ന്യൂഡൽഹി: നോയിഡയിൽ സിപിഎം നേതാക്കൾക്കൊപ്പം എത്തിയ സിഐടിയു അംഗങ്ങളെ കാണാനില്ലെന്ന് പരാതി. ഇവരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സിപിഎം നേതാക്കളുടെ ആരോപണം. ഇതേത്തുടർന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നോയിഡയിലെ ജില്ലാ കളക്ടറുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം.

To advertise here,

കഴിഞ്ഞദിവസങ്ങളിൽ അരങ്ങേറിയ തൊഴിലാളി സമരത്തിനിടെ പോലീസ് മർദനമേറ്റവരെ സന്ദർശിക്കാനായാണ് എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം പ്രതിനിധികൾ വെള്ളിയാഴ്ച രാവിലെ നോയിഡയിലെത്തിയത്. എം.പി.മാരായ എ.എ. റഹീം, വി. ശിവദാസൻ തുടങ്ങിയവരും സിപിഎം സംഘത്തിലുണ്ടായിരുന്നു. എന്നാൽ, സിപിഎം നേതാക്കളെ അതിർത്തിയിൽവെച്ച് തന്നെ യുപി പോലീസ് തടഞ്ഞു. തുടർന്ന് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും പോലീസ് അറിയിച്ചു. ഇതനുസരിച്ച് സിപിഎം സംഘത്തെ ജില്ലാ കളക്ടറുടെ വസതിയിലേക്ക് കൊണ്ടുപോയി. എന്നാൽ, സിപിഎം നേതാക്കൾക്ക് ജില്ലാ കളക്ടറെ കാണാനായില്ല. ഇതിനിടെയാണ് സിപിഎം സംഘത്തിലുണ്ടായിരുന്ന സിഐടിയു അംഗങ്ങളെ കാണാനില്ലെന്ന പരാതി ഉയർന്നത്. ഇവരെ യുപി പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. തുടർന്നാണ് എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധം ആരംഭിച്ചത്.