ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ ഡൽഹിയിൽ ബോംബ് ഭീഷണി. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയടക്കം തലസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്നാണ് ഇമെയിൽ വഴിയുള്ള സന്ദേശം.

To advertise here,

ശനിയാഴ്ച ഉച്ചയ്ക്ക് 2.11-ന് ഡൽഹി ഹൈക്കോടതിയിൽ പൊട്ടിത്തെറിയുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്. ഖലിസ്താനികൾ എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ നടത്താനുദ്ദേശിക്കുന്ന ബോംബ് സ്ഫോടനത്തിന്റെ വിവരങ്ങളും ഇമെയിലിൽ പറയുന്നുണ്ടെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയെ ഖലിസ്ഥാൻ ആക്കുമെന്നും സന്ദേശത്തിൽ പറയുന്നു.

ഡൽഹി ഹൈക്കോടതി, ജാംനഗർ ഹൗസ്, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-3, ഝണ്ഡേവാലൻ ബിൽഡിങ്, സാകേത് ഡി.എം. ഓഫീസ്, ഡൽഹി കന്റോൺമെന്റ് എസ്.ഡി.എം. ഓഫീസ് എന്നിവിടങ്ങളിൽ സ്ഫോടനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഖലിസ്ഥാൻ വാദികൾ ഡൽഹിയിൽ എത്തിയതായും ഇമെയിലിൽ പറയുന്നുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.11-ഓടെ ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനമുണ്ടാകുമെന്നും തുടർന്ന് ഒരു മണിക്കൂറിനുശേഷം ജില്ലാ കോടതിയിലും സ്ഫോടനമുണ്ടാകുമെന്നുമാണ് സന്ദേശത്തിലുള്ളത്. ഡൽഹി കോടതിയിലെ കേസുമായി ബന്ധപ്പെട്ടാണ് സന്ദേശം എന്ന സൂചനയുമുണ്ട്. സിഖുകാർക്കെതിരായ കേസുകൾ മാത്രമാണ് ഡൽഹി ഹൈക്കോടതി കേൾക്കുന്നതെന്നും സന്ദേശത്തിൽ പറയുന്നു.

ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷങ്ങൾ പ്രമാണിച്ച് ഡൽഹിയിൽ ഇതിനകം  അതീവ ജാഗ്രത നിലനിൽക്കുന്നുണ്ട്. നിലവിൽ സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ ഡൽഹി പോലീസിന്റെ സൈബർ സെൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.