സ്വാതന്ത്ര്യദിനത്തിൽ ബിജെപി നേതാവ് ദേശീയ പതാകയ്ക്ക് പകരം പാർട്ടി പതാക ഉയർത്തി എന്ന ആരോപണത്തോടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ തൊഴിൽ പൊതുഗതാഗത വകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ അർജുൻ സിംഗ് സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം ബിജെപിയുടെ പതാക ഉയർത്തി എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. ഛത്തീസ്ഗഢിലെ ധംതരി ജില്ലയിലും ബിജെപി പ്രവർത്തകർ പാർട്ടി പതാക ഉയർത്തി എന്ന വാദത്തോടെ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേറ്റ്, ഉൾപ്പെടെ പലരും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ രണ്ട് വീഡിയോകളുടേയും സത്യാവസ്ഥ മറ്റൊന്നാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

To advertise here,

അന്വേഷണം

വീഡിയോ 1

വൈറലായ വീഡിയോയിൽനിന്ന് കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സെർച്ചിൽ നിന്നും ഇതേ വീഡിയോ ബിജെപി നേതാവ് അർജുൻ സിംഗിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 2026 ജൂലൈ 6-ന് പങ്കുവെച്ചതായി കണ്ടെത്തി. ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബാരക്ക്പൂരിൽ നടന്ന പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണത്. ഇതിൽ നിന്നും വീഡിയോയ്ക്ക് സ്വാതന്ത്ര്യദിനവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. വിശദമായ പരിശോധനയിൽ, തെറ്റായ പ്രചാരണം നടക്കുന്നതിനെതിരായ അർജുൻ സിംഗിന്‍റെ പോസ്റ്റും കണ്ടെത്തി. പഴയ വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്നാണ് ഓഗസ്റ്റ് 15-ലെ പോസ്റ്റിൽ അദ്ദേഹം പറഞ്ഞത്. കൂടാതെ, തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ആർജെഡി എന്നീ പാർട്ടികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

വീഡിയോ 2

ഛത്തീസ്ഗഢിലെ ബിജെപി എംഎൽഎയായ അജയ് ചന്ദ്രാക്കറുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നും ഈ വീഡിയോയുടെ യഥാർത്ഥ ഉറവിടം കണ്ടെത്തി. 2026 മാർച്ച് 22-ന് കുരുദിൽ സംഘടിപ്പിച്ച 'പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ട്രെയിനിങ് മെഗാ ക്യാമ്പെയ്ൻ-2026'-ന്റെ മണ്ഡലതല പരിശീലന ക്യാമ്പിൽ നിന്നുള്ളതാണ് ഈ വീഡിയോ. ഈ പരിപാടിയുടെ ഔദ്യോഗികമായ തുടക്കമെന്ന നിലയിലാണ് ബിജെപിയുടെ പാർട്ടി പതാക ഉയർത്തിയത്

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന രണ്ട് വീഡിയോകൾക്കും സ്വാതന്ത്ര്യദിനവുമായി ബന്ധമില്ല.