ഛണ്ഡിഗഢ്: 2027-ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി പാർട്ടി വിട്ടെത്തിയ നേതാക്കളെ കളത്തിലിറക്കി ബിജെപി. പ്രകടന പത്രികാ സമിതിയിലും എഎപി സർക്കാരിനെതിരായ കുറ്റപത്ര സമിതിയിലും എ.എ.പിയിൽ നിന്ന് രാജിവെച്ച് എത്തിയ രാജ്യസഭാ എം.പിമാർക്ക് പ്രധാന ചുമതലകൾ നൽകി. എ.എ.പി വിട്ട് ബി.ജെ.പിയിൽ ചേർന്ന രാഘവ് ഛദ്ദയെ പഞ്ചാബ് ബി.ജെ.പിയുടെ പ്രകടന പത്രികാ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം എ.എ.പി വിട്ട മറ്റ് അഞ്ച് രാജ്യസഭാ എം.പിമാർക്കും രണ്ട് സംസ്ഥാനതല സമിതികളിലായി പ്രധാന സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്.
അവിനാഷ് റായ് ഖന്ന അധ്യക്ഷനായ 13 അംഗ പ്രകടന പത്രികാ സമിതിയിലാണ് രാഘവ് ഛദ്ദ ഇടംപിടിച്ചിരിക്കുന്നത്. രാഘവ് ഛദ്ദയ്ക്ക് പുറമെ, വ്യാവസായിക പ്രമുഖൻ രാജീന്ദർ ഗുപ്ത, മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് എന്നിവരും സമിതിയിൽ ഇടംപിടിച്ചിട്ടുണ്ട്. മൻപ്രീത് സിങ് ബാദൽ, അശ്വനി ശർമ്മ, മനോരഞ്ജൻ കാലിയ, സോം പ്രകാശ്, റാണാ ഗുർമീത് സിങ് സോധി, അശ്വനി ശേഖ്രി, സത്നാം സിങ് സന്ധു, പരംപാൽ കൗർ, എച്ച്.എസ്. ഫൂൽക്ക എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. 2027 തുടക്കത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നയരേഖ തയ്യാറാക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.
പഞ്ചാബിലെ എ.എ.പി സർക്കാരിനെതിരെയുള്ള ആരോപണങ്ങളും വീഴ്ചകളും ക്രോഡീകരിക്കുന്നതിനായി രൂപീകരിച്ച കുറ്റപത്ര സമിതിയുടെ അധ്യക്ഷനായി മുൻ സംസ്ഥാന അധ്യക്ഷൻ സുനിൽ ജാക്കറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എ.എ.പി വിട്ടെത്തിയ സന്ദീപ് പാഥക്, അശോക് മിത്തൽ, വിക്രംജീത് സിങ് സാഹ്നി എന്നിവരടക്കമാണ് ഈ സമിതിയിൽ പ്രവർത്തിക്കുന്നത്. രാഘവ് ഛദ്ദയും സന്ദീപ് പാഥക്, അശോക് മിത്തൽ എന്നിവർ കഴിഞ്ഞ ഏപ്രിലിലാണ് ബി.ജെ.പിയിൽ ചേർന്നത്.
കോൺഗ്രസിൽ നിന്നും ശിരോമണി അകാലിദളിൽ (എസ്.എ.ഡി) നിന്നും ബി.ജെ.പിയിൽ എത്തിയ പ്രമുഖ നേതാക്കൾക്കും ഈ സമിതികളിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. മുൻ കോൺഗ്രസ് അധ്യക്ഷൻ സുനിൽ കുമാർ ജാക്കർ, മുൻ ധനമന്ത്രി മൻപ്രീത് സിങ് ബാദൽ, മുൻ കേന്ദ്രമന്ത്രിമാരായ രവ്നീത് സിങ് ബിട്ടു, പ്രണീത് കൗർ, മുൻ മന്ത്രി റാണാ ഗുർമീത് സിങ് സോധി, സുശീൽ റിങ്കു എന്നിവർ സമിതിയിൽ ഉൾപ്പെടുന്നു.
Published: 16 Nov 2026, 07:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented