ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിൽ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രയുടെ വിവരങ്ങൾ കൈമാറുന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് ഡൽഹി ഹൈക്കോടതി. വ്യോമസേനാ വിമാനത്തിൽ പ്രധാനമന്ത്രിമാർ നടത്തിയ വിദേശയാത്രയുടെ വിശദാംശങ്ങൾ കൈമാറാൻ കേന്ദ്ര വിവരാവകാശ കമ്മിഷൻ പുറപ്പെടുവിച്ച വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഈവിവരങ്ങൾ പരസ്യമാകുന്നത് ദേശീയ സുരക്ഷയെ മാത്രമല്ല, പ്രധാനമന്ത്രിയുടെ സുരക്ഷയെയും ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

To advertise here,

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്ക് പൊതു ഫണ്ടിൽനിന്നുള്ള പണം ഉപയോഗിച്ചു എന്ന കാരണത്താൽ സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ വിവരാവകാശ നിയമപ്രകാരം കൈമാറാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ സുരക്ഷ, ഒരു വ്യക്തിയുടെ സുരക്ഷ, തുടങ്ങിയവയെ ബാധിക്കുന്ന വിഷയങ്ങളിൽ വിവരാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം വിവരം കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അമിത് മഹാജൻ ആണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കിയത്. എയർ ഹെഡ്ക്വാട്ടെർസിലെ ഡയറക്ടറേറ്റ് ഓഫ് പേർസണൽ സർവ്വീസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ ഹർജിയിലാണ് വിധി. റിട്ടയേർഡ് കോമഡോർ ലോകേഷ് ബത്രയാണ് വ്യോമസേനാ വിമാനത്തിലെ പ്രധാനമന്ത്രിമാരുടെ വിദേശയാത്രാ വിവരങ്ങളുടെ വിശദാംശങ്ങൾ തേടി വിവാരാകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. 2013 ഏപ്രിൽ ഒന്നുമുതൽ അപേക്ഷ നൽകിയ 2018 വരെയുള്ള വിശദാംശങ്ങൾ തേടിയായിരുന്നു അപേക്ഷ. സ്പെഷ്യൽ ഫ്ലൈറ്റ് റിട്ടേൺസ് പാർട്ട്-1, പാർട്ട്-2 എന്നിവയുടെ വിശദാംശങ്ങൾ ആയിരുന്നു അപേക്ഷയിൽ ആരാഞ്ഞിരുന്നത്.

2013 ഏപ്രിൽ ഒന്നുമുതൽ 2014 മെയ് 25 വരെ പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിങ് വ്യോമസേനാ വിമാനത്തിൽ വിദേശയാത്ര നടത്തിയില്ലെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. എന്നാൽ, ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശയാത്രകളുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഫ്ലൈറ്റ് റിട്ടേൺസ് പാർട്ട്-1, പാർട്ട്-2 എന്നിവയുടെ വിശദാംശങ്ങൾ കൈമാറാനാകില്ലെന്ന് വ്യോമസേന വ്യക്തമാക്കി. രേഖകളുടെ രഹസ്യ സ്വഭാവം, ദേശീയ സുരക്ഷ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ വ്യോമസേന കൈമാറാത്തത്. ഇതിനെതിരെയാണ് കോമഡോർ ലോകേഷ് ബത്ര കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചത്.

പ്രധാനമന്ത്രിയെ അനുഗമിച്ച വ്യോമസേനാ ജീവനക്കാരുടെ വിവരങ്ങൾ മറച്ചുവെച്ചതിന് ശേഷം വിവരങ്ങൾ കൈമാറാനായിരുന്നു കേന്ദ്ര വിവരാവകാശ കമ്മിഷൻ ഉത്തരവ്. 2020-ൽ കേന്ദ്ര വിവരവാകാശ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ ഫ്ലൈറ്റ് റിട്ടേൺസ് രേഖകൾ കൈമാറാൻ നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് എയർ ഹെഡ്ക്വാട്ടെർസിലെ ഡയറക്ടറേറ്റ് ഓഫ് പേർസണൽ സർവ്വീസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.