ന്യൂഡൽഹി: പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി ഗ്രേറ്റ് നികോബാർ ദ്വീപ് പദ്ധതിക്കെതിരേ കൽക്കട്ട ഹൈക്കോടതിയിലുള്ള ഹർജിയിലെ തുടർനടപടികൾ തടയാതെ സുപ്രീംകോടതി. വാദം കേൾക്കാൻ ഹൈക്കോടതി സമ്മതിച്ചതിനുപിന്നാലെ കോടതി നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ വാദങ്ങൾ അംഗീകരിക്കാതെ, കേസ് ഹൈക്കോടതിയിൽ നടക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു.

To advertise here,

കേസിൽ വാദംകേട്ട് കാലതാമസമില്ലാതെ തീരുമാനമെടുക്കാൻ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ചീഫ് ജസ്റ്റിന്റെ ബെഞ്ച് കൽക്കട്ട ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. മുൻ കേന്ദ്ര പരിസ്ഥിതി സെക്രട്ടറി മീനാ ഗുപ്തയാണ് പദ്ധതിക്കെതിരേ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ദ്വീപിലെ ഗോത്രവിഭാഗങ്ങളും കക്ഷിചേർന്നിട്ടുണ്ട്.

തന്ത്രപ്രധാനവും ദേശീയ പ്രാധാന്യമുള്ളതുമായ 72,000-ലേറെ കോടി രൂപയുടെ പദ്ധതിയാണിതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ (എ.ജി.) ആർ. വെങ്കടരമണിയും അഡീഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി.) ഐശ്വര്യ ഭാട്ടിയും വാദിച്ചു. ആശങ്കകൾ ദേശീയ ഹരിത ട്രിബ്യൂണൽ രണ്ടുതവണ തള്ളിയതാണെന്ന് എ.എസ്.ജി. ചൂണ്ടിക്കാട്ടി. പ്രത്യേക പാരിസ്ഥിതികാഘാതങ്ങൾ പുനഃപരിശോധിക്കാൻ ഉന്നതാധികാര സമിതി രൂപവത്കരിക്കണമെന്ന നിർദേശത്തോടെ പദ്ധതിക്ക് ട്രിബ്യൂണൽ പാരിസ്ഥിതികാനുമതിയും നൽകിയതാണ്. അതിനെതിരായ പുനഃപരിശോധനാ ഹർജി 2023 ഏപ്രിലിൽ തള്ളിയിരുന്നതും ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങൾ ഹൈക്കോടതിക്കുമുന്നിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീംകോടതി കേന്ദ്രത്തോടു പറഞ്ഞു. ഹർജി നിലനിൽക്കുമോയെന്നത് ഹൈക്കോടതിയിൽ ചോദ്യംചെയ്യാൻ സർക്കാരിനെ അനുവദിക്കണമെന്ന് എ.ജി. അഭ്യർഥിച്ചെങ്കിലും അതിലേക്കു കടക്കുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

നികോബാർ പരിസ്ഥിതിയിലെ ഗോത്ര സംസ്കാരത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിൽ അതിന് ഭരണഘടനാപരമായ സംരക്ഷണവും വേണ്ടതാണെന്ന് ജസ്റ്റിസ് ബാഗ്ചി വാക്കാൽ പറഞ്ഞു. സംസ്കാരസംരക്ഷണം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന മൗലികാവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരി ദ്വീപ് നിവാസിയല്ലെന്നും ഹൈദരാബാദിലാണ് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട്, ഹർജി നിലനിൽക്കില്ലെന്ന് കേന്ദ്രം ഉന്നയിച്ച എതിർപ്പുകൾ മേയിൽ കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു.