കൊൽക്കത്ത: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആർ.എസ്.എസ്. പോഷകസംഘടന യോഗം ചേർന്നതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒട്ടേറെ വിദ്യാർഥികൾക്ക് മർദനമേറ്റു. ഇവരെ രക്ഷിക്കാനെത്തിയ അധ്യാപകർക്കും അടി കിട്ടി. അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് എന്ന സംഘടനയാണ് കാമ്പസിലെ പ്രദർശനശാലയിൽ യോഗംചേർന്നത്. പ്രാക്ടിക്കൽ ക്ളാസുകൾ നടക്കേണ്ട സ്ഥലമാണെന്നും ഇവിടെ യോഗം അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്.

To advertise here,

പുറത്തുനിന്ന് സംഘംചേർന്നെത്തിയവർ മർദനം അഴിച്ചുവിടുകയായിരുന്നെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഇവർക്കെതിരേ നടപടിയെടുക്കാതെ പോലീസ് നോക്കിനിൽക്കുകയായിരുന്നെന്നും അവർ കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ മർദനത്തിൽ പരിക്കേറ്റതായി മറുപക്ഷവും ആരോപിച്ചു.

ഡോക്യുമെന്ററി മേള വേദിയിൽ സിനിമാ വിദ്യാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: കൊൽക്കത്ത സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്.ആർ.എഫ്.ടി.ഐ.) വിദ്യാർഥികൾക്ക് നേരേയുണ്ടായ ആക്രമണത്തിനെതിരേ ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രതിഷേധം. ഐ.ഡി.എസ്.എഫ്.എഫ്.കെ.യിൽ പങ്കെടുത്ത സത്യജിത് റായ്‌ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് പ്രതിഷേധിച്ചത്.

ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വ്യത്യാസമില്ലാതെ, കല്ല്, വടി, കത്തി തുടങ്ങി കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് എ.ബി.വി.പി. പ്രവർത്തകർ വിദ്യാർഥികളെ ക്രൂരമായി മർദിച്ചുവെന്ന് അവർ പറഞ്ഞു.

പോലീസ് കാമ്പസിലേക്കു വന്നതിനുശേഷവും ആർ.എസ്‌.എസ്‌., ബി.ജെ.പി. അനുഭാവികൾ കോളേജിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് അവർ പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്, കോളേജിൽ മോദിവത്‌കരണം നടപ്പാക്കരുത് എന്നെഴുതിയുള്ള ബാനറുകൾ ഉയർത്തിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.