ന്യൂഡല്‍ഹി: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍നടപടിയെരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ദ്വീപ് കോണ്‍ഗ്രസ് വിട്ടുകൊടുത്തുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.

To advertise here,

തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ. അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തില്‍ 'ടൈംസ് ഓഫ് ഇന്ത്യ' പുറത്തുവിട്ട റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും കണ്ണ് തുറപ്പിക്കുന്നതുമാണ്. എത്ര നിസ്സാരമായാണ് കോണ്‍ഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തത്. കോണ്‍ഗ്രസിനെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്ന് ഇന്ത്യക്കാരുടെ മനസ്സില്‍ വീണ്ടും ഉറപ്പിക്കുന്നതാണ് ഇത്, നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കും ഐക്യത്തിനും എതിരാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ മാന്നാര്‍ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. 1974-ല്‍ ഇന്ത്യ ഇത് ശ്രീലങ്കയ്ക്കു കൈമാറുകയായിരുന്നു.

തമിഴ്നാട്ടിലെ മീന്‍പിടിത്തക്കാര്‍ക്കുനേരെ ശ്രീലങ്കന്‍സേന നടത്തുന്ന അതിക്രമങ്ങള്‍ തടയുന്നതിന് കച്ചത്തീവ് ഇന്ത്യ തിരിച്ചുപിടിക്കുകതന്നെ ചെയ്യണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇത്തരം അതിക്രമങ്ങള്‍ അവസാനിപ്പിക്കുമെന്ന് 2014-ല്‍ മോദിയും വാഗ്ദാനംചെയ്തിരുന്നു.