റൊസാരിയോ: ഇതിഹാസതാരം ലയണൽ മെസ്സി ദേശീയ ടീമിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. സൗഹൃദമത്സരത്തിൽ യുറഗ്വായ്യോടാണ് അർജന്റീന പരാജയം ഏറ്റുവാങ്ങിയത്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് തോൽവി.
മത്സരത്തിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചും പന്ത് കൈവശം വെച്ചും യുറഗ്വായ്ക്കെതിരേ മുന്നേറുന്ന അർജന്റീനയെയാണ് മൈതാനത്ത് കണ്ടത്. നിക്കോ പാസും ഹൂലിയൻ അൽവാരസും തിയാഗോ അൽമാഡയുമാണ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മധ്യനിരയിൽ അലക്സിസ് മക്കാലിസ്റ്ററും എൻസോ ഫെർണാണ്ടസും നിലയുറപ്പിച്ചു. ഡാർവിൻ ന്യൂനസും റോഡ്രിഗോ ബെന്റൻകറുമടക്കം യുറഗ്വായ് നിരയിലും കളിച്ചു. എന്നാൽ ആദ്യപകുതി ഇരുടീമുകൾക്കും ഗോളടിക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ ഇരുടീമുകളും ഉണർന്നുകളിച്ചു.
48-ാം മിനിറ്റിൽ യുറഗ്വായ് മുന്നിലെത്തി. അർജന്റൈൻ പ്രതിരോധതാരം ലിയനാർഡോ ബലേർഡിയുടെ സെൽഫ് ഗോളാണ് യുറഗ്വായ്യെ മുന്നിലെത്തിച്ചത്. ഇതുവിങ്ങിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് പ്രതിരോധിക്കുന്നതിനിടെയാണ് സെൽഫ് ഗോൾ പിറന്നത്. ബോക്സിനുള്ളിൽവെച്ച് പന്ത് തലകൊണ്ട് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അർജന്റൈൻ പ്രതിരോധതാരം. എന്നാൽ അത് ബലേർഡിയുടെ ദേഹത്ത് തട്ടി വലയിലേക്ക് പതിക്കുകയായിരുന്നു. ഒരു ഗോൾ ലീഡെടുത്തതിന് പിന്നാലെയും അർജന്റീന ഗോൾമുഖത്ത് യുറഗ്വായ് ഇരച്ചെത്തി.
അഞ്ച് മിനിറ്റുകൾക്ക് ശേഷം അർജന്റീന വീണ്ടും ഞെട്ടി. യുറഗ്വായ് മത്സരത്തിലെ രണ്ടാം ഗോളും കണ്ടെത്തി. മാക്സി അരാഹോയാണ് സ്കോറർ. കോർണറിൽ നിന്ന് ഹെഡർ ഗോളോടെയാണ് താരം പന്ത് വലയിലെത്തിച്ചത്. രണ്ട് ഗോളിന് പിന്നിലായതോടെ അർജന്റീന തിരിച്ചടിക്കാൻ നീക്കങ്ങൾ നടത്തി.
ഒടുക്കം 73-ാം മിനിറ്റിൽ അർജന്റീന ഒരു ഗോൾ മടക്കി. ഹൂലിയൻ അൽവാരസാണ് വലകുലുക്കിയത്. പിന്നീട് സമനില ഗോളിനായി അർജന്റീന കിണഞ്ഞു ശ്രമിച്ചെങ്കിലും യുറഗ്വായ് പ്രതിരോധം മറികടക്കാനായില്ല. മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളിലും അർജന്റീന ഏറെ മുന്നിട്ടുനിന്നെങ്കിലും രണ്ടാം ഗോൾ മാത്രം അകന്നുനിന്നു. അതോടെ തോൽവിയേറ്റുവാങ്ങി അർജന്റീന മടങ്ങി.
Content Highlights: Argentina lost 2-1 to Uruguay in their first match after Lionel Messi's international retirement
Published: 14 Nov 2026, 07:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented