
ന്യൂഡല്‍ഹി: കച്ചത്തീവ് വിഷയത്തില്‍ നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. പാര്‍ട്ടി ദേശീയഅധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് മോദിക്ക് മറുപടിയുമായി രംഗത്തെത്തിയത്. സാമൂഹിക മാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ദീര്‍ഘമായ പ്രതികരണം.
'ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇത്തരം വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന മോദി തന്റെ നിരാശ പ്രകടമാക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ദുര്‍ഭരണത്തിനൊടുവില്‍ താങ്കള്‍ പെട്ടെന്നുണര്‍ന്നെഴുന്നേറ്റ് ഇന്ത്യയുടെ അഖണ്ഡതയെ കുറിച്ചും രാജ്യസുരക്ഷയെ കുറിച്ചും പറയുകയാണ്. ഒരുപക്ഷേ തിരഞ്ഞെടുപ്പായിരിക്കാം അതിനുകാരണം', ഖാര്‍ഗെ പറഞ്ഞു.
'അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കരാര്‍ ഭൂമിയുടെ പുനഃക്രമീകരണം മാത്രമല്ല, ഹൃദയങ്ങളുടെ കൂടിച്ചേരല്‍ കൂടിയാണ് എന്നാണ് 2015-ല്‍ താങ്കള്‍ (നരേന്ദ്ര മോദി) പറഞ്ഞത്. 1974-ല്‍ ഇന്ദിര ഗാന്ധി തുടങ്ങിവെച്ച കാര്യത്തെ അഭിനന്ദിച്ചുകൊണ്ടാണ് താങ്കളിത് പറഞ്ഞത്. താങ്കളുടെ സര്‍ക്കാര്‍ സൗഹാര്‍ദപരമായ കരാര്‍ പ്രകാരം ഇന്ത്യയുടെ 111 ഭൂപ്രദേശങ്ങള്‍ ബംഗ്ലാദേശിന് വിട്ടുനല്‍കുകയും അവരുടെ 55 പ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാക്കുകയും ചെയ്തിരുന്നു. 1974-ല്‍ ശ്രീലങ്കയുമായി ഉണ്ടാക്കിയ സമാനമായ ഒരു സൗഹൃദ കരാര്‍ പ്രകാരമാണ് കച്ചത്തീവ് ഇന്ത്യ വിട്ടുനല്‍കിയത്', ഖാര്‍ഗെ തുടര്‍ന്നു.
'തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിന്‍റെ തലേന്നാള്‍ വന്ന് താങ്കള്‍ തന്ത്രപ്രധാനമായ വിഷയം ഉന്നയിക്കുകയാണ്. എന്നാല്‍ താങ്കളുടെ സര്‍ക്കാരിന്റെ സ്വന്തം അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി 2014-ല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് ഇങ്ങനെയാണ്: '1974-ലെ കരാറിലൂടെയാണ് കച്ചത്തീവ് ശ്രീലങ്കയ്ക്ക് സ്വന്തമായത്. ഇനി അത് എങ്ങനെ തിരിച്ചെടുക്കാനാകും? ഇനി കച്ചത്തീവ് തിരിച്ചുകിട്ടണമെങ്കില്‍ യുദ്ധം ചെയ്യേണ്ടിവരും'. പ്രിയ പ്രധാനമന്ത്രീ, ഈ പ്രശ്‌നം പരിഹരിക്കാനും കച്ചത്തീവ് തിരിച്ചുപിടിക്കാനും താങ്കളുടെ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോയെന്ന് താങ്കള്‍ പറയണം.' -ഖാര്‍ഗെ പറഞ്ഞു.
'ഗാന്ധിജി, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി - നമ്മുടെ പ്രിയപ്പെട്ട നേതാക്കള്‍ എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തവരാണ്. 600 നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് ഇന്ത്യയുടെ ഭാഗമാക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായ കാര്യമാണ് താങ്കള്‍ ചെയ്തത്. ഗാല്‍വന്‍ താഴ്‌വരയില്‍ 20 ധീരജവാന്മാര്‍ ജീവത്യാഗം ചെയ്തതിന് പിന്നാലെ താങ്കള്‍ ചൈനയ്ക്ക് 'ക്ലീന്‍ ചിറ്റ്' നല്‍കി', മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
Related News: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്രമോദി
'നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് തുടങ്ങിയ ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളെ താങ്കള്‍ എതിര്‍പക്ഷത്താക്കി. ചരിത്രത്തിലാദ്യമായി പാകിസ്താന്‍ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത് താങ്കളുടെ വിദേശനയത്തിന്റെ പരാജയമാണ്. രാജ്യത്തിന്റെ ഐക്യത്തിനായി രക്തം ചിന്താത്ത ഒരു കോണ്‍ഗ്രസുകാരനോ കോണ്‍ഗ്രസുകാരിയോ ഇല്ലാത്ത ഒരു ഗ്രാമം പോലും ഇന്ത്യയില്‍ ഇല്ല. ഇന്ദിര ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും കീഴിലുള്ള കോണ്‍ഗ്രസാണ് അക്രമകാരികളായ വിഘടനവാദ ശക്തികളോട് പോരാടി വിജയിച്ചതും ജീവന്‍ ത്യജിച്ചതും പഞ്ചാബ്, ആസാം, മിസോറാം, തമിഴ്‌നാട്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ തന്നെ നിലനിര്‍ത്തി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചതും സിക്കിമിനേയും ഗോവയേയും ഇന്ത്യയുടെ ഭാഗമാക്കിയതുമെല്ലാം.
കടുത്ത പ്രതിബന്ധങ്ങള്‍ക്കിടയിലും ടിബറ്റിന്റെ പരമാധികാരം എന്ന വിഷയം സജീവമാക്കി നിര്‍ത്തിയത് കോണ്‍ഗ്രസാണ്. അതില്ലാതാക്കിയത് താങ്കളുടെ പാര്‍ട്ടിയിലെ ഒരു മുന്‍പ്രധാനമന്ത്രിയാണ്. കോണ്‍ഗ്രസിന്റെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്നത് അവസാനിപ്പിച്ച് ഇന്ത്യയെ ഒട്ടാകെ കഷ്ടപ്പെടുത്തുന്ന താങ്കളുടെ ദുഷ്പ്രവൃത്തികളെ കുറിച്ച് ചിന്തിക്കൂ', ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Remember what you told Supreme Court in 2014'; Congress hits back Modi on Katchatheevu controversy
Published: 31 Mar 2024, 09:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented