ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒൻപത് ശതമാനം വിദ്യാർഥികളിലും കഴിഞ്ഞ ഒരു വർഷത്തിനിടെ ജീവനൊടുക്കാനുള്ള ചിന്തകൾ ഉണ്ടായിട്ടുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച നാഷണൽ ടാസ്ക് ഫോഴ്സിന്റെ (എൻടിഎഫ്) പ്രാഥമിക സർവേ റിപ്പോർട്ട്. കൂടാതെ, സർവേയിൽ പങ്കെടുത്ത 15 ശതമാനം വിദ്യാർഥികൾ കഴിഞ്ഞ ആറുമാസത്തിനിടെ ദീർഘകാലമായുള്ള മാനസികവിഷമം, വിഷാദം, ഉത്കണ്ഠ എന്നിവയിലൂടെ കടന്നുപോയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2.43 ലക്ഷത്തിലധികം വിദ്യാർഥികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം തയാറാക്കിയിരിക്കുന്നത്. അക്കാദമിക് സമ്മർദം, ജാതി-ലിംഗ വിവേചനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, സാമ്പത്തിക ഭാരം, ശരീരവുമായി ബന്ധപ്പെട്ട കളിയാക്കലുകൾ, ഭിന്നശേഷി, വംശീയാധിക്ഷേപം തുടങ്ങി വിവിധ വിഷയങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി ടാസ്ക് ഫോഴ്സിന് പ്രത്യേക നിർദേശം നൽകിയിരുന്നു.
ക്യാമ്പസുകളിൽ തങ്ങൾ അന്യരാണെന്ന തോന്നൽ 34 ശതമാനം വിദ്യാർഥികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 67 ശതമാനം പേരും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽനിന്നുള്ളവരാണ്. ജാതീയമായ വിവേചനം, ലിംഗവിവേചനം, ലൈംഗികാതിക്രമങ്ങൾ, ഭാഷാപരമായ തടസ്സങ്ങൾ, അക്കാദമിക് രംഗത്തെ വിവേചനം എന്നിവ വിദ്യാർഥികളുടെ മാനസിക പ്രയാസങ്ങൾക്ക് കാരണമാകുന്നു.
സ്ഥാപനങ്ങളുടെ ഭരണസംവിധാനത്തിലും കൗൺസിലിങ് സൗകര്യങ്ങളിലുമുള്ള പോരായ്മകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തങ്ങളുടെ പ്രശ്നങ്ങളിൽ സ്ഥാപനം നീതിപൂർവമായി ഇടപെടും എന്ന് 56 ശതമാനം വിദ്യാർഥികൾ മാത്രമാണ് വിശ്വസിക്കുന്നത്. 32 ശതമാനം വിദ്യാർഥികളുടെ സ്ഥാപനങ്ങളിലും യാതൊരുവിധ കൗൺസിലിങ് സേവനങ്ങളും ലഭ്യമായിരുന്നില്ല.
സർവേയിൽ പങ്കെടുത്ത 70 ശതമാനത്തിലധികം സ്ഥാപനങ്ങളിലും മാനസികാരോഗ്യ വിദഗ്ധർ ഇല്ലെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച ടാസ്ക് ഫോഴ്സ് വിവിധ സംസ്ഥാനങ്ങളിലെ 19 സ്ഥാപനങ്ങളിലായി 30 യോഗങ്ങളും നടത്തിയിരുന്നു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി ഇതിനകം ചില നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 2026 ജനുവരിയിലെ ഉത്തരവ് പ്രകാരം, സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ മരണം സംഭവിച്ചാൽ അധികൃതരെ ഉടനടി അറിയിക്കുകയും റഗുലേറ്റർമാർക്ക് വാർഷിക റിപ്പോർട്ട് സമർപ്പിക്കുകയും വേണം. റെസിഡൻഷ്യൽ സ്ഥാപനങ്ങളിൽ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കാനും സംവരണ തസ്തികകൾ ഉൾപ്പെടെയുള്ള അധ്യാപക ഒഴിവുകൾ നികത്താനും കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, ഈ സർവേ സാമ്പിൾ മുഴുവൻ വിദ്യാർഥിസമൂഹത്തിന്റെയും സമ്പൂർണ പ്രതിനിധാനം അല്ലെന്നും, ഇവ പ്രാഥമിക നിരീക്ഷണങ്ങൾ മാത്രമാണെന്നും ടാസ്ക് ഫോഴ്സ് വ്യക്തമാക്കുന്നു. കൂടാതെ, 2026-ലെ വിദ്യാർഥി മരണങ്ങളുടെ കണക്കെടുപ്പല്ല ഇതെന്നും മാനസിക വിഷമങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക ക്യാമ്പസ് സാഹചര്യം കൊണ്ടുമാത്രം ഉണ്ടായതാണെന്ന് കരുതരുതെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുനൽകുന്നു. ടാസ്ക് ഫോഴ്സ് തയാറാക്കുന്ന അന്തിമ റിപ്പോർട്ട് 2026 ഒക്ടോബർ 31-നകം സുപ്രീം കോടതിയിൽ സമർപ്പിക്കും.
Content Highlights: Survey of over 2.43 lakh students highlights severe mental distress and lack of counseling facilities., Discrimination, academic pressure, and lack of institutional support identified as major causes., Supreme Court task force final report will be submitted by October 31, 2026.
Published: 29 Sept 2026, 07:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented