മുംബൈ: ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിലെ ശിവജി പാർക്കിൽ പ്രതിഷേധ പരിപാടി 'ജയിൽ ഭരോ ആന്ദോളൻ' (ജയിൽനിറയ്ക്കൽ സമരം) നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെ. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. 

To advertise here,

ഇതിനുപുറമേ, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നിർത്തിവെക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതികളിലും നിയമനിർമാണത്തിലും മാറ്റങ്ങൾ വരുത്തണമെന്നും സിജെപി ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുന്ന പോലീസ് നടപടിക്കെതിരെയുള്ള പ്രതിഷേധമായാണ് 'ജയിൽ ഭരോ ആന്ദോളൻ' നടത്താൻ സിജെപി ലക്ഷ്യമിടുന്നത്. 

നേരത്തെ ശിവജി പാർക്കിൽ പ്രതിഷേധ സംഗമം നടത്താൻ സി.ജെ.പി അനുമതി തേടിയിരുന്നെങ്കിലും മുംബൈ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ശിവജി പാർക്കിൽ പരിപാടികൾക്ക് അനുമതി നൽകുന്നത് പോലീസിന്റെ അധികാരപരിധിയിലല്ലെന്നും ബോംബെ ഹൈക്കോടതി വിധിയോ സംസ്ഥാന സർക്കാരിന്റെ ഉത്തരവോ ആവശ്യമാണെന്നും പോലീസ് അറിയിച്ചിരുന്നു.

കൂടാതെ, സമീപപ്രദേശങ്ങളിലെ ആശുപത്രികൾ, ശബ്ദമലിനീകരണം, ഗതാഗതക്കുരുക്ക്, രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവ ചൂണ്ടിക്കാട്ടി പോലീസ് മറ്റൊരു സ്ഥലം തിരഞ്ഞെടുക്കാൻ സംഘാടകരോട് ആവശ്യപ്പെട്ടു. എന്നാൽ, പോലീസിന്റെ ഈ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചാണ് അഭിജിത് ദിപ്കെ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സമരം. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ ചില തീരുമാനങ്ങളിൽ രണ്ട് ഇലക്ഷൻ കമ്മീഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ചു എന്ന ആരോപണങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും കമ്മീഷന്റെ പ്രധാന തീരുമാനങ്ങളെല്ലാം ഐക്യകണ്ഠമാണെന്നും വ്യക്തമാക്കി കമ്മീഷൻ ആരോപണങ്ങൾ തള്ളിയിരുന്നു.