ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യത്തിനില്ലെന്ന് സിപിഎം. എന്നാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും യോജിക്കുന്ന വിഷയങ്ങളില്‍ ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുമായി സഹകരിക്കും. ബിജെപിയേയും ആര്‍എസ്എസ്നേയും, അവയ്ക്ക് പിന്തുണ നല്‍കുന്ന ഹിന്ദുത്വ കോര്‍പറേറ്റ് ശക്തികളേയും പരാജയപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യ കടമ എന്നും സിപിഎം വ്യക്തമാക്കി. ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന സിപിഎംന്റെ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് പാര്‍ട്ടിയുടെ രാഷ്ട്രീയലൈന്‍ വിശദീകരിച്ചിരിക്കുന്നത്. 

To advertise here,

ബിജെപിയുടെ അതേ വര്‍ഗതാത്പര്യങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നത്. ചങ്ങാത്ത മുതലാളിത്വത്തിനെതിരെ കോണ്‍ഗ്രസ് സംസാരിക്കും. എന്നാല്‍ മുതാളിത്വ ശക്തികള്‍ക്ക് സഹായകരമാകുന്ന നവലിബറല്‍ നയങ്ങളാണ് പിന്തുടരുന്നത് എന്നും കരട് രാഷ്ട്രീയപ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷനിരയിലെ ഏറ്റവും പ്രധാനപ്പെട്ട മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മറ്റ് മതേതര പാര്‍ട്ടികളുടെ വിശാല ഐക്യത്തിലും, ബിജെപിക്കെതിരായ പോരാട്ടത്തിലും കോണ്‍ഗ്രസിന് നിര്‍ണായകമായ പങ്കാണുള്ളത്. മതേതര പാര്‍ട്ടികളുടെ വിശാല ഐക്യം കണക്കിലെടുത്താകും കോണ്‍ഗ്രസിനോടുള്ള സിപിഎം സമീപനമെന്നും കരട് രാഷ്ട്രീയപ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ജനാധിപത്യ ധ്വംസനം തടയുന്നതിനും ഭരണഘടന അട്ടിമറിക്കുന്നത് ചെറുക്കുന്നതിനുമായി എല്ലാ മതേതര പാര്‍ട്ടികളുമായി കൈകോര്‍ക്കുമെന്നും സിപിഎം വ്യക്തമാക്കി. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കുമെന്നും സിപിഎം വ്യക്തമാക്കി. ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ മതേതര ജനാധിപത്യശക്തികളുടെ വിശാലമായ ഐക്യത്തിന് ശ്രമിക്കുമെന്നും കരട് രാഷ്ട്രീയപ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സിപിഎം കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്, വിവിധ പോളിറ്റ് ബ്യുറോ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയത്.