ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധം, മുംബൈയിലെ ശിവാജി പാർക്കിൽതന്നെ ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ഗാന്ധിജയന്തിദിനമായ നാളെയാണ് സിജെപി പ്രതിഷേധം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 'പ്രതിഷേധം ശിവാജി പാർക്കിൽതന്നെ നടത്തും. അത് നമ്മുടെ അവകാശമാണ്. ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’, വാർത്താസമ്മേളനത്തിൽ അഭിജീത് വ്യക്തമാക്കി.
'ശിവാജി പാർക്കിൽ നാളെ പ്രതിഷേധം ആരംഭിക്കും. അവിടെനിന്ന് നമ്മൾ ഈ പ്രതിഷേധം രാജ്യമാകെ വ്യാപിപ്പിക്കും. ഗ്യാനേഷ് കുമാർ രാജിവെക്കുമ്പോഴെ പ്രതിഷേധം അവസാനിപ്പിക്കൂ. അദ്ദേഹം രാജിവെച്ചേ മതിയാകൂ. അദ്ദേഹം ഈ രാജ്യത്തോട് വഞ്ചന കാണിച്ചു, ഒന്നാമത്തെ ശത്രുവാണ്. അദ്ദേഹത്തെ ആ സ്ഥാനത്തുനിന്ന് പുറത്താക്കുമെന്ന് നമ്മൾ ഉറപ്പുവരുത്തും’, സിജെപിയുടെ മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു.
ശിവാജി പാർക്കിൽ സിജെപി നടത്താനിരിക്കുന്ന പ്രതിഷേധത്തിനെതിരേ പ്രദേശവാസികൾ രംഗത്തെത്തിയെന്ന വാദം അഭിജീത് ദിപ്കെ നിരാകരിച്ചു. പ്രദേശവാസികളാരും തങ്ങളുടെ പ്രതിഷേധത്തെ എതിർക്കുന്നില്ലെന്നും ശിവജി പാർക്ക് സൈലന്റ് സോൺ ആണെങ്കിൽ മുഖ്യമന്ത്രിക്ക് എങ്ങനെ അവിടെ റാലികൾ സംഘടിപ്പിക്കാനാകുമെന്നും അദ്ദേഹം ആരാഞ്ഞു. ഗ്യാനേഷിനെതിരേ ക്രിമിനൽ കുറ്റം ചുമത്തണമെന്നും എസ്ഐആർ നടപടി മരവിപ്പിക്കണമെന്നും അഭിജീത് ആവശ്യപ്പെട്ടു.
ഗ്യാനേഷ് രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്നും അഭിജീത് പറഞ്ഞു. രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ അവസാനത്തോടെ ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിന് പിന്നാലെ ഗോവ, കർണാടക, പശ്ചിമബംഗാൾ, ഉത്തർ പ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഐആറുമായി ബന്ധപ്പെട്ട് രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെന്ന വാർത്തയ്ക്ക് പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയത്. ഒക്ടോബർ രണ്ടാംതീയതി മുംബൈയിൽ പ്രതിഷേധം ആരംഭിക്കുമെന്നും അത് രാജ്യത്തെ വിവിധനഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നുമാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlights: CJP founder Abhijeet Dipke confirmed the protest demanding CEC Gyanesh Kumar's resignation will take place at Shivaji Park., Protests are scheduled to begin on Gandhi Jayanti (October 2)., CJP is demanding criminal charges against Gyanesh Kumar and a freeze on SIR proceedings., The party dismissed local opposition to the venue, questioning how rallies are held there if it is a silent zone.
Published: 01 Oct 2026, 06:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented