ന്യൂഡൽഹി: ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് വീണ്ടും സംഘർഷം. ക്യാമ്പസിനുള്ളിൽവെച്ച് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരത്തിന്റെ ഭാഗമായുള്ള പന്തലാണ് സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയത്.

To advertise here,

കഴിഞ്ഞ 16-ാം തീയതി മുതലാണ് സർവകലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 2006-ൽ നിർത്തിവെച്ച വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ നിരാഹാരസമരം ആരംഭിച്ചത്. നേരത്തേയും പന്തൽ പൊളിച്ചുമാറ്റാൻ സുരക്ഷാ ജീവനക്കാർ നീക്കം നടത്തിയിരുന്നു.

യാതൊരുവിധ മുന്നറിയിപ്പും നൽകാതെയാണ് സുരക്ഷാ ജീവനക്കാർ പന്തൽ പൊളിച്ചുനീക്കിയതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ക്യാമ്പസിനുള്ളിലെ ലൈറ്റുകൾ അണച്ച ശേഷം പന്തലിലുണ്ടായിരുന്ന വിദ്യാർഥികളെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ചു, അതിനുശേഷം അവരെ വലിച്ചിഴച്ച് ഗേറ്റിന് പുറത്തെത്തിച്ച് പോലീസിന് കൈമാറി എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്.