ന്യൂഡൽഹി: ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ‘ഇന്ത്യ’സഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കാത്തവർക്കെതിരേ യൂത്ത് കോൺഗ്രസിൽ വ്യാപക അച്ചടക്കനടപടി.

To advertise here,

അമ്മാവന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്തതിനാൽ റാലിയിലെത്താൻ കഴിയാതിരുന്ന മധ്യപ്രദേശ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രോഹിത് രജോരിയയെ അടക്കം സ്ഥാനത്തുനിന്ന് നീക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽനിന്ന് വിട്ടുനിന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ഇരുനൂറോളം ഭാരവാഹികളെയാണ് യൂത്ത് കോൺഗ്രസ് സസ്പെൻഡ് ചെയ്തത്. ഏഴു സംസ്ഥാനങ്ങളിലെ നേതാക്കൾക്കെതിരേയാണ് നടപടിയെടുത്തിട്ടുള്ളത്.

അമ്മാവന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം ചടങ്ങിന്റെ ക്ഷണക്കത്തുസഹിതം നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചിരുന്നതായി രജോരിയ പറഞ്ഞു. വിശദീകരണംപോലും ചോദിക്കാതെ തന്നെ മാറ്റിയവിവരം സാമൂഹികമാധ്യമംവഴിയാണ് അറിഞ്ഞതെന്നും ഇത് കടുത്ത അനീതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

റാലിയിൽ നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാൻ പ്രത്യേക മൊബൈൽ ആപ്പും ലൊക്കേഷൻ ചെക്കിങ്ങും ഏർപ്പെടുത്തിയിരുന്നു. ഇതിൽ വീഴ്ച വരുത്തിയവർക്കെതിരേയാണ് നടപടി. മധ്യപ്രദേശിൽമാത്രം ഒൻപതു ജില്ലാ പ്രസിഡന്റുമാരും അഞ്ച് വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ 60 ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. ഗുജറാത്ത് (49), പശ്ചിമ ബംഗാൾ (26), തെലങ്കാന (14), ഉത്തർപ്രദേശ് (13), ഹിമാചൽ പ്രദേശ് (13), ഹരിയാണ (10) എന്നീ സംസ്ഥാനങ്ങളിലും നടപടിയുണ്ടായി.

നിർദേശം ലംഘിച്ച് വിട്ടുനിന്ന ഭാരവാഹികൾക്ക് കാരണംകാണിക്കൽ പരിശോധിച്ചുവരികയാണെന്നും വരുംദിവസങ്ങളിൽ നടപടി നേരിടുന്നവരുടെ എണ്ണം 500 വരെ ഉയർന്നേക്കാമെന്നും പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു.

സംഘടനയ്ക്കുള്ളിൽ കൃത്യമായ അച്ചടക്കവും ഉത്തരവാദിത്വവും ഉറപ്പുവരുത്താനാണ് കർശന നടപടി സ്വീകരിച്ചതെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് വ്യക്തമാക്കി.