ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക് കടലിടുക്കില്‍ സ്ഥതിചെയ്യുന്ന ജനവാസമില്ലാത്ത ഒരു ചെറിയ ദ്വീപ് വീണ്ടും വാർത്തകളിൽ നിറയുന്നു. ഇന്ത്യന്‍ തീരത്തു നിന്ന് 33 കിലോമീറ്റര്‍ അകലെ രാമേശ്വരത്തിന് വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന കച്ചത്തീവ്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന് ശ്രീലങ്കയിൽ നിന്ന് കച്ചത്തീവ് ദ്വീപ് തിരിച്ചു പിടിക്കണമെന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി തലവനും നടനുമായ വിജയുടെ ആവശ്യമാണ് ഒരു ഇടവേളയ്ക്ക് ശേഷം കച്ചത്തീവിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.  ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ഇത്  ശ്രീലങ്കയുടെ ഭാഗമാണെന്നും ലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു. ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയാണ് ഇത്തരം പ്രസ്താവനകളെന്നാണ് ലങ്കൻ വിദേശകാര്യ മന്ത്രി പറഞ്ഞത്.

To advertise here,

1974-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം കച്ചത്തീവിനെ ശ്രീലങ്കയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചതാണ്. എങ്കിലും ദീര്‍ഘകാലമായി അയല്‍ക്കാര്‍ക്കിടയിലെ തര്‍ക്കവിഷയമാണ് ഈ ചെറുദ്വീപ്. മാത്രമല്ല, തമിഴ്നാട് രാഷ്ട്രീയത്തിൽ ഏറെക്കാലമായി പൊള്ളുന്ന വിഷയവും. തമിഴ്‌നാട്ടില്‍ കാലാകാലങ്ങളായി വലിയ ഒച്ചപ്പാടാണ് ദ്വീപിനെച്ചൊല്ലി ഉണ്ടാകുന്നത്. അതു മനസിലാക്കിയാണ് നേരത്തെ പ്രധാനമനന്ത്രി നരേന്ദ്ര മോ​ദി ദ്വീപിനെ പരാമർശിച്ചത്. നിസാരമായി കോണ്‍ഗ്രസ് കച്ചത്തീവിനെ വിട്ടുകൊടുത്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വലിയ ഒച്ചപ്പാടാണ് കഴിഞ്ഞ ലോക്സഭാ തിരിഞ്ഞെടുപ്പ് വേളയിൽ ഉണ്ടാക്കിയത്. ഇപ്പോൾ വിജയുടെ പ്രസ്താവനയോടെയാണ് ​ദ്വീപ് വീണ്ടും തമിഴ് രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. 

ജനവാസമില്ലാത്ത ചെറുദ്വീപ് 

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക് കടലിടുക്കിലെ 285 ഏക്കര്‍ വിസ്തൃതിയുള്ള ജനവാസമില്ലാത്ത ചെറുദ്വീപാണ് കച്ചത്തീവ്. പതിനാലാം നൂറ്റാണ്ടിലെ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് രൂപംകൊണ്ടതാണെന്നാണ് കരുതപ്പെടുന്ന ഇതിന് 1.6 കിലോമീറ്ററാണ്  നീളം. ഏറ്റവും കൂടിയ വീതി 300 മീറ്ററില്‍ കൂടുതലും. ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെ രാമേശ്വരത്തിന് വടക്കുകിഴക്കായാണ്  കച്ചത്തീവ് സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ ജാഫ്നയില്‍ നിന്ന് ഏകദേശം 62 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായും ശ്രീലങ്കയുടെ ജനവാസമുള്ള ഡെല്‍ഫ് ദ്വീപില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുമാണ് ഇത്. ദ്വീപില്‍ കുടിവെള്ള സ്രോതസ്സില്ലാത്തതിനാല്‍ സ്ഥിരതാമസത്തിന് പറ്റിയതല്ല കച്ചത്തീവ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിര്‍മിച്ച സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയമാണ് ദ്വീപിലെ ഒരേയൊരു നിര്‍മിതി. 

placeholder
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ കച്ചത്തീവിന്റെ സ്ഥാനം | Photo: www.google.com/maps

കാച്ചി എന്നായിരുന്നു ദ്വീപിന്റെ പഴയ പേര്. ആദ്യകാലത്ത് ശ്രീലങ്കയിലെ ജാഫ്‌ന സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു കച്ചത്തീവെന്നാണ് കരുതുന്നത്.  പതിനേഴാം നൂറ്റാണ്ടില്‍ രാമനാഥപുരം കേന്ദ്രീകരിച്ചുള്ള രാമനാട് രാജ്യത്തിന് നിയന്ത്രണം ലഭിച്ചു. ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ശ്രീലങ്കയും (അന്ന് സിലോൺ) പിടിച്ചെടുത്തതോടെ രണ്ടിടത്തും ബ്രിട്ടീഷ് ഭരണമായി. ബ്രിട്ടീഷ് ഭരണകാലത്ത് ഇത് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായി. 1921-ല്‍ മത്സ്യബന്ധനത്തിന്റെ അതിരുകള്‍ നിര്‍ണയിക്കുന്നതിനിടെ അന്നത്തെ ബ്രിട്ടീഷ് കോളനികളായിരുന്ന ഇന്ത്യയും ശ്രീലങ്കയും കച്ചത്തീവില്‍ അവകാശവാദമുന്നയിച്ചു. സര്‍വേ പ്രകാരം ഇതിനെ ശ്രീലങ്കയുടെ ഭാഗമാക്കിയെങ്കിലും ദ്വീപിന്റെ ഉടമസ്ഥാവകാശം രാംനാട് രാജ്യത്തിനാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നുള്ള ഒരു ബ്രിട്ടീഷ് പ്രതിനിധി ഇതിനെ എതിര്‍ത്തു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് ശേഷവും ഈ ഈ തര്‍ക്കം പരിഹരിച്ചിട്ടില്ല. മത്സ്യബന്ധന അവകാശത്തെച്ചൊല്ലി ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ തര്‍ക്കം തുടര്‍ന്നു. 

സെന്റ് ആന്റണീസ് പുണ്യാളന്റെ തിരുനാൾ ദിനങ്ങളിൽ മാത്രമാണ് ജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്. വര്‍ഷംതോറും പെരുന്നാൾ ദിവസം ഇവിടെ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എത്താറുണ്ട്.  ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നുമെത്തുന്ന വിശ്വാസികൾ സംയുക്തമായാണ് തിരുനാൾ ആഘോഷിക്കുന്നത്. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പണിമുടക്കിയതുകാരണം കച്ചത്തീവിലെ അന്തോണീസ് പുണ്യാളന്റെ തിരുനാൾ കഴിഞ്ഞ വർഷം ഇന്ത്യക്കാരില്ലാതെയാണ് നടന്നത്.  ശ്രീലങ്കൻ സേനയുടെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് രാമനാഥപുരത്തെ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സമരം പ്രഖ്യാപിച്ചതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ തീർഥാടനം മുടങ്ങിയത്. അന്തോണീസ് പുണ്യാളന്റെ തിരുനാൾ ആഘോഷത്തിന് ഇത്തവണ ഇന്ത്യയിൽനിന്ന് 2,500 തീർഥാടകർ പങ്കെടുത്തിരുന്നു. 

placeholder
കച്ചത്തീവിലെ സെൻ്റ് ആൻ്റണീസ് പള്ളി | Photo: Mathrubhumi Archives

ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാര്‍

1972-ൽ സിലോൺ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടി ശ്രീലങ്കയായി. സമുദ്രാതിർത്തി മാറ്റിവരയ്ക്കാൻ ഇരുരാജ്യവും തീരുമാനിച്ചു. 1974-ല്‍ ഇന്ദിരാഗാന്ധി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള സമുദ്രാതിര്‍ത്തി പരിഹരിക്കാന്‍ ശ്രമിച്ചു. രാമേശ്വരം തീരത്തുനിന്ന് 11 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള കച്ചത്തീവ് വരെയാണ് പ്രധാനമായും ഇന്ത്യന്‍ മത്സ്യബന്ധന യാനങ്ങള്‍ മീന്‍ പിടിക്കുന്നത്. 'ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാര്‍' എന്നറിയപ്പെടുന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇന്ദിരാഗാന്ധി കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തു. ഇന്ദിരാഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയുമാണ് കരാറില്‍ ഒപ്പു വച്ചത്. ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും കച്ചത്തീവില്‍ വന്നുപോകാന്‍ പാസ്‌പോര്‍ട്ടോ വിസയോ മറ്റ് രേഖകളോ വേണ്ടതില്ലെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തി വരുന്ന ഇടങ്ങളില്‍ വന്ന് മീന്‍പിടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്ന നിബന്ധനയും ഇതിനു പുറമെ ഉണ്ടായിരുന്നു. രാജ്യഭരണകാലത്തെ ചരിത്രപരമായ അവകാശത്തിന്റെ പിന്‍ബലത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഇവിടെ ബോട്ടടുപ്പിക്കാനും വലയുണക്കാനും വിശ്രമിക്കാനുമുള്ള സൗകര്യത്തിന് കളമൊരുങ്ങി.

1975 ജൂണില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പാര്‍ലമെന്റ് ഇല്ലാതായതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 1976 ജനുവരിയില്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും വിദേശകാര്യ സെക്രട്ടറിമാരാണ് കച്ചത്തീവ് സംബന്ധിച്ച തുടർ കരാറിലെത്തിയത്. അതോടെ ആദ്യത്തെ പല വ്യവസ്ഥകളും ഇല്ലാതെയായി. അന്തിമ കരാറിന്റെ സമയത്ത് മുന്‍ ഉടമ്പടിയിലുണ്ടായിരുന്ന പരമ്പരാഗത മത്സ്യബന്ധനത്തെക്കുറിച്ച് അതില്‍ പരാമര്‍ശമുണ്ടായില്ല. കച്ചത്തീവിന്റെ പടിഞ്ഞാറന്‍ തീരത്തിന് 1.6 കിലോമീറ്റര്‍ അകലെയായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തി നിശ്ചയിക്കപ്പെട്ടു. നിഷ്പക്ഷമേഖലയില്‍ വരേണ്ടിയിരുന്ന ദ്വീപ് ഇതോടെ ലങ്കയുടെ അധീനതയിലായി. മത്സ്യബന്ധന അവകാശത്തിന്റെ പ്രശ്‌നം കരാറിലൂടെ പരിഹരിക്കപ്പെട്ടില്ല. കച്ചത്തീവിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശം 'വിശ്രമിക്കുന്നതിനും വല ഉണക്കുന്നതിനും വിസയില്ലാതെ കത്തോലിക്കാ ദേവാലയം സന്ദര്‍ശിക്കുന്നതിനും' മാത്രമായി പരിമിതപ്പെടുത്തിയതായി ശ്രീലങ്ക വ്യാഖ്യാനിച്ചു. കടലിലെ അതിര്‍ത്തി നിര്‍ണയിച്ചപ്പോള്‍ കച്ചത്തീവിനെയും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികളെയും അന്നത്തെ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ലെന്നാണ് ആരോപണം.  

കച്ചത്തീവ് വിഷയം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കീറാമുട്ടിയായി കിടന്നെങ്കിലും 1983-നും 2009-നും ഇടയില്‍ ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായിരുതിനാല്‍ ഇതിന് വലിയ ശ്രദ്ധ ലഭിച്ചില്ല. ശ്രീലങ്കന്‍ നാവികസേന ജാഫ്‌ന കേന്ദ്രീകരിച്ച് എല്‍.ടി.ടിയെ തകര്‍ക്കുന്ന ദൗത്യത്തിലായിരുന്നതിനാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ മേഖലകളിലേക്ക് കടക്കുന്നത് സാധാരണമായിരുന്നു. 2009-ല്‍ ശ്രീലങ്കൻ ആഭ്യന്തര യുദ്ധം അവസാനിച്ചതോടെ കാര്യങ്ങള്‍ മാറി. ശ്രീലങ്ക സമുദ്ര പ്രതിരോധം ശക്തമാക്കുകയും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.  ഇന്ത്യന്‍ ഭാഗത്ത് സമുദ്രവിഭവങ്ങളുടെ ശോഷണം നേരിടുന്ന ഘട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ മുമ്പ് ചെയ്തുവന്നിരുന്നത് പോലെ ശ്രീലങ്കന്‍ കടലിലേക്ക്  പ്രവേശിക്കും. പക്ഷേ ഇത് ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന പതിവായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു. കസ്റ്റഡി പീഡനവും മരണവും സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നു. 

placeholder
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ | Photo: ANI

കച്ചത്തീവ് എന്ന തമിഴ് പ്രശ്നം

തമിഴ് രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യമാണ് കച്ചത്തീവ് വിഷയത്തിന് ലഭിക്കുന്നത്. ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാറിന്റെ സമയത്ത് തന്നെ ദ്വീപിന് മേലുള്ള രാംനാട് രാജ്യത്തിന്റെ ചരിത്രപരമായ നിയന്ത്രണവും ഇന്ത്യന്‍ തമിഴ് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശവും ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്‌നാട് സംസ്ഥാന നിയമസഭയുമായി കൂടിയാലോചന നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നായിരുന്നു ആരോപണം. പിന്നീട് മാറിമാറിവന്ന തമിഴ്‌നാട് സര്‍ക്കാരുകള്‍ ദ്വീപ് തിരിച്ചു പിടിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1991-ൽ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് കച്ചത്തീവ് പ്രശ്‌നം പുനരുജ്ജീവിപ്പിച്ചത്. കച്ചത്തീവ് വീണ്ടെടുക്കണമെന്ന് അക്കൊല്ലത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജയലളിത ആവശ്യപ്പെട്ടു. കച്ചത്തീവ് വീണ്ടെടുക്കാനും തമിഴ് മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശം പുനഃസ്ഥാപിക്കാനും തമിഴ്നാട് നിയമസഭ  ആവശ്യപ്പെട്ടു. 

ജയലളിതയും കരുണാനിധിയും ദ്വീപ് വിഷയത്തിൽ സുപ്രീംകോടതിയിൽ പോയി. 2008-ല്‍ അന്ന് എ.ഐ.എ.ഡി.എം.കെ. അധ്യക്ഷയായിരുന്ന ജയലളിത, ഭരണഘടനാ ഭേദഗതിയില്ലാതെ മറ്റൊരു രാജ്യത്തിന് കച്ചത്തീവ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കി. 1974-ലെ കരാര്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങളെയും ഉപജീവനത്തെയും ബാധിച്ചുവെന്ന് ഹര്‍ജിയില്‍ വാദിച്ചു. 2011-ല്‍ മുഖ്യമന്ത്രിയായ ശേഷം, അവര്‍ സംസ്ഥാന നിയമസഭയില്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിച്ചു. 2012-ല്‍ ശ്രീലങ്ക ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ തന്റെ ഹര്‍ജി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതിയെ സമീപിച്ചു. പക്ഷേ വിഷയത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. ഇന്ത്യയുടെ ഭൂപ്രദേശമൊന്നും ശ്രീലങ്കയ്ക്കു നൽകിയിട്ടില്ലാത്തതിനാൽ വീണ്ടെടുക്കലെന്ന പ്രശ്നം ഉയരുന്നില്ലെന്ന് യു.പി.എ. സർക്കാർ 2013-ൽ സുപ്രീംകോടതിയിൽ പറഞ്ഞു. കച്ചത്തീവ് തിരിച്ചുപിടിക്കാന്‍ യുദ്ധം ചെയ്യേണ്ടിവരും എന്നാണ് അന്നത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി 2014-ല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്. 

placeholder
മധുരയിൽ ടി.വി.കെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന വിജയ് | Photo: PTI

മുഖ്യമന്ത്രിയായ ശേഷം എം.കെ.സ്റ്റാലിനും കച്ചത്തീവ് വിഷയം കത്തിക്കാൻ ശ്രമിച്ചു. ദ്വീപ് തിരിച്ചെടുക്കാന്‍ നയതന്ത്രശ്രമങ്ങള്‍ തുടങ്ങണമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ലങ്കന്‍ പ്രസിഡന്റുമായി വിഷയം ചർച്ച ചെയ്യണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു. ബി.ജെ.പി തമിഴ്നാട് ഘടകവും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ കൈവശമായിരുന്ന കച്ചത്തീവ് ശ്രീലങ്കയ്ക്കു വിട്ടുകൊടുക്കാനുള്ള തീരുമാനം ആരെടുത്തു എന്നതിനെച്ചൊല്ലി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പു വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഷയം ഉയർത്തിയത്. പിന്നാലെ കച്ചത്തീവ് തിരിച്ചെടുക്കാനും തമിഴ്‌നാട് തീരത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ഡിഎംകെ സർക്കാർ ശ്രമം തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികൾക്കിടയിൽ ഇതുസംബന്ധിച്ച വാദപ്രതിവാദം  തുടരുന്നു എന്നതിന്റെ സൂചനയാണ് വിജയുടെ പരാമർശങ്ങൾ. 

എന്തുകൊണ്ട് കച്ചത്തീവ് വിഷയം വിജയ് ഉയർത്തുന്നു ? 

കച്ചത്തീവ്  ഏറെക്കാലമായി തമിഴ് രാഷ്ട്രീയത്തിൽ ഒരു പുകയുന്ന പ്രശ്നമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയിൽ ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തിയതോടെയാണ് വിഷയം വീണ്ടും ചൂട് പിടിച്ചത്. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണെന്നും 75 വര്‍ഷം ഇന്ത്യയുടെ താത്പര്യങ്ങളും ഐക്യവും കോണ്‍ഗ്രസ് തകര്‍ക്കുകയായിരുന്നെന്നു എന്നുമാണ് മോദി ആരോപിച്ചത്.  ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരേ ഡി.എം.കെ.യും കോണ്‍ഗ്രസും രംഗത്ത് എത്തി. കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തപ്പോള്‍ ഡി.എം.കെ. ശക്തമായി എതിര്‍ത്തിരുന്നുവെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നെന്നും ഡി.എം.കെ. ചൂണ്ടിക്കാണിച്ചു. പിന്നാലെ  ഡി.എം.കെ. സർക്കാർ വിഷയം രാഷ്ട്രീയമായി തന്നെ ഏറ്റെടുക്കുകയും ചെയ്തു. 

placeholder
ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് |  Photo: Mohd Zakir/ ANI

ഇതിനിടെയാണ് തമിഴ്‌നാട് മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനായി, ശ്രീലങ്കയിൽ നിന്ന് കച്ചത്തീവ് ദ്വീപ് തിരിച്ചു പിടിക്കണമെന്ന ആവശ്യം തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടി തലവൻ വിജയ് ഉന്നയിച്ചത്. ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മീൻപിടുത്തക്കാരെ ഉപദ്രവിക്കുകയാണെന്നും വളരെക്കാലമായി നിലനിൽക്കുന്ന കച്ചത്തീവ് പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും ദ്വീപ് ശ്രീലങ്കയുടെ ഭാഗമാണെന്നും ലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് പറഞ്ഞു. കച്ചത്തീവ് ശ്രീലങ്കയുടേതാണെന്നും അദ്ദേഹം ആവർത്തിച്ചു. ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് കാലമായതിനാൽ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പ്രസ്താവനകളെന്നും നയതന്ത്ര തലത്തിലുള്ള ആശയവിനിമയങ്ങൾ മാത്രമാണ് പ്രധാനമെന്നും വിജിത ഹെറാത്ത് പറഞ്ഞു. 

എന്തുകൊണ്ട് വിജയും ദ്വീപ് വിഷയം ഉയർത്തുന്നു? ഉത്തരം ലളിതമാണ്. പുതിയ രാഷ്ട്രീയ പാർട്ടിയിടെ അമരക്കാരൻ എന്ന നിലയിൽ  തമിഴ്‌നാട്ടിലെ വിശാലമായ രാഷ്ട്രീയ ചർച്ചകളിൽ പങ്കാളിയാവാൻ അദ്ദേഹവും ശ്രമിക്കുന്നു. തമിഴ് വോട്ടർമാർക്കിടയിൽ പിന്തുണ വർദ്ധിപ്പിക്കാനും തമിഴ് താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് തന്റെ പാർട്ടി നിലകൊള്ളുന്നതെന്ന  വാദത്തെ ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ടുള്ളതാണ് അദ്ദേഹത്തിന്റെ  പ്രസ്താവന. വൈകാരികമായ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തമിഴ്‌ മക്കളുടെ പിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യം. പക്ഷേ, ഇന്ത്യയും ശ്രീലങ്കയും ശക്തമായ നയതന്ത്ര നിലപാടുകളും സ്വീകരിക്കുന്നതിനാൽ, കച്ചത്തീവ് തർക്കത്തിൽ പ്രായോഗിക മാറ്റങ്ങൾക്ക് സാധ്യതയില്ല. ചുരുക്കത്തിൽ, വിജയ് കച്ചത്തീവിന്റെ വിഷയം ഉന്നയിക്കുന്നത് തമിഴ് മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടുന്നതിനും സ്വന്തം രാഷ്ട്രീയ നേട്ടത്തിനും വേണ്ടി മാത്രമാണ്.