അമരാവതി: ഭരണമാറ്റമോ രാഷ്ട്രീയ പ്രതികാര നടപടികളോ കാരണം സംസ്ഥാനത്ത് എത്തുന്ന വ്യവസായ നിക്ഷേപങ്ങൾ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ രാജ്യത്ത് ആദ്യമായി ആന്ധ്രാപ്രദേശിൽ 'ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ആക്ട്'കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. വിശാഖപട്ടണത്ത് നടന്ന 31-ാമത് സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റിലാണ് അദ്ദേഹം ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ചന്ദ്രബാബു നായിഡു ഈ ബിൽ പ്രഖ്യാപിച്ചത്. സമാനമായ നിയമം ദേശീയ തലത്തിൽ കേന്ദ്രസർക്കാരും നടപ്പിലാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

To advertise here,

ഒരു സർക്കാർ നൽകിയ വാഗ്ദാനങ്ങളും അംഗീകരിച്ച പദ്ധതികളും അടുത്ത ഭരണകൂടം അധികാരത്തിൽ വരുമ്പോൾ ഏകപക്ഷീയമായി റദ്ദാക്കുന്നത് ഈ നിയമം വഴി തടയാനാവും. കമ്പനികൾക്ക് അനുവദിച്ച ഭൂമി, ഭൂമിയുടെയും ജലത്തിന്റെയും വില നിർണ്ണയം, സാമ്പത്തിക-സാമ്പത്തികേതര ഇളവുകൾ, അടിസ്ഥാന സൗകര്യ വാഗ്ദാനങ്ങൾ എന്നിവയ്ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതാണ് ഈ നിയമം.

2014-19 കാലഘട്ടത്തിൽ നായിഡു സർക്കാർ കൊണ്ടുവന്ന പല വൻകിട പദ്ധതികളും 2019-ൽ വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്തിരുന്നു. ഇതിന്റെ പരിണിതഫലമായി ഭോഗാപുരം വിമാനത്താവളം, രാമയപട്ടണം പോർട്ട്, കടപ്പ സ്റ്റീൽ പ്ലാന്റ്, അമരാവതി പ്രൊജക്റ്റുകൾ എന്നിവ തടസ്സപ്പെട്ടു. ലുലു ഗ്രൂപ്പിന് അനുവദിച്ച 2,300 കോടിയുടെ പദ്ധതിക്കുള്ള ഭൂമി തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

പുനരുപയോഗ ഊർജ്ജ കരാറുകൾ പുനഃപരിശോധിച്ചത് വിദേശ നിക്ഷേപകർക്കിടയിൽ പ്രത്യേകിച്ച് ജാപ്പനീസ് കമ്പനികൾക്കിടയിൽ വൻ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഇത്തരം രാഷ്ട്രീയ അസ്ഥിരത നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുന്നത് തടയാനാണ് ആന്ധ്രാപ്രദേശ് സർക്കാർ ഇപ്പോൾ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നത്. ബിൽ ഉടൻ തന്നെ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കും.