ന്യൂഡൽഹി: ദമാമിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണിയുള്ള കുറിപ്പ് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരു ക്രൂ അംഗത്തെയും യാത്രക്കാരനെയും ചോദ്യംചെയ്യുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അഹമ്മദാബാദ് എയർപോർട്ട് പോലീസിൽ പരാതി നൽകുകയും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

കുറിപ്പിലെ കയ്യക്ഷരവും വിമാനത്തിലുണ്ടായിരുന്ന എട്ട് ജീവനക്കാരിൽ ഒരാളുടെ കയ്യക്ഷരവും തമ്മിൽ സാമ്യമുള്ളതായി പരിശോധനയിൽ വ്യക്തമായി. ഇതോടെ ഏഴ് ജീവനക്കാർക്ക് അഹമ്മദാബാദിൽനിന്ന് മടങ്ങാൻ അനുമതി നൽകുകയും ഒരു ക്രൂ അംഗത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

യാത്രയ്ക്കിടയിൽ വിമാനത്തിലെ ശുചിമുറിയിൽ പലതവണ സന്ദർശിച്ചതായി പറയപ്പെടുന്ന ഒരു യാത്രക്കാരനെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നുണ്ട്. രണ്ട് വ്യക്തികളുടെയും നീക്കങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

ഓഗസ്റ്റ് 31-ന് ദമാം-ഡൽഹി സർവീസിനിടയിലാണ് സംഭവമുണ്ടായതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നിയമപാലകർക്ക് പരാതി നൽകിയെന്നും അവർ സ്ഥിരീകരിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.

ബോംബ് ഭീഷണി കണ്ടെത്തിയതിനെ തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. വിമാനത്തിന്റെ ശുചിമുറിയിൽ 'ബോംബ് റെഡ് 430 'എന്നെഴുതിയ കുറിപ്പ് ഒരു ക്രൂ അംഗമാണ് കണ്ടെത്തിയത്. 32 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും കയ്യക്ഷരമാതൃകകൾ ശേഖരിക്കുന്നതിനായി ഒരേതരം ടിഷ്യൂ പേപ്പറുകൾ നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ എയർലൈനിനോട് ആവശ്യപ്പെട്ടിരുന്നു. ഓരോ യാത്രക്കാരനും ആറ് ടിഷ്യൂകൾ വീതമാണ് ആവശ്യപ്പെട്ടത്. ക്രൂ അംഗങ്ങളെ മാറ്റിസ്ഥാപിച്ചശേഷം മറ്റൊരു വിമാനം ക്രമീകരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ്, തിങ്കളാഴ്ച അർധരാത്രിയോടെ 32 യാത്രക്കാരെയും ഡൽഹിയിലെത്തിച്ചു.