സമാധാനാന്തരീക്ഷം തകര്ക്കാൻ നേഹ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

ന്യൂഡൽഹി: ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹാ ബോറയ്‌ക്കെതിരെ പ്രതിഷേധവുമായി സംഘപരിവാർ. ഡൽഹിയിലെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് (എസ്ഇഎം) മുന്നിൽ ഹാജരാകാൻ നേഹ ബോറ പോലീസ് സ്റ്റേഷനിലേക്ക് എത്താനിരിക്കെയായിരുന്നു പ്രതിഷേധം.
നേഹാ ബോറ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സംഘപരിവാർ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ബംഗ്ലാദേശുമായി ബന്ധപ്പെട്ട് നേഹാ ബോറ നടത്തിയ പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമെന്ന് ഒരു പ്രവർത്തകൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷൻ പരിസരത്ത് വൻ സുരക്ഷാ സന്നാഹമാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ പ്രധാന കവാടത്തിലും വഴികളിലും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.
അതേസമയം താൻ പീസ് ബോണ്ട് ഒപ്പുവെക്കില്ലെന്ന് നേഹാ ബോറ വ്യക്തമാക്കി. 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന ഡൽഹി പോലീസിന്റെ നോട്ടീസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് നേഹ നിലപാട് പ്രഖ്യാപിച്ചത്. സി.പി.ഐ (എംഎൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, 'ആരുടെ സമാധാനം പാലിക്കാനാണ് എന്നോട് ആവശ്യപ്പെടുന്നത്?' എന്ന് നേഹ ബോറ ചോദിച്ചു.
തെരുവുകളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് സമാധാനത്തിന് ഭീഷണിയാകുന്നത് എങ്ങനെയെന്നും അവർ ചോദിച്ചു. ഭരണാധികാരികളോട് ചോദ്യങ്ങൾ ചോദിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണെന്ന് നേഹ വ്യക്തമാക്കി. എസ്ഐആർ, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി തുടങ്ങിയ വിഷയങ്ങളിൽ തലസ്ഥാനത്ത് നടന്ന ലഹരാ ദോ തിരംഗ മാർച്ചിൽ പങ്കെടുത്ത നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് ശേഷം ജാമ്യത്തിലിറങ്ങിയ നേഹയ്ക്ക് ഒക്ടോബർ 17-നാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) 126-ാം വകുപ്പ് പ്രകാരം ഡൽഹി പോലീസ് നേഹാ ബോറയ്ക്ക് പീസ് ബോണ്ടിൽ ഒപ്പിടാനുള്ള നോട്ടീസ് നൽകിയത്.
Content Highlights: Sangh Parivar activists staged a protest outside Delhi's Mandir Marg Police Station against AISA national president Neha Bora over her remarks on Bangladesh, as she refused to sign a peace bond issued by police.
Published: 24 Oct 2026, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented