ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ഡ്യൂഷ് ബാങ്കിന്റെ (Deutsche Bank) ഒന്നരക്കോടിയിലധികം വരുന്ന രഹസ്യരേഖകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ബാങ്കിൽ നിന്ന് ഇത്രയധികം രഹസ്യ രേഖകൾ മാധ്യപ്രവർത്തകർക്ക് ലഭിക്കുന്നത്. ശതകോടീശ്വരന്മാർ, രാഷ്ട്രീയനേതാക്കൾ, രാജകുടുംബാംഗങ്ങൾ എന്നിവരുടെ സംശയാസ്പദമായ പണമിടപാടുകൾ ഉള്ള റിപ്പോർട്ടുകൾ വിസിൽബ്ലോവർമാർ കൈമാറിയത് പ്രമുഖ ഇന്ത്യൻ അന്വേഷണാത്മക മാധ്യമപ്രവർത്തകനും മലയാളിയുമായ ജോസി ജോസഫിനും ദക്ഷിണാഫ്രിക്കൻ മാധ്യമപ്രവർത്തകയായ ഖദീജ ഷെരീഫിനുമാണ്.

To advertise here,

മാസങ്ങൾനീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ രേഖകൾ പരിശോധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജോസി ജോസഫിനും ഖദീജ ഷെരീഫിനും പുറമെ 50 രാജ്യങ്ങളിലെ അമ്പതിലധികം മാധ്യമസ്ഥാപനങ്ങളിൽനിന്നുള്ള ഇരുന്നൂറിലേറെ റിപ്പോർട്ടർമാർ ഈ വിവരങ്ങൾ വിശകലനം ചെയ്തു. 'ദ ന്യൂയോർക്ക് ടൈംസ്' ഉൾപ്പെടെയുള്ള മുൻനിര മാധ്യമങ്ങൾ ഈ അന്വേഷണസംഘത്തിലുണ്ടായിരുന്നു. 'ബാരക്കുഡ മീഡിയ' (Barracuda Media) എന്ന നോൺ പ്രോഫിറ്റ് സ്ഥാപനമാണ് അന്വേഷണവിവരങ്ങൾ പുറത്തെത്തിക്കാൻ നേതൃത്വം നൽകിയത്.

മുൻ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ലൈംഗികകുറ്റവാളിയായ ജെഫ്രി എപ്സ്‌റ്റൈൻ തുടങ്ങിയവർക്ക് ബാങ്കുമായുള്ള ബന്ധവും ചോർന്ന രേഖകൾ വെളിപ്പെടുത്തുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങൾക്കുശേഷം, 2013-ലാണ് ഡ്യൂഷ് ബാങ്ക് എപ്സ്‌റ്റൈനെ തങ്ങളുടെ ഉപഭോക്താവായി സ്വീകരിച്ചത്. എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട് ഏകദേശം 60 കോടി ഡോളറിന്റെ സംശയാസ്പദമായ ഇടപാടുകൾ നടന്നതായി പിന്നീട് ബാങ്ക് കണ്ടെത്തിയിരുന്നു. മറ്റ് ബാങ്കുകൾ അകറ്റിനിർത്തിയ സമയത്താണ് ഡോണൾഡ് ട്രംപും ഡ്യൂഷ് ബാങ്കിന്റെ സേവനങ്ങൾ ഉപയോഗിച്ചത്. എന്നാൽ, തങ്ങൾ നിയമപരമായാണ് പ്രവർത്തിച്ചതെന്നും ഉപരോധങ്ങൾ മറികടക്കാൻ ഉപഭോക്താക്കളെ ഒരിക്കലും സഹായിച്ചിട്ടില്ലെന്നുമാണ് ബാങ്കിന്റെ വിശദീകരണം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷം ബന്ധപ്പെട്ട അധികാരികൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ വേഗത്തിൽ നടപ്പിലാക്കിയെന്നും ഡ്യൂഷ് ബാങ്ക് അവകാശപ്പെടുന്നു.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അടുത്ത ബന്ധമുള്ള ഒലെഗ് ഡെറിപാസ്‌ക, വിക്ടർ വെക്‌സൽബർഗ് തുടങ്ങിയ റഷ്യൻ കോടീശ്വരന്മാരുമായി ബാങ്കിനുണ്ടായിരുന്ന ദീർഘകാല ബന്ധമാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ്, അധോലോകബന്ധങ്ങൾ തുടങ്ങി നിരവധി ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ് ഡെറിപാസ്‌ക എന്ന് ബാങ്കിന്റെ ഇന്റേണൽ റിപ്പോർട്ടുകൾതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം വ്യക്തികളുമായുള്ള ബന്ധം ബാങ്കിന് അപകടമാണെന്ന് റിസ്‌ക് മാനേജർമാർ ആവർത്തിച്ചുപറഞ്ഞിട്ടും, ലാഭംമാത്രം ലക്ഷ്യമാക്കി ബാങ്ക് ഈ മുന്നറിയിപ്പുകൾ അവഗണിക്കുകയായിരുന്നു.

ഉപരോധങ്ങൾ ഭയന്ന് ബാങ്ക് തങ്ങളുടെ റഷ്യൻ കോടീശ്വരന്മാരായ ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ രഹസ്യമായി ലക്‌സംബർഗ്, സ്വിറ്റ്‌സർലൻഡ് തുടങ്ങി കർശനമായ ബാങ്ക് രഹസ്യനിയമങ്ങളുള്ള രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്തു. യുക്രെയ്ൻ യുദ്ധം തുടങ്ങിയ സമയത്തുപോലും റഷ്യൻ വിപണി വിട്ടുപോകാൻ ഡ്യൂഷ് ബാങ്ക് ഉദ്യോഗസ്ഥർ ആദ്യം തയ്യാറായിരുന്നില്ല.

ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയാണ് ജോസി ജോസഫ്. ആദർശ് ഹൗസിങ് സൊസൈറ്റി തട്ടിപ്പ്, നാവികസേനയുടെ വാർ റൂം ചോർച്ച, 2ജി സ്‌പെക്ട്രം അഴിമതി, പൂർത്തി (Purti) ഗ്രൂപ്പ് പണം വെളുപ്പിക്കൽ കേസ്, ബാങ്ക് ഓഫ് ബറോഡ അഴിമതി തുടങ്ങി രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി അഴിമതിക്കഥകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 'എ ഫീസ്റ്റ് ഓഫ് വൾച്ചേഴ്‌സ്', 'ദ സൈലന്റ് കൂ', 'ബർത്ത് ഓഫ് എ നേഷൻ' എന്നീ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'കോൺഫ്‌ലുവൻസ് മീഡിയ' എന്ന അന്വേഷണാത്മക മാധ്യമസ്ഥാപനത്തിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.