ൽ, കേരളത്തിലുടനീളം നടന്ന 49,889 റോഡ് അപകടങ്ങളിൽ 3,733 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 56,922 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024-ൽ 3,875 പേർ റോഡ് അപകടങ്ങളിൽ മരിച്ചതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. വാഹനപ്പെരുപ്പം, ഇടുങ്ങിയ റോഡുകൾ, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് എന്നിവ കാരണം ആകെ റോഡ് അപകടങ്ങളുടെ എണ്ണം തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയും, അതുവഴി പ്രതിദിന മരണനിരക്ക് 10-ൽ കൂടുതലായി തുടരുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിലെ ആകെ റോഡ് അപകടങ്ങളിൽ 71 ശതമാനത്തിലധികവും ഗുരുതര പരിക്കുകളുള്ളവയും അപകട മരണങ്ങളിൽ ഏകദേശം 36 ശതമാനവും ഇരുചക്രവാഹന അപകടങ്ങളിലാണ് സംഭവിക്കുന്നത്.

നിരത്തിലെ വാഹനങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാൻ കഴിഞ്ഞാൽ, റോഡ് അപകടങ്ങളിലെ 50 ശതമാനം വരെ മരണങ്ങളും പരിക്കുകളും ഒഴിവാക്കാൻ കഴിയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റോഡ് യാത്രക്കാരിൽ ഭൂരിഭാഗം പേരെയും റെയിൽ ഗതാഗതത്തിലേക്ക് മാറ്റുന്നതിലൂടെ ഇത് എളുപ്പത്തിൽ സാധ്യമാക്കാൻ കഴിയും. അതിനായി അതിവേഗവും സുസ്ഥിരവുമായ റെയിൽ പാത പദ്ധതി അനിവാര്യമാണ്.

സാമ്പത്തിക സമാഹരണവും ആസൂത്രണവും

ഈ പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയവും അനുകൂലവുമായ വശം ഇതിന്റെ സാമ്പത്തിക ആസൂത്രണമാണ്. വിദേശ ഏജൻസികളിൽ നിന്ന് വൻ തുക കടമെടുക്കുന്ന സാധാരണ രീതി ഈ കാര്യത്തിൽ പിന്തുടരില്ല എന്നതാണ് തീരുമാനം. വിദേശ വായ്പകൾ സ്വീകരിക്കുന്ന സമ്പ്രദായം അവിടെ നിന്നും സാങ്കേതികവിദ്യകളും കോച്ചുകളും വൻ നികുതിയോടെ ഇറക്കുമതി ചെയ്യാൻ നമ്മെ നിർബന്ധിതരാക്കുമെന്നും അത് രാജ്യത്ത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ഡോ. ഇ. ശ്രീധരൻ ചൂണ്ടിക്കാണിക്കുന്നു. പകരം കൊച്ചിൻ എയർപോർട്ട് (സിയാൽ) മാതൃകയിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ ഓഹരികൾ ചേർത്താണ് മുഖ്യമായ ഫണ്ട് കണ്ടെത്തുക. ആവശ്യമെങ്കിൽ ബാക്കി തുക സർക്കാർ ബോണ്ടുകൾ, ഇക്വിറ്റികൾ, ക്രൗഡ് ഫണ്ടിംഗ് എന്നിവയിലൂടെ ആഭ്യന്തരമായി സമാഹരിക്കും. നിർമ്മാണത്തിന് ശേഷം ഈ റെയിൽവേ ഭൂമി കെ.എസ്.ഇ.ബി ഹൈടെൻഷൻ ലൈനുകൾക്കും ഗെയിൽ പൈപ്പ്ലൈനുകൾക്കും പാട്ടത്തിന് നൽകി വലിയൊരു തുക വരുമാനമായി കണ്ടെത്താനും സാധിക്കും.

അഞ്ച് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന കേരള ഹൈസ്പീഡ് റെയിൽ പദ്ധതി, കേരളത്തിന്റെ പരിസ്ഥിതിക്ക് കോട്ടം വരാത്ത തരത്തിൽ തന്നെ വികസനം സാധ്യമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കുറഞ്ഞ ചെലവ്, ഉയർന്ന വേഗത, നൂറു ശതമാനം ഹരിത ഊർജ്ജം എന്നിവ സമന്വയിക്കുന്ന ഈ പദ്ധതി കേരളത്തെ വികസനത്തിന്റെ പുതിയൊരു യുഗത്തിലേക്ക് നയിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

കേരളത്തിലുടനീളം പ്രത്യേക അതിവേഗ റെയിൽ ഇടനാഴി നിർമ്മിക്കുന്നതിനുള്ള ആശയത്തിനും പഠനങ്ങൾക്കും രണ്ട് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. 2010 കാലഘട്ടത്തിൽ ഏറെ ശ്രദ്ധ നേടിയതും തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ പ്രസ്തുത ആശയം വിവിധ സാങ്കേതികവും സാമ്പത്തികവുമായ മാതൃകകളിലൂടെ പരിണമിക്കുകയും പിന്നീട് കെ-റയിൽ, സിൽവർ ലൈൻ പദ്ധതികളിലേക്ക് മാറുകയും ചെയ്തു. കേരളത്തിന് ഒരു അതിവേഗ റെയിൽപ്പാത അത്യന്താപേക്ഷിതമാണോ എന്നത് വലിയ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുള്ള ഒരു വിഷയമാണ്. സംസ്ഥാനത്തിന്റെ നിലവിലെ സാമൂഹിക, പരിസ്ഥിതി സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, രാജ്യം അഭിമാനത്തോടെ ആദരിക്കുന്ന മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ നിർദ്ദേശം കേരളത്തിൽ ഉടൻ യാഥാർഥ്യമാക്കണം എന്ന് വാദിക്കുന്നവരാണ് ബഹുഭൂരിപക്ഷവും.

ഗതാഗതക്കുരുക്കും റോഡ് അപകടങ്ങളും ഗണ്യമായി കുറയ്ക്കുന്നതോടൊപ്പം, യാത്രാസമയം വൻതോതിൽ കുറക്കുന്ന, സാമ്പത്തിക വികസനം, വ്യവസായ വളർച്ച, ഐടി മേഖലയുടെ പുരോഗതി, ടൂറിസം വർദ്ധന എന്നിവക്ക് ഏറെ ഉത്തേജനം നൽകുമെന്ന പ്രത്യേകതകൾ ഉയർത്തിക്കാട്ടുന്ന ഈ പരിസ്ഥിതി സൗഹൃദ യാത്രാ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിശ്വസിക്കുന്നവരാണ് പുതുതലമുറയും.

കേരളത്തിന്റെ ദീർഘകാല കണക്റ്റിവിറ്റിയും വികസനവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനുതകുന്ന ഹൈസ്പീഡ് റെയിൽ നിർദ്ദേശത്തെക്കുറിച്ച് ഇ. ശ്രീധരൻ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഇതിനകം കൂടിക്കാഴ്ച നടത്തി വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായി മാറാൻ സാധിക്കുന്ന ഈ അതിവേഗ റെയിൽ പ്രൊജക്റ്റ് നടപ്പാക്കാൻ ഇരു സർക്കാരുകളും ഉടൻ കൈകോർത്ത് പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കാം.