ന്യൂഡൽഹി: വോട്ട് വെട്ടിനിരത്തലിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്ന് സി.ജെ.പി. 2024-ലെ തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ബി.ജെ.പി പരിഭ്രാന്തിയിലാവുകയും, പ്രാദേശിക ശക്തികളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി വോട്ടുകൾ നീക്കം ചെയ്യുകയും ചെയ്തുവെന്ന് സി.ജെ.പി. വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

To advertise here,

ഉദ്ധവ് താക്കറെ, ശരദ് പവാറിന്റെ എൻ.സി.പി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ, അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി തുടങ്ങിയ പ്രതിപക്ഷ മുഖ്യമന്ത്രിമാർ നേരിട്ട തിരിച്ചടി കേവലമൊരു യാദൃശ്ചികതയല്ലെന്നും കൃത്യമായ പാറ്റേണിന്റെ ഭാഗമാണെന്നും സിജെപി ആരോപിച്ചു. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ മണ്ഡലത്തിൽ നിന്ന് 50,000 വോട്ടുകളും, തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിന്റെ മണ്ഡലത്തിൽ നിന്ന് ഒരു ലക്ഷം വോട്ടുകളും, ഡൽഹിയിൽ അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലത്തിൽ നിന്ന് 40,000 വോട്ടുകളും വെട്ടിമാറ്റിയതാണ് ഇവരുടെ തോൽവിക്ക് വഴിവെച്ചതെന്നും സിജെപി വക്തമാക്കൾ ചൂണ്ടിക്കാട്ടി.

കേരളത്തിൽ സിപിഎം പരാജയപ്പെട്ടത് വോട്ടർപട്ടികയിലെ വെട്ടിനിരത്തൽ കാരണമാണെന്നും സിജെപി ആരോപിച്ചു. കേരളത്തിൽ വോട്ടുകൾ നീക്കം ചെയ്യപ്പെട്ടതുമൂലം പിണറായി വിജയന് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ല. ശക്തരായ പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കാൻ മാത്രമായിരുന്നോ ഈ നീക്കം നടത്തിയതെന്ന് സിജെപി ആരോപിച്ചു. ഒരു ജനാധിപത്യത്തിൽ, പ്രതിപക്ഷത്തെയാകെ ഇല്ലാതാക്കിയാൽ അതിനെ ജനാധിപത്യമെന്ന് വിളിക്കാനാവുമോയെന്നും അതൊരു സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണോയെന്നും സിജെപി ചോദിച്ചു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്ക് തന്നെ കടുത്ത ഭീഷണിയായി മാറിയ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നും ഉടനടി രാജിവെയ്ക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജനങ്ങൾ സർക്കാരിനെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ രീതിക്ക് പകരം ഗ്യാനേഷ് കുമാർ ചുമതലയേറ്റ ശേഷം ആരൊക്കെ വോട്ട് ചെയ്യണം, ആരൊക്കെ വോട്ട് ചെയ്യേണ്ട എന്ന് സർക്കാർ തീരുമാനിക്കുന്ന രീതിയിലേക്ക് മാറിയെന്നും സിജെപി ആരോപിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന നിർവ്വചനത്തെത്തന്നെ കമ്മീഷൻ അട്ടിമറിച്ചിരിക്കുകയാണെന്നും സിജെപി വിമർശിച്ചു.

നിയമപരമായോ ചട്ടപരമായോ ഉള്ള മാറ്റങ്ങൾ വരുത്താതെ, അനധികൃത ചോദ്യങ്ങൾ ഉൾപ്പെടുത്തി വോട്ടർ പട്ടികയിൽ പുതിയ യുവ വോട്ടർമാർ ഉൾപ്പെടുന്നത് തടയാൻ രാജ്യവ്യാപകമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിജെപി ചൂണ്ടിക്കാട്ടി. പശ്ചിമ ബംഗാളിൽ മാത്രം വിവരങ്ങളിലെ പൊരുത്തക്കേടുകൾ ആരോപിച്ച് 60 ലക്ഷത്തോളം ആളുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, പിന്നീട് സുപ്രീം കോടതി ഉത്തരവിനു ശേഷം 33 ലക്ഷം പേരെ തിരികെ ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ തിരികെ ചേർത്ത ലക്ഷക്കണക്കിന് വോട്ടർമാർക്കെതിരെ കമ്മീഷന്റെ പേരിൽ കോടതിയിൽ അപ്പീലുകൾ നൽകാൻ അനുമതി നൽകിയത് ആരാണെന്ന് സന്ധുവും ജോഷിയും രേഖാമൂലം ചോദ്യം ചെയ്തിട്ടുണ്ടെന്നും സിജെപി പറയുന്നു.

മൂന്ന് അംഗങ്ങളുള്ള തിരഞ്ഞെടുപ്പ് കമ്മീഷനിൽ എല്ലാവരുടെയും പരസ്പര സമ്മതത്തോടെയോ ഭൂരിപക്ഷ തീരുമാനപ്രകാരമോ അല്ലാതെ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ നിർദ്ദേശപ്രകാരം നടന്ന ഇത്തരം നടപടികൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് മറ്റു രണ്ട് ഇലക്ഷൻ കമ്മീഷണർമാരും വ്യക്തമാക്കിയിട്ടുണ്ടെന്ന് സിജെപി ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി 13 കോടിയോളം വോട്ടുകൾ അനധികൃതമായി നീക്കം ചെയ്ത നടപടിക്കെതിരെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരത്തിലേക്ക് സിജെപി നീങ്ങുകയാണെന്നും വക്താക്കൾ വ്യക്തമാക്കി.