
മുംബൈ: മറാഠ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ പ്രശസ്തമായ 'വാഘ് നഖ്' എന്ന ആയുധം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു. ശിവജിയുടെ സ്ഥാനാരോഹണത്തിന്റെ 350-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വാഘ് നഖിനെ ഇന്ത്യയിലെത്തിക്കുന്നത്. നിലവില്‍ ലണ്ടനിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലാണ് വാഘ് നഖ് സൂക്ഷിച്ചിരിക്കുന്നത്. മൂന്ന് കൊല്ലത്തെ പ്രദര്‍ശനത്തിന് ഇന്ത്യയിലേക്ക് ശിവജിയുടെ ആയുധമെത്തിക്കാനുള്ള അനുമതി മ്യൂസിയം അധികൃതര്‍ നല്‍കിക്കഴിഞ്ഞു.
ശിവജിയുടെ ആയുധം ഇന്ത്യയിലെത്തിക്കാനുള്ള കരാറില്‍ ഒപ്പുവെക്കുന്നതിനായി മഹാരാഷ്ട്ര സാസ്‌കാരികമന്ത്രി സുധീര്‍ മുംഗന്‍തിവാര്‍ ചൊവ്വാഴ്ച ലണ്ടനിലെത്തും. ശിവജിയുടെ വാഘ് നഖ് കൂടുതല്‍ പ്രചോദനവും ഊര്‍ജവും പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെത്തിക്കുന്ന ആയുധം മുംബൈയിലെ ശിവജി മഹാരാജ് മ്യൂസിയത്തിലായിരിക്കും സൂക്ഷിക്കുക എന്നാണ് സൂചന.
കടുവയുടെ നഖപാദത്തിന് സമാനമായ ഈ ആയുധം ബിജാപുര്‍ സുല്‍ത്താന്റെ സേനാത്തലവനായ അഫ്‌സല്‍ ഖാനെ വധിക്കാന്‍ 1659-ല്‍ ശിവജി ഉപയോഗിച്ചതാണ് ഈ വാഘ് നഖിന്റെ പ്രാധാന്യം. മറാഠ സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള ശിവജിയുടെ ശ്രമങ്ങളില്‍ സുപ്രധാന വഴിത്തിരിവായാണ് പ്രതാപ്ഗഡില്‍ നടന്ന യുദ്ധത്തില്‍നേടിയ വിജയം വിലയിരുത്തപ്പെടുന്നത്.
ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജയിംസ് ഗ്രാന്റ് ഡഫ് ആണ് വാഘ് നഖിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. പിന്നീട് ഡഫിന്റെ പിന്‍തലമുറക്കാര്‍ ആയുധം മ്യൂസിയത്തിന് കൈമാറുകയായിരുന്നു.
മറാഠിയില്‍ 'വാഘ് നഖ്', 'വാഘ് നഖ്യ' എന്നും ഹിന്ദിയില്‍ 'ബാഘ് നഖ്' (ബാഘ് എന്നാല്‍ കടുവ) അറിയപ്പെടുന്ന ഈ ആയുധം രജപുത്രരാണ് ആദ്യം ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. കൈക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച വാഘ് നഖ് ശത്രുക്കളുടെ ശ്രദ്ധയില്‍ പെടില്ല. ശരീരത്തിന്റെ ത്വക്ക് കടന്ന് പേശീകളിലേക്ക് തുളച്ചുകയറാന്‍ വാഘ് നഖിന് അനായാസം സാധിക്കും. ശത്രുവിനെ എളുപ്പത്തില്‍ കീഴടക്കാനുള്ള മികച്ച ആയുധമായാണ് വാഘ് നഖിനെ കണക്കാക്കുന്നത്.
അതേസമയം, വാഘ് നഖിന്റെ ആധികാരികതയെ കുറിച്ച് മഹാരാഷ്ട്രയില്‍ സംവാദങ്ങളുയരുന്നുണ്ട്. ശിവജി വാഘ് നഖ് ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നതായി ചരിത്രകാരനായ ഇന്ദര്‍ജിത് സാവന്ത് പറയുന്നു. ശിവസേന നേതാവ് ആദിത്യ താക്കറെയും വാഘ് നഖിന്റെ ആധികാരികതയെ കുറിച്ച് ചോദ്യമുയര്‍ത്തിയിരുന്നു.
Content Highlights: Chhatrapati Shivaji's 'Tiger Claw' Vagh Nakh Set For India Return
Published: 01 Oct 2023, 03:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented