കൊച്ചി: തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽ പാതയ്ക്കായി പൊതുജനാഭിപ്രായം തേടുകയാണ് ഇ. ശ്രീധരൻ. പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ട് മാസങ്ങളായിട്ടും തുടർനടപടികളൊന്നുമില്ലാത്ത സാഹചര്യത്തിലാണിത്. ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന പദ്ധതിയാണ് അതിവേഗ റെയിലെന്ന് ഇ. ശ്രീധരൻ പറയുന്നു. വൈകുന്ന ഓരോ ദിവസവും 2.7 കോടി രൂപ എന്ന കണക്കിൽ പദ്ധതിച്ചെലവ് ഉയരും. പദ്ധതിയുമായി ബന്ധപ്പെട്ട് സർവേ നടത്തുന്നതിന് സർക്കാരിനോട് അനുമതി ആവശ്യപ്പെട്ടിട്ട്് എട്ടു മാസമായി. പലതവണ ഈ ആവശ്യം ഉന്നയിച്ചിട്ടും അതിലും ഇതുവരെ നടപടിയൊന്നുമില്ല- ശ്രീധരൻ ‘മാതൃഭൂമി’യോട് പറഞ്ഞു.

To advertise here,

പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയാണ്. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാർ അനുമതിക്ക് ശേഷം പദ്ധതിയെ സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ലാത്തതിനാൽ ഇനിയും കാത്തിരിക്കുന്നതിൽ കാര്യമില്ലെന്നാണ് കരുതുന്നത്. കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ യോഗങ്ങൾ കഴിഞ്ഞു. കൊച്ചി, തൃശ്ശൂർ, തിരുവല്ല എന്നിവിടങ്ങളിലാണ് ഇനി ആസൂത്രണം ചെയ്യുന്നത്. കൊച്ചിയിൽ 23-ന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

അനുമതിയില്ലെങ്കിൽ പിൻമാറും

സർക്കാരിൽ നിന്ന് അനുമതി വൈകിയാൽ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് ശ്രീധരൻ പറഞ്ഞു. സർക്കാരിന് ഒരുതരത്തിലും സാമ്പത്തിക ബാധ്യതയുണ്ടാക്കാത്ത പദ്ധതിയാണിത്. അതിനെക്കുറിച്ചെല്ലാം മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വിശദമായി പറഞ്ഞിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന വിഹിതം കഴിഞ്ഞുള്ള തുക ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ജനങ്ങൾക്ക് പദ്ധതിയിൽ ഓഹരിയെടുക്കാം. എന്നാൽ അവർക്ക് ഡിവിഡന്റൊന്നും ലഭിക്കില്ല. സർക്കാർ പദ്ധതിയിൽ ഇത്തരത്തിൽ ക്രൗഡ് ഫണ്ടിങ് ഉപയോഗപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും.

പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാനസർക്കാർ വിദഗ്ധസമിതിയെയല്ല, സാങ്കേതിക സമിതിയെയാണ് നിയമിക്കേണ്ടിയിരുന്നതെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഉന്നയിച്ച സംശയങ്ങൾക്കെല്ലാം മറുപടി നൽകിയിരുന്നു. നിലപാട് അറിയുന്നതിന് സർക്കാർ പ്രതിനിധികളുമായി പലതവണ ബന്ധപ്പെട്ടിരുന്നു. പദ്ധതി നടപ്പാക്കാമെന്നോ നടപ്പാക്കാനാകില്ലെന്നോ അവർ പറയുന്നില്ലെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.