ചടയമംഗലം: മദ്യലഹരിയിൽ പതിമ്മൂന്നുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റുചെയ്തു. നിലമേൽ സ്വദേശിയായ എട്ടാംക്ലാസുകാരനെയാണ് രണ്ടാനച്ഛനായ ഓയൂർ സ്വദേശി രാജേഷ്(44) മർദിച്ചത്. ഇയാൾ കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പ്രതിയെ ഉടൻ അറസ്റ്റുചെയ്യാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിക്കുകയായിരുന്നു.

To advertise here,

വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചെത്തിയ രാജേഷ് വീട്ടിലെ ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മർദിച്ചത്. കുട്ടിയുടെ ദേഹത്ത് കമ്പുകൊണ്ട് തുടരെ അടിച്ചു. പിന്നീട് കുട്ടിയെ ഓടിച്ചിട്ടുതല്ലി. കുട്ടിയുടെ അമ്മ ഈ ദൃശ്യങ്ങളുടെ വീഡിയോ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. ഹാളിനു പുറത്തുവെച്ച് കുട്ടിയെ തൂക്കിയെടുത്തും കുട്ടിയുടെ വസ്ത്രങ്ങൾ ഊരിയും ഇയാൾ മർദിച്ചു. ‘അടിക്കല്ലേ അച്ഛാ’ എന്ന് ഉറക്കെ കുട്ടി നിലവിളിച്ചിട്ടും തല്ലിച്ചതയ്ക്കുകയായിരുന്നു. ‘എനിക്കു പേടിയാകുന്നു’വെന്ന് കുട്ടി കരഞ്ഞുകൊണ്ടുപറയുന്നതും വീഡിയോയിൽ കാണാം.

മിക്കപ്പോഴും ഇയാൾ കുട്ടികളെ തല്ലുമായിരുന്നതുകൊണ്ടാണ് മർദനദൃശ്യങ്ങൾ അമ്മ വീഡിയോയിൽ പകർത്തിയത്. അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകി. മാധ്യമങ്ങൾ വഴി മർദനദൃശ്യങ്ങൾ കണ്ട മുഖ്യമന്ത്രി, പ്രതിയെ ഉടൻ അറസ്റ്റുചെയ്യണമെന്ന് കൊല്ലം റൂറൽ എസ്.പി.യോടു നിർദേശിച്ചു. തുടർന്നാണ്‌ വ്യാഴാഴ്ച ഉച്ചയോടെ വീടിനു സമീപത്തുനിന്ന് ഇയാളെ അറസ്റ്റുചെയ്തത്‌.

കടയ്ക്കൽ സി.ഐ. എസ്. ശരലാൽ, ചടയമംഗലം എസ്.ഐ.മാരായ ബാലാജി എസ്.കുറുപ്പ്, ഹരിചന്ദ്, അമീൻ, സി.പി.ഒ. നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തു.

കൗൺസലിങ്ങും സംരക്ഷണവും ഉറപ്പാക്കും -ബിന്ദുകൃഷ്ണ

രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മന്ത്രി ബിന്ദുകൃഷ്ണ നിർദേശനം നൽകി. മർദനത്തിനിരയായ കുട്ടിക്ക് അടിയന്തരമായി കൗൺസലിങ്ങും മാനസികപിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കൊല്ലം റൂറൽ എസ്.പി.ക്കും വനിതാ-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തെ എത്രയും വേഗം നേരിൽ സന്ദർശിച്ച് സാഹചര്യങ്ങൾ മനസ്സിലാക്കാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറോടും നിർദേശിച്ചു.