
: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് രാഷ്ട്രീയത്തെ കച്ചത്തീവെന്ന കൊച്ചുദ്വീപിനുചുറ്റും തളച്ചിടാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി.യും. തമിഴ്‌നാട് തീരത്തിനടുത്തുള്ള ഈ ദ്വീപിന്റെ അവകാശം അരനൂറ്റാണ്ടുമുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശ്രീലങ്കയ്ക്കു വിട്ടുകൊടുത്തുവെന്നാണ് പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും ആരോപണം. തമിഴ്‌നാടിന്റെ താത്പര്യം സംരക്ഷിക്കാൻ അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഡി.എം.കെ. ഒന്നുംചെയ്തില്ലെന്നുകൂടി പറഞ്ഞു മോദി. രണ്ടുപക്ഷികളെ-കോൺഗ്രസിനെയും ഡി.എം.കെ.യെയും-ഒരേസമയം ഉന്നംവെച്ചുള്ള വെടിയുണ്ടയാണ് ബി.ജെ.പി.ക്ക് കച്ചത്തീവ്. ബി.ജെ.പി.യെ പച്ചതൊടീക്കാത്ത തമിഴ്‌മണ്ണിൽ പിടിച്ചുകയറാനുള്ള കച്ചിത്തുരുമ്പ്.
ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള പാക് കടലിടുക്കിൽ കിടക്കുന്ന 285 ഏക്കർ മാത്രമുള്ള ഒരു തുരുത്താണ് കച്ചത്തീവ്. കേരള സർവകലാശാലയുടെ കാര്യവട്ടം കാംപസ് 359 ഏക്കറുണ്ട്. 17-ാം നൂറ്റാണ്ടുമുതൽ തമിഴ്‌നാട്ടിലെ പഴയ രാമനാട് രാജാവിന്റെ വസ്തുവായിരുന്നു ഇത്. അതിനുമുമ്പുള്ള രേഖകളിൽ ഈ തുരുത്ത് ശ്രീലങ്കയുടേതെന്നാണ്. ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ശ്രീലങ്കയും (അന്ന് സിലോൺ) പിടിച്ചെടുത്തതോടെ രണ്ടിടത്തും ബ്രിട്ടീഷ് ഭരണമായി. കച്ചത്തീവ് ബ്രിട്ടീഷ് സിലോണിന്റേതാണെന്ന് 1921-ൽ തീരുമാനമായി. 1972-ൽ സിലോൺ സ്വാതന്ത്ര്യം നേടി ശ്രീലങ്കയായി. സമുദ്രാതിർത്തി മാറ്റിവരയ്ക്കാൻ ഇരുരാജ്യവും തീരുമാനിച്ചു. അതിന്റെ ഫലമായാണ് 1974-ലെ ഉടമ്പടിയുണ്ടായത്. അതുവരെ കച്ചത്തീവ് തർക്കഭൂമിയേ ആയിരുന്നില്ല.
1974 ജൂലായിൽ കച്ചത്തീവ് ഉടമ്പടി പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയ്ക്കുവന്നു. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ., ജനസംഘം, സ്വതന്ത്ര പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ എതിർത്തു. പക്ഷേ, ശ്രീലങ്കയെ കൂടെനിർത്തേണ്ടത് ഇന്ത്യയുടെ സുരക്ഷയ്ക്കാവശ്യമാണെന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായികെയുമായി ഇന്ദിരാഗാന്ധി കരാറൊപ്പിട്ടു.
ആ കരാർപ്രകാരം രണ്ടുരാജ്യത്തെയും മീൻപിടിത്തക്കാർക്ക് കച്ചത്തീവ് മീൻപിടിത്തത്തിന് ഉപയോഗിക്കാമായിരുന്നു. എന്നാൽ, 1976-ൽ ഇതിന് അനുബന്ധ ഉടമ്പടിയുണ്ടായി. ആ ഉടമ്പടി ഇന്ത്യയുടെയും ശ്രീലങ്കയുടെയും തീരത്തുനിന്ന് നിശ്ചിതദൂരംവരെ മീൻപിടിത്തത്തിന് വിലക്കേർപ്പെടുത്തി. ഈ ഉടമ്പടിയാണ് ഇന്ത്യൻ മീൻപിടിത്തക്കാർ ഇടയ്ക്കിടെ ശ്രീലങ്കയിൽ അറസ്റ്റിലാകുന്നതിനു കാരണമായി എസ്. ജയ്ശങ്കർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, മീൻപിടിത്തക്കാർ അറസ്റ്റിലാകുന്ന സംഭവങ്ങൾക്ക് കച്ചത്തീവുമായി നേരിട്ടു ബന്ധമിെല്ലന്നാണ് 2017 മാർച്ച് 15-ന് അന്നത്തെ വിദേശകാര്യ സഹമന്ത്രി ജനറൽ (റിട്ട.) വി.കെ. സിങ് പാർലമെന്റിൽ നൽകിയ ഉത്തരം.
കേസും കോടതിയും
: 1991-ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് കച്ചത്തീവ് പ്രശ്‌നം പുനരുജ്ജീവിപ്പിച്ചത്. കച്ചത്തീവ് വീണ്ടെടുക്കണമെന്ന് അക്കൊല്ലത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അവർ ആവശ്യപ്പെട്ടു. തമിഴ്‌നാട് നിയമസഭയിൽ ചർച്ചകളുണ്ടായി. ജയലളിതയും കരുണാനിധിയും സുപ്രീംകോടതിയിൽ പോയി.ഇന്ത്യയുടെ ഭൂപ്രദേശമൊന്നും ശ്രീലങ്കയ്ക്കു നൽകിയിട്ടില്ലാത്തതിനാൽ വീണ്ടെടുക്കലെന്ന പ്രശ്നം ഉയരുന്നില്ലെന്ന് യു.പി.എ. സർക്കാർ 2013-ൽ സുപ്രീംകോടതിയിൽ പറഞ്ഞു. 2015-ൽ ഒന്നാം മോദി സർക്കാരിന്റെ കാലത്തും സമാന മറുപടിയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റേത്.
ഇത്രയുംകാലം എവിടെയായിരുന്നു
: 10 വർഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പി. സർക്കാർ കച്ചത്തീവ് പ്രശ്നം പരിഹരിക്കാൻ എന്തുകൊണ്ടു ശ്രമിച്ചില്ലെന്ന മറുചോദ്യമാണ് എതിർകക്ഷികൾക്ക്. കച്ചത്തീവ് വിട്ടുകൊടുത്തെന്നു പറയുന്ന ഇന്ദിരയുടെ കാലത്താണ് സിക്കിം ഇന്ത്യൻ സംസ്ഥാനമായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈന കവർന്നെടുക്കുന്ന ഇന്ത്യൻ പ്രദേശത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ മൗനത്തെയും പ്രതിപക്ഷം ചോദ്യംചെയ്യുന്നു.
2020-ൽ ഗാൽവനിൽ ആരംഭിച്ച ഇന്ത്യ-ചൈന സംഘർഷം ഇനിയും പൂർണമായി അയഞ്ഞിട്ടില്ല. ലഡാക്കിൽ ചൈന കടന്നുകയറിയ പ്രദേശം ഇപ്പോഴും അവരുടെ പക്കലാണെന്നാണ് മാധ്യമറിപ്പോർട്ടുകൾ. അരുണാചൽപ്രദേശിലും ലഡാക്കിലും അഞ്ചുവർഷത്തിലേറെയായി ചൈന ഗ്രാമങ്ങളുണ്ടാക്കുന്നെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
സർക്കാർ മാറുന്നതനുസരിച്ചു മാറുന്ന കാര്യങ്ങളല്ല പരമാധികാരവും ഭൗമപരമായ അഖണ്ഡതയുമെന്ന് ‘ദ ഹിന്ദു’വിൽ ശ്രീലങ്കയിലെ മുൻ ഇന്ത്യൻ സ്ഥാനപതി അശോക് കാന്ത പറയുന്നു. പഴയ കരാറുകൾ സർക്കാർ പുനഃപരിശോധിക്കാൻ തുടങ്ങിയാൽ, അത് ദുർമാതൃക സൃഷ്ടിക്കുമെന്നും പറയുന്നു അദ്ദേഹം.
ഇന്ത്യയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചെയ്യുന്നതിനു സമമാകും അത്. മുൻ സർക്കാരും ഇന്ത്യയും തമ്മിലൊപ്പിട്ട കരാറുകൾ പുനഃപരിശോധിക്കുമെന്നാണ് ചൈനാ പക്ഷപാതിയായ മുയിസുവിന്റെ പ്രഖ്യാപനം. സമുദ്ര സർവേ കരാർ റദ്ദാക്കുന്നുവെന്ന തീരുമാനം വന്നുകഴിഞ്ഞു. കച്ചത്തീവ് കരാറിന്റെ കാര്യത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഇപ്പോൾ പറയുംപോലെ മുന്നോട്ടുപോകുകയാണെങ്കിൽ ഇന്ത്യയുടെ കാര്യത്തിലും ഇതുതന്നെയാകും സംഭവിക്കുക.
Content Highlights: katchatheevu controversy in tamilnadu
Published: 03 Apr 2024, 12:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented