
ടെഹ്റാൻ: ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള യു.എസിന്റെ വാദങ്ങൾ തള്ളി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി.). യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പെരുംനുണയനാണെന്നും ഐ.ആർ.ജി.സി. വിശേഷിപ്പിച്ചു. ഇറാൻ ആണവായുധം നിർമിക്കാൻ ശ്രമിക്കുന്നില്ലെന്ന് ശത്രുവിനറിയാം. ഇറാന്റെ ആണവപദ്ധതിയല്ല യു.എസിന്റെ പ്രശ്നം. മറിച്ച് ഇറാന്റെ ശക്തിയും വ്യാപ്തിയുമാണ് അവർ ലക്ഷ്യമിടുന്നത്. അത് തകർക്കാനാണ് അവരുടെ ശ്രമമെന്നും ഐ.ആർ.ജി.സി. വക്താവ് ഹുസൈൻ മൊഹിബ്ബി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാന് ഒരിക്കലും ആണവായുധം നിർമിക്കാൻ കഴിയാത്ത സാഹചര്യം ഉറപ്പാക്കേണ്ടതുണ്ടെന്നത് രാജ്യത്തിനെതിരായ സൈനിക നടപടിക്ക് പിന്നിലെ കാരണങ്ങളിലൊന്നാണെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഹോർമുസ് വീണ്ടും തുറക്കാനുള്ള നീക്കത്തിൽ യു.എസിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ഇറാൻ കാത്തിരിക്കുന്നതിനിടെയാണ് ഈ പ്രസ്താവന.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം നഷ്ടപ്പെട്ടെന്ന യു.എസ്. വാദത്തെയും മൊഹിബ്ബി ചോദ്യംചെയ്തു. വൻ ചെലവും ബുദ്ധിമുട്ടുകളും അപകടസാധ്യതകളും സഹിച്ച് രാത്രിയുടെ മറവിൽ ഒരു ചെറിയ കപ്പലിനെ കടലിടുക്കിലൂടെ കടത്തിവിട്ട് നൂറോ ഇരുന്നൂറോ ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ യു.എസിന് കഴിഞ്ഞേക്കാം. അതുകൊണ്ടുമാത്രം ഹോർമുസ് കടലിടുക്ക് തുറന്നെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള ഊർജ, കപ്പൽ ഗതാഗത വിപണികളെ നിരീക്ഷിക്കുന്ന ഡേറ്റ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ (Kpler) പുറത്തുവിട്ട കണക്കുകൾപ്രകാരം ഹോർമുസ് കടലിടുക്കുവഴി പ്രതിദിനം ഏകദേശം ഒരുകോടി ബാരൽ എന്ന നിലയിലേക്ക് എണ്ണ കയറ്റുമതി എത്തുമെന്നാണ് കണക്കാക്കുന്നത്. യുദ്ധത്തിന് മുൻപുണ്ടായിരുന്ന അളവിന്റെ ഏകദേശം പകുതിയാണിത്.
മേഖലയിലെ യു.എസ്. സൈനിക താവളങ്ങൾ സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സൈനികതാവളങ്ങൾതന്നെയും അരക്ഷിതാവസ്ഥയിലായിപ്പോയി. ഈ താവളങ്ങൾക്ക് സുരക്ഷനൽകാൻ കഴിയില്ലെന്ന് മേഖലയിലെ സർക്കാരുകളും ജനങ്ങളും തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: IRGC spokesperson Hossein Mohebbi denies Iran is pursuing nuclear weapons and calls Donald Trump a big liar. IRGC claims US military bases in the region are a source of insecurity rather than stability.
Published: 29 Sept 2026, 07:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented