ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ വിവാദങ്ങൾക്ക് പിന്നാലെ പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാനും പരിഷ്‌കരണങ്ങള്‍ക്കുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം രൂപവത്കരിച്ച വിദഗ്ധരുടെ ഉന്നതതലസമിതിയുടെ യോഗം തിങ്കളാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ.യാണ് റിപ്പോർട്ട് ചെയ്തത്.

To advertise here,

പരീക്ഷ നടത്തിപ്പ് രീതിയില്‍ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എന്‍.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടുമാസത്തെ സമയമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് അനുവദിച്ചിരിക്കുന്നത്.

ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനും മലയാളിയുമായ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഏഴംഗ സമിതിയെയാണ് നിയോഗിച്ചത്. എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂര്‍ത്തി, പീപ്പിള്‍ സ്‌ട്രോങ് സഹസ്ഥാപകനും കര്‍മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍, ഡല്‍ഹി ഐ.ഐ.ടി. ഡീന്‍ ആദിത്യ മിത്തല്‍ എന്നിവര്‍ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയാണ്.

ഏത് തരത്തിൽ പരീക്ഷയുടെ നടത്തിപ്പ് വേണ്ടിവരും എന്നതിനെക്കുറിച്ചും പരീക്ഷാ തീയതികൾ സംബന്ധിച്ചും സമിതി ചർച്ച ചെയ്യുമെന്നും വേണ്ട നിർദേശങ്ങൾ കൈക്കൊള്ളുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.