ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രധാനമന്ത്രി പദവിയോടുള്ള ആഗ്രഹം തന്നിൽ ഞെട്ടലുണ്ടാക്കിയെന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലെ പരാമർശങ്ങൾക്ക് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി. സോണിയാ ഗാന്ധിയുടെ 'ബിലോംഗിങ്: എ ജേർണി ഓഫ് ലൗ' എന്ന ഓർമക്കുറിപ്പിലാണ് സോണിയ ഇക്കാര്യം പരാമർശിച്ചത്.

To advertise here,

2010-ൽ നടന്ന ഒരു സംഭാഷണത്തിനിടെ കോൺഗ്രസ് നേതാവും രാഷ്ട്രപതിയും ആയിരുന്ന പ്രണബ് മുഖർജി പാർട്ടി അധ്യക്ഷയായിരുന്ന തന്നോട് പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിൻ്റെ 'ദീർഘകാല ആഗ്രഹം' സൂചിപ്പിച്ചിരുന്നുവെന്നും, 'ഉന്നത തലത്തിൽ ഒരു മാറ്റത്തിന് സമയമായി' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നുമായിരുന്നു സോണിയ ഓർമക്കുറിപ്പിൽ പറഞ്ഞത്.

ഇതിന് മറുപടിയായി, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ, ഭരണപരിചയവും കഠിനാധ്വാനവും ബുദ്ധിയുമുള്ള ഒരാൾക്ക് പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടാകുന്നതിൽ ഞെട്ടേണ്ട കാര്യം എന്താണെന്നും അത് ഒരു കുറ്റമാണോ എന്നും ശർമ്മിഷ്ഠ മുഖർജി ചോദിച്ചു. ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ ഇത്തരമൊരു ആഗ്രഹം വെച്ചുപുലർത്തുന്നതും അത് തുറന്നുപറഞ്ഞതും കൊണ്ടാണോ സോണിയാ ഗാന്ധിക്ക് ഞെട്ടലുണ്ടായതെന്നും അവർ ചോദിച്ചു.

കുടുംബപരമായ അവകാശങ്ങളിലൂടെ താലത്തിൽ വെച്ചുനീട്ടിയ പദവികളല്ല, മറിച്ച് സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയുമാണ് തന്റെ പിതാവ് ഉയർന്നുവന്നതെന്നും അവർ കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയോടോ മറ്റാരോടെങ്കിലുമോ തന്റെ പിതാവിന് വിരോധമൊന്നും ഉണ്ടായിരുന്നില്ലെന്നും രാഷ്ട്രീയത്തിലെ അരക്ഷിതാവസ്ഥയും അതിനുപിന്നിലെ കാരണങ്ങളും മനസ്സിലാക്കാൻ ശേഷിയുള്ള പ്രായോഗിക നേതാവായിരുന്നു അദ്ദേഹമെന്നും ശർമ്മിഷ്ഠ വ്യക്തമാക്കി.

പ്രധാനമന്ത്രി പദത്തെച്ചൊല്ലി പ്രണബ് മുഖർജിക്ക് തന്നോട് യാതൊരു വിരോധവും ഉണ്ടായിരുന്നില്ലെന്ന് സോണിയാ ഗാന്ധി പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.