ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക് കടലിടുക്കില്‍ സ്ഥതിചെയ്യുന്ന 285 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ജനവാസമില്ലാത്ത ഒരു ചെറിയദ്വീപ്. കച്ചത്തീവ്, തമിഴ് ഭാഷയില്‍ 'തരിശു ദ്വീപ്' എന്ന് അര്‍ത്ഥം. കരാറുണ്ടെങ്കിലും ദീര്‍ഘകാലമായി അയല്‍ക്കാര്‍ക്കിടയിലെ തര്‍ക്കവിഷയമാണ് ഈ ചെറുദ്വീപ്. തമിഴ്‌നാട്ടില്‍ കാലാകാലങ്ങളായി വലിയ ഒച്ചപ്പാടാണ് ദ്വീപിനെച്ചൊല്ലി ഉണ്ടാകുന്നത്. നിസാരമായി കോണ്‍ഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തെന്ന പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ പ്രസ്താവനയോടെ ഒരു ഇടവേളയ്ക്ക് ശേഷം കച്ചത്തീവ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണെന്നും 75 വര്‍ഷം ഇന്ത്യയുടെ താത്പര്യങ്ങളും ഐക്യവും കോണ്‍ഗ്രസ് തകര്‍ക്കുകയായിരുവെന്നുമാണ് പ്രധാനമന്ത്രി ആരോപിച്ചത്. രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തുന്നത്. 

To advertise here,

1974-ലെ ഉഭയകക്ഷി കരാര്‍ പ്രകാരമാണ് കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചത്. കച്ചത്തീവ് ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ 2013-ല്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. കച്ചത്തീവ് തര്‍ക്കപ്രദേശമായിരുന്നുവെന്നും ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇത് ശ്രീലങ്കയുടേതാണെന്ന വാദം ഇന്ത്യ അംഗീകരിക്കുകയായിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പറഞ്ഞത്. അല്ലാതെ ഇന്ത്യയുടെ ഒരു പ്രദേശവും ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടേതല്ലാത്ത ഒരു പ്രദേശം തിരിച്ചെടുക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ ഈ വാദങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ചരിത്രപരമായി കച്ചത്തീവ് തമിഴ്‌നാടിന്റെ ഭാഗമാണെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ വാദിക്കുന്നത്. എന്താണ് കച്ചത്തീവിന്റെ പ്രസ്‌ക്തി? എങ്ങനെയാണ് കച്ചത്തീവ് ശ്രീലങ്കയുടെ അധീനതയിലായത് ? ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് തമിഴ് രാഷ്ട്രീയത്തില്‍ എങ്ങനെയാണ് കച്ചത്തീവ് സ്വീധീനം ചെലുത്തുന്നത് ?  

placeholder
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ കച്ചത്തീവിന്റെ സ്ഥാനം

285 ഏക്കര്‍ വിസ്തൃതി, ജനവാസമില്ലാത്ത കച്ചത്തീവ്

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. 285 ഏക്കര്‍ വിസ്തൃതിയുള്ള ജനവാസമില്ലാത്ത ഈ ദ്വീപ് 14-ാം നൂറ്റാണ്ടിലെ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപംകൊണ്ടതാണെന്നാണ് കരുതപ്പെടുന്നത്. 1.6 കിലോമീറ്ററാണ് ഇതിന്റെ നീളം. ഏറ്റവും കൂടിയ വീതി 300 മീറ്ററില്‍ കൂടുതലും. ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെ രാമേശ്വരത്തിന് വടക്ക് കിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ ജാഫ്നയില്‍ നിന്ന് ഏകദേശം 62 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായും ശ്രീലങ്കയുടെ ജനവാസമുള്ള ഡെല്‍ഫ് ദ്വീപില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുമാണ് ഇത്.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിര്‍മിച്ച സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയമാണ് ദ്വീപിലെ ഒരേയൊരു നിര്‍മിതി. വര്‍ഷംതോറും പെരുന്നാൾ ദിവസം ഇവിടെ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എത്താറുണ്ട്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്താറമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 2,500 ഇന്ത്യക്കാര്‍ രാമേശ്വരത്ത് നിന്ന് കച്ചത്തീവിലേക്ക് യാത്ര തീര്‍ത്ഥാടനം നടത്തിയിരുന്നു. ദ്വീപില്‍ കുടിവെള്ള സ്രോതസ്സില്ലാത്തതിനാല്‍ സ്ഥിരതാമസത്തിന് കച്ചത്തീവ് അനുയോജ്യമല്ല.

ആദ്യകാലത്ത് ശ്രീലങ്കയിലെ ജാഫ്‌ന സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു ഇതെന്നാണ് കരുതുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ രാമനാഥപുരം കേന്ദ്രീകരിച്ചുള്ള രാമനാട് രാജ്യത്തിന് നിയന്ത്രണം കൈമാറി. ബ്രിട്ടീഷ് ഭരണകാലത്ത് ഇത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി. എന്നാല്‍ 1921-ല്‍ മത്സ്യബന്ധനത്തിന്റെ അതിരുകള്‍ നിര്‍ണയിക്കുന്നതിനിടെ അന്നത്തെ ബ്രിട്ടീഷ് കോളനികളായിരുന്ന ഇന്ത്യയും ശ്രീലങ്കയും കച്ചത്തീവില്‍ അവകാശവാദമുന്നയിച്ചു. സര്‍വേ പ്രകാരം ഇതിനെ ശ്രീലങ്കയുടെ ഭാഗമാക്കിയെങ്കിലും ദ്വീപിന്റെ ഉടമസ്ഥാവകാശം രാംനാട് രാജ്യത്തിനാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നുള്ള ഒരു ബ്രിട്ടീഷ് പ്രതിനിധി ഇതിനെ എതിര്‍ത്തു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് ശേഷവും ഈ ഈ തര്‍ക്കം പരിഹരിച്ചിട്ടില്ല. മത്സ്യബന്ധന അവകാശത്തെച്ചൊല്ലി ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ തര്‍ക്കം തുടര്‍ന്നു. എന്നാല്‍ പിന്നീട് മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശത്തിന് പകരമായി ദ്വീപിന്റെ മേലുള്ള അവകാശവാദം ഇന്ത്യ ഉപേക്ഷിച്ചതോടെയാണ് തര്‍ക്കത്തിന് പരിഹാരമാകുന്നത്. 

ജനവാസമില്ലാത്ത ദ്വീപില്‍ അന്തോണീസ് പുണ്യാളന്റെ തിരുനാള്‍ ദിനങ്ങളില്‍ മാത്രമാണ് ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നുമെത്തുന്ന വിശ്വാസികള്‍ സംയുക്തമായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. പക്ഷേ, കച്ചത്തീവ് ദ്വീപിലെ അന്തോണീസ് പുണ്യാളന്റെ തിരുനാള്‍ ആഘോഷത്തിന് ഇത്തവണ ഇന്ത്യയില്‍നിന്നുള്ള തീർത്ഥാടകര്‍ എത്തിയിരുന്നില്ല. ശ്രീലങ്കന്‍ സേനയുടെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് രാമനാഥപുരത്തെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് തീർത്ഥാടനം മുടങ്ങിയത്. ഫെബ്രുവരി 23, 24 തീയതികളില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് തമിഴ്നാട്ടില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമായി 3500-ഓളം പേര്‍ രജിസ്റ്റര്‍ചെയ്തിരുന്നു. രാമേശ്വരത്തെ സെയ്ന്റ് ജോസഫ്സ് പള്ളി അധികാരികളാണ് തീർത്ഥാടനത്തിനുവേണ്ട സജ്ജീകരണങ്ങള്‍ നടത്തിയത്. പക്ഷേ, ബോട്ടുടമകളുടെ സമരം കാരണം തീർത്ഥാടനം ഉപേക്ഷിക്കുന്നതായി പള്ളി വികാരി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയില്‍നിന്നുള്ള മീന്‍പിടിത്തക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്യുന്ന സംഭവങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് മീന്‍പിടിത്തക്കാരും ബോട്ടുടമകളും സമരം പ്രഖ്യാപിച്ചത്. 

placeholder
കച്ചത്തീവിലെ സെൻ്റ് ആൻ്റണീസ് പള്ളി | Photo: Mathrubhumi Archives

ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാര്‍

1974-ല്‍ ഇന്ദിരാഗാന്ധി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള സമുദ്രാതിര്‍ത്തി പരിഹരിക്കാന്‍ ശ്രമിച്ചു. രാമേശ്വരം തീരത്തുനിന്ന് 11 നോട്ടിക്കല്‍മൈല്‍ മാത്രം അകലെയുള്ള കച്ചത്തീവ് വരെയാണ് പ്രധാനമായും ഇന്ത്യന്‍ മത്സ്യബന്ധന യാനങ്ങള്‍ചെന്ന് മീന്‍ പിടിക്കുന്നത്. 'ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാര്‍' എന്നറിയപ്പെടുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തു. ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിലേയും മത്സ്യത്തൊഴിലാളികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും കച്ചത്തീവില്‍ വന്നുപോകാന്‍ പാസ്‌പോര്‍ട്ടോ വിസയോ മറ്റ് രേഖകളോ വേണ്ടതില്ലെന്ന് കരാറില്‍ തുടക്കത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവരുന്നയിടങ്ങളില്‍വന്ന് മീന്‍പിടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്ന നിബന്ധനയും ഇതിന് പുറമേ ഉണ്ടായിരുന്നു. രാജ്യഭരണകാലത്തെ ചരിത്രപരമായ അവകാശത്തിന്റെ പിന്‍ബലത്തിലാണ് തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഇവിടെ ബോട്ടടുപ്പിക്കാനും വലയുണക്കാനും വിശ്രമിക്കാനുമുള്ള സൗകര്യത്തിന് കളമൊരുങ്ങിയത്. 

പക്ഷേ, പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. 1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പാര്‍ലമെന്റ് ഇല്ലാതെയായി. 1976 ജനുവരിയില്‍ ഇന്ത്യയുടേയും ശ്രീലങ്കയുടേയും വിദേശകാര്യ സെക്രട്ടറിമാരാണ് കച്ചത്തീവ് സംബന്ധിച്ച ഉടമ്പടിയിലെത്തിയത്. അതോടെ ആദ്യത്തെ പല വ്യവസ്ഥകളും ഇല്ലാതെയായി. അന്തിമ കരാറിന്റെ സമയത്ത് മുന്‍ ഉടമ്പടിയിലുണ്ടായിരുന്ന പരമ്പരാഗത മത്സ്യബന്ധനത്തെക്കുറിച്ച് അതില്‍ പരാമര്‍ശമുണ്ടായില്ല. കച്ചത്തീവിന്റെ പടിഞ്ഞാറന്‍ തീരത്തിന് 1.6 കിലോമീറ്റര്‍ അകലെയായി ഇന്ത്യയുടേയും ശ്രീലങ്കയുടേയും സമുദ്രാതിര്‍ത്തി നിശ്ചയിക്കപ്പെട്ടു. നിഷ്പക്ഷമേഖലയില്‍ വരേണ്ടിയിരുന്ന ദ്വീപ് ഇതോടെ ലങ്കയുടെ അധീനതയിലായി. മത്സ്യബന്ധന അവകാശത്തിന്റെ പ്രശ്‌നം കരാറിലൂടെ പരിഹരിക്കപ്പെട്ടില്ല. കച്ചത്തീവിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശം 'വിശ്രമിക്കുന്നതിനും വല ഉണക്കുന്നതിനും വിസയില്ലാതെ കത്തോലിക്കാ ദേവാലയം സന്ദര്‍ശിക്കുന്നതിനും' മാത്രമായി പരിമിതപ്പെടുത്തിയതായി ശ്രീലങ്ക വ്യാഖ്യാനിച്ചു. കടലിലെ അതിര്‍ത്തി നിര്‍ണയിച്ചപ്പോള്‍ കച്ചത്തീവിനേയും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികളേയും ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് ആരോപണം.  

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഈ പ്രശ്‌നം കീറാമുട്ടിയായി കിടന്നെങ്കിലും 1983-നും 2009-നും ഇടയില്‍ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരുതിനാല്‍ ഇതിന് വലിയ ശ്രദ്ധ ലഭിച്ചില്ല. ശ്രീലങ്കന്‍ നാവികസേന ജാഫ്‌ന കേന്ദ്രീകരിച്ച് എല്‍.ടി.ടി.ഇയുടെ വിതരണ ശൃംഖലകള്‍ തകര്‍ക്കുന്ന ദൗത്യത്തിലായിരുന്നതിനാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ മേഖലകളിലേക്ക് കടക്കുന്നത് സാധാരണമായിരുന്നു. 2009-ല്‍ എല്‍.ടി.ടി.ഇ.യുമായുള്ള യുദ്ധം അവസാനിച്ചതോടെ കാര്യങ്ങള്‍ മാറി. ശ്രീലങ്ക സമുദ്രപ്രതിരോധം ശക്തമാക്കുകയും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭാഗത്ത് സമുദ്രവിഭവങ്ങളുടെ ശോഷണം നേരിടുന്ന ഘട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ മുമ്പ് ചെയ്തുവന്നിരുന്നത് പോലെ ശ്രീലങ്കന്‍ കടലിലേക്ക്  പ്രവേശിക്കും. പക്ഷേ ഇത് ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന പതിവായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റുചെയ്യാന്‍ ആരംഭിച്ചു. കസ്റ്റഡി പീഡനവും മരണവും സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നു. 

placeholder
ഇന്ദിര ഗാന്ധി | Photo: Mathrubhumi Archives

തമിഴ്‌നാട്ടില്‍ എന്നും 'കത്തുന്ന' വിഷയം

തമിഴ്‌നാട് സംസ്ഥാന നിയമസഭയുമായി കൂടിയാലോചന നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നാണ് ആരോപണം. ആ സമയത്ത് തന്നെ, ദ്വീപിന് മേലുള്ള രാംനാട് രാജ്യത്തിന്റെ ചരിത്രപരമായ നിയന്ത്രണവും ഇന്ത്യന്‍ തമിഴ് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശവും ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് മാറിമാറിവന്ന തമിഴ്‌നാട് സര്‍ക്കാരുകള്‍ ദ്വീപ് തിരിച്ചു പിടിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1991-ല്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് തമിഴ്നാട് നിയമസഭ വീണ്ടും കച്ചത്തീവ് വീണ്ടെടുക്കാനും തമിഴ് മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. അതിനുശേഷം തമിഴ് രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമാണ് കച്ചത്തീവ് വിഷയത്തിന് ലഭിക്കുന്നത്. 2008-ല്‍ അന്ന് എ.ഐ.എ.ഡി.എം.കെ. അധ്യക്ഷയായിരുന്ന ജയലളിത, ഭരണഘടനാ ഭേദഗതിയില്ലാതെ മറ്റൊരു രാജ്യത്തിന് കച്ചത്തീവ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കി. 1974-ലെ കരാര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങളെയും ഉപജീവനത്തെയും ബാധിച്ചുവെന്ന് ഹര്‍ജിയില്‍ വാദിച്ചു. 2011-ല്‍ മുഖ്യമന്ത്രിയായ ശേഷം, അവര്‍ സംസ്ഥാന നിയമസഭയില്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചു.

2012-ല്‍ ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ തന്റെ ഹര്‍ജി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ വിഷയത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. ദ്വീപ് തിരിച്ചെടുക്കാന്‍ നയതന്ത്രശ്രമങ്ങള്‍ തുടങ്ങണമെന്ന് കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് സ്റ്റാലിന്‍ നിര്‍ദേശിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് തടസ്സമില്ലാതെ മീന്‍പിടിക്കുന്നതിന് സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ കച്ചത്തീവ് ഇന്ത്യയുടെ ഭാഗമാകേണ്ടതുണ്ടെന്നാണ് സ്റ്റാലിന്റെ കത്തില്‍ ചൂണ്ടിക്കാണിച്ചത്. പക്ഷേ, കച്ചത്തീവിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ വലിയ മാറ്റമുണ്ടായിരുന്നില്ല. ബി.ജെ.പി തമിഴ്നാട് ഘടകവും ഈ ആവശ്യം ഉന്നയിച്ചിരുന്നു. '1974 ലെ കരാറിലൂടെയാണ് കച്ചത്തീവ് ശ്രീലങ്കയിലേക്ക് പോയത്. അത് എങ്ങനെ തിരിച്ചെടുക്കാന്‍ കഴിയും? കച്ചത്തീവ് തിരിച്ചുപിടിക്കാന്‍ യുദ്ധം ചെയ്യേണ്ടിവരും എന്നാണ് അന്നത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി 2014-ല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. 

placeholder
നരേന്ദ്രമോദി | Photo: ANI

തിരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ പ്രസ്താവന

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയതോടെയാണ് വിഷയം വീണ്ടും ചൂട് പിടിക്കുന്നത്. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണെന്നും 75 വര്‍ഷം ഇന്ത്യയുടെ താത്പര്യങ്ങളും ഐക്യവും കോണ്‍ഗ്രസ് തകര്‍ക്കുകയായിരുന്നെന്നു എന്നുമാണ് മോദി ആരോപിച്ചത്. തമിഴ്നാട് ബി.ജെ.പി. അധ്യക്ഷനും ലോക്സഭാ സ്ഥാനാര്‍ഥിയുമായ കെ. അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കച്ചത്തീവിന്റെ കാര്യത്തില്‍ തമിഴ്‌നാട്ടില്‍ വലിയ രാഷ്ട്രീയകോലാഹലങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി കച്ചത്തീവിന്റെ കാര്യം ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരേ ഡി.എം.കെ.യും കോണ്‍ഗ്രസും രംഗത്ത് എത്തി. 

കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തപ്പോള്‍ ഡി.എം.കെ. ശക്തമായി എതിര്‍ത്തിരുന്നുവെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നെന്നും ഡി.എം.കെ. സംഘടനാ സെക്രട്ടറി ആര്‍.എസ്. ഭാരതി ചൂണ്ടിക്കാണിച്ചു. ചരിത്രം പഠിക്കാതെ പ്രധാനമന്ത്രി പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രിക്ക് ഭരണനേട്ടങ്ങള്‍ ഒന്നുമില്ലെന്നും അതിനാല്‍ കച്ചത്തീവ് വിഷയത്തില്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ആര്‍.എസ്. ഭാരതി കുറ്റപ്പെടുത്തി. അധികാരത്തിലിരുന്ന കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഈ വിഷയം എന്തുകൊണ്ട് ഉന്നയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ പ്രതികരണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. ഇന്ത്യയും ബംഗ്ലാദേശും ഒപ്പിട്ട അതിര്‍ത്തി നിര്‍ണയ കരാറിന്റെ മാതൃകയില്‍ തികച്ചും സൗഹൃദപരമായ രീതിയിലാണ് ഇന്ത്യ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനല്‍കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പിട്ടത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി മനഃപൂര്‍വം വിഷയം ഉയര്‍ത്തിക്കൊണ്ടു വരുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം ആരോപിച്ചു. ചൈന ഇന്ത്യയുടെ സ്ഥലം കൈയേറിയതിനെക്കുറിച്ച് പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകം പ്രസിഡന്റ് സെല്‍വ പെരുന്തുഗെ ചോദിച്ചത്.