ന്യൂഡൽഹി: രാഷ്ട്രീയവിമർശനം ഉന്നയിക്കുന്നത് വ്യക്തിത്വ അവകാശങ്ങളുടെ ലംഘനമാകില്ലെന്ന് ആം ആദ്മി പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേർന്ന രാജ്യസഭാംഗം രാഘവ് ഛദ്ദയോട് ഡൽഹി ഹൈക്കോടതി. ബി.ജെ.പി.യിലേക്ക് ചേക്കേറിയപ്പോൾ സാമൂഹികമാധ്യമങ്ങളിൽ നേരിട്ട വിമർശനം ചൂണ്ടിക്കാട്ടി തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഛദ്ദ കോടതിയെ സമീപിച്ചത്.

To advertise here,

പ്രഥമദൃഷ്ട്യാ വ്യക്തിത്വ അവകാശലംഘനം കാണുന്നില്ലെന്നും അതെല്ലാം രാഷ്ട്രീയവിമർശനങ്ങളാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. പ്രമുഖ വ്യക്തിത്വങ്ങളുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നതിൽനിന്ന് ഹൈക്കോടതി നേരത്തേ സംരക്ഷണം അനുവദിച്ചിരുന്നു. അത്തരം കേസുകളെപ്പോലെയല്ല ഈ വിഷയമെന്ന് കോടതി നിരീക്ഷിച്ചു.

ഛദ്ദ രാഷ്ട്രീയത്തിലെടുത്ത ചില തീരുമാനങ്ങൾക്കാണ് വിമർശനം. അതിൽ വ്യക്തിത്വ അവകാശങ്ങളുടെ ചോദ്യമുദിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പണത്തിനായി സ്വയം വിറ്റുവെന്ന് പറയുന്നുവെന്നും അതിനെ വിമർശനമായി കാണാനാകില്ലെന്നും ഛദ്ദയുടെ അഭിഭാഷകൻ വാദിച്ചു. അപകീർത്തിക്കും വിമർശനത്തിനുമിടയിലെ രേഖ നേർത്തതാണെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ആശ്വാസം വേണമെന്ന് ഛദ്ദ ആവർത്തിച്ച് അഭ്യർഥിച്ചതോടെ കോടതി ഉത്തരവ് പറയാൻ മാറ്റി.