ഡിസംബര്‍ ആദ്യവാരം മുതല്‍ രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും

ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി സമിതി രൂപവത്കരിച്ച് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് സീറ്റ് വിഭജന ചർച്ചകളിൽ പങ്കെടുക്കുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സമാജ്‌വാദി പാർട്ടിയുമായി (എസ്.പി) ചൊവ്വാഴ്ച നടക്കുന്ന സീറ്റ് വിഭജന ചർച്ചയിൽ സമിതി അംഗങ്ങൾ പങ്കെടുത്ത് കോൺഗ്രസിന്റെ നിലപാട് അറിയിക്കും.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിന്റെ സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഉത്തർപ്രദേശിന്റെ ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, യു.പി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ ആരാധന മിശ്ര, വർക്കിങ് പ്രസിഡന്റ് ഇമ്രാൻ മസൂദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സമാജ്‍വാദി പാർട്ടിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ മാന്യവും പരസ്പര ബഹുമാനത്തോടെയുള്ളതുമായിരിക്കണമെന്ന് യോഗത്തിൽ രാഹുൽ ഗാന്ധി നിർദേശിച്ചതായി ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമാജ്‍വാദി പാർട്ടി കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണം. ചർച്ചകളിൽ കോൺഗ്രസിന്റെ താത്പര്യങ്ങൾക്ക് മുൻഗണന നൽകണം. മാന്യമായ സീറ്റ് വിഭജനത്തിനായി ചർച്ചകൾ നടത്തുന്നതിന് നേതാക്കൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. അത്യാവശ്യമെങ്കിൽ മാത്രമേ താൻ ഇടപെടുകയുള്ളൂവെന്നും രാഹുൽ ഗാന്ധി യോഗത്തിൽ നേതാക്കളോട് പറഞ്ഞതായാണ് റിപ്പോർട്ട്.
സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്. കോൺഗ്രസിന് 200 സീറ്റുകളിൽ മത്സരിക്കാൻ അവകാശമുണ്ടെന്ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം നേരത്തേ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിന് 50 മുതൽ 60 വരെ സീറ്റുകൾ നൽകിയാൽ മതിയെന്ന നിലപാടിലാണ് സമാജ്‍വാദി പാർട്ടി. കോൺഗ്രസ് 181 സീറ്റുകളിൽ അവകാശവാദം ഉന്നയിക്കുന്നതായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ശനിയാഴ്ച പറഞ്ഞതും വലിയ ചർച്ചയായി.
സീറ്റ് വിഭജനത്തിൽ തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കാൻ കൂടുതൽ വീടുകളിൽ കോൺഗ്രസ് പതാക ഉയർത്തി ജനങ്ങൾക്കിടയിലെ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് സമ്മർദം ചെലുത്താനാണ് പാർട്ടിയുടെ നീക്കം. മൂന്ന് പതിറ്റാണ്ടിലേറെയായി ഉത്തർപ്രദേശിൽ അധികാരത്തിന് പുറത്തുള്ള കോൺഗ്രസിന് ഈ നീക്കം രാഷ്ട്രീയമായി പ്രധാനമാണ്. സീറ്റ് വിഭജന ചർച്ചകളുടെ അന്തിമതീരുമാനം ഈ മാസം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും സംഘടനാ പ്രവർത്തനങ്ങൾക്കും കോൺഗ്രസ് തയ്യാറെടുക്കുകയാണ്. ഡിസംബർ ആദ്യവാരം മുതൽ സംസ്ഥാനത്ത് ശക്തമായ പ്രചാരണം ആരംഭിക്കുമെന്ന് രാജേന്ദ്ര പാൽ ഗൗതം അറിയിച്ചു. താഴെത്തട്ടുവരെയുള്ള പാർട്ടി സംഘടനാ സംവിധാനം ഇതിനായി തയ്യാറായിക്കഴിഞ്ഞു. വിവിധ തലങ്ങളിലുള്ള ഭാരവാഹികളെ പ്രചാരണത്തിൽ എങ്ങനെ പങ്കെടുപ്പിക്കണമെന്ന കാര്യവും തിങ്കളാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഡിസംബർ ആദ്യവാരം മുതൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് സംസ്ഥാന കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് വീരേന്ദ്ര ചൗധരി അറിയിച്ചു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണവും പാർട്ടി സംഘടനാ പ്രവർത്തനങ്ങളുമാണ് ഡൽഹിയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഹിന്ദുത്വ അജണ്ടയുമായാണ് മുന്നോട്ടുപോകുന്നതെന്നും കോൺഗ്രസ് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ചാണ് പോരാടുന്നതെന്നും വീരേന്ദ്ര ചൗധരി വ്യക്തമാക്കി.
Content Highlights: Congress formed a 5-member panel led by Priyanka Gandhi for UP assembly election seat-sharing talks with Samajwadi Party, while Rahul Gandhi emphasized that SP remains their key alliance partner.
Published: 16 Nov 2026, 07:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented