ഹൈദരാബാദ്: സ്വന്തം പാര്‍ട്ടിയിലെ ചിലര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുയര്‍ത്തി ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവും എംഎല്‍സിയുമായ കെ. കവിത. ബിആര്‍എസിനെ ബിജെപിയില്‍ ലയിപ്പിക്കാന്‍ നീക്കംനടക്കുന്നതായി അവര്‍ ആരോപിച്ചു. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് താന്‍ ജയിലില്‍ കഴിയുമ്പോഴായിരുന്നു ഈ ആലോചനകള്‍ക്ക് തല്‍പരകക്ഷികള്‍ തുടക്കമിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,

ബിആര്‍എസ് അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര്‍ റാവുവിനെയും തന്നെയും തമ്മില്‍ തെറ്റിക്കാന്‍ നീക്കം നടക്കുന്നതായും കവിത ആരോപിച്ചു. ആരുടെയും പേര് പറഞ്ഞില്ലെങ്കിലും ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും സഹോദരനുമായ കെ.ടി. രാമറാവുവിനെ ലക്ഷ്യമാക്കിയാണ് കവിതയുടെ ആരോപണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ബിആര്‍എസിനെ ബിജെപിയില്‍ ലയിപ്പിക്കാനൊരു ഗൂഢാലോചനയുണ്ട്. പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് ബിആര്‍എസ്, ബിജെപിയില്‍ ലയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ് എനിക്ക് തോന്നന്നത്. ഞാന്‍ ജയിലിലായിരിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ അത്തരമൊരു ചര്‍ച്ചയുണ്ടായി. അങ്ങനൊരു നിര്‍ദേശം എന്റെ മുന്നിലുമെത്തി. എന്നാല്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു. ജയിലില്‍ കഴിഞ്ഞോളാം പക്ഷേ, പാര്‍ട്ടി ലയിപ്പിക്കരുത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്, കവിത മാധ്യമങ്ങളോടു പ്രതികരിച്ചു.

കോണ്‍ഗ്രസുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തിയെന്നും സ്വന്തം പാര്‍ട്ടി രൂപവത്കരിക്കാനൊരുങ്ങുകയാണെന്നുമുള്ള വാര്‍ത്തകള്‍ കവിത തള്ളി. ഇത്തരം വാദങ്ങള്‍ പൂര്‍ണമായും തെറ്റാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസ്. താന്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാനില്ല. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിന്റെ കീഴിലാണ് താന്‍ എക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളത്. അങ്ങനെ തുടരും. പാര്‍ട്ടിക്കും പിതാവിനുമെതിരേ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണത്തെയും കവിത തള്ളിക്കളഞ്ഞു. താന്‍ ആരെയും പിന്നില്‍നിന്ന് കുത്താറില്ല. തല ഉയര്‍ത്തിനിന്നേ യുദ്ധം ചെയ്യാറുള്ളൂ, അവര്‍ കൂട്ടിച്ചേര്‍ത്തു.