തിരുവനന്തപുരം: സിപിഐയുടെ മുൻ എംപി ചെങ്ങറ സുരേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ഗുരുവായൂർ ദേവസ്വം അംഗമായിരിക്കെ സ്‌കൂളിൽ ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ പാർട്ടി നടപടി നേരിട്ട ചെങ്ങറ സുരേന്ദ്രൻ സിപിഐ നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ബിജെപിയുമായി പലവട്ടം ചർച്ചകൾ നടന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

To advertise here,

സിപിഐയുടെ മുതിർന്ന നേതാവായിരുന്നു ചെങ്ങറ സുരേന്ദ്രൻ. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സിപിഐയുടെ അറിയപ്പെടുന്ന നേതാവായിരുന്നു. രണ്ട് തവണ ലോക്‌സഭാ എംപിയായിരുന്നു. 1998ലും 2004ലും അടൂർ മണ്ഡലത്തിൽ കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ചങ്ങറ സുരേന്ദ്രൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ൽ മാവേലിക്കരയിൽ നിന്ന് മത്സരിച്ചെങ്കിലും കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു.

സിപിഐ എംഎൽഎമാരായിരുന്ന കെ അജിത്തും, സി.സി മുകുന്ദനും നേരത്തെ ബിജെപിയിലെത്തിയിരുന്നു. ഇതിൽ സി.സി മുകുന്ദനെ സിപിഎമ്മിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നതായും വിവരങ്ങൾ പുറത്തുവന്നിരുന്നു.

രണ്ട് മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക് പോയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പെ ചെങ്ങറ സുരേന്ദ്രനും പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കാറുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. 2025 മാർച്ചിൽ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് ചെങ്ങറെ സുരേന്ദ്രനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ നടപടി പിൻവലിക്കാൻ സിപിഐ തയ്യാറായിട്ടില്ല. ഗുരുവായൂർ ദേവസ്വം അംഗമായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന ആരോപണത്തിലായിരുന്നു നടപടി. സസ്‌പെൻഷൻ പിൻവലിക്കാതെ വന്നതോടെയാണ് ചെങ്ങറ സുരേന്ദ്രൻ ബിജെപിയുമായി അടുത്തത്. സമൂഹമാധ്യമങ്ങളിൽ ബിജെപി അനുഭാവികളും ചെങ്ങറ സുരേന്ദ്രനെ അനുകൂലിക്കുന്നവരും പാർട്ടി മാറ്റത്തിന്റെ സൂചന നൽകി പോസ്റ്റുകളിട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ചെങ്ങറ സുരേന്ദ്രൻ മനസ് തുറന്നിട്ടില്ല.