
നാല് പതിറ്റാണ്ടിന് ശേഷം ബോഫോഴ്‌സ് കേസിന്റെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ ഇത്രയേറെ പിടിച്ചുകുലുക്കിയ ഒരു അഴിമതി ആരോപണമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലായെന്ന് പറയേണ്ടിവരും. രാജ്യസുരക്ഷയേയും ഇന്ത്യയുടെ ആഗോളതലത്തിലുള്ള പ്രതിഛായയേയും ഒരേപോലെ ബാധിച്ചു എന്നതുമാത്രമല്ല ഇന്ത്യയിൽ ഭരണമാറ്റത്തിന് പോലും കാരണമായ വിവാദമാണ് ബോഫോഴ്‌സ് കേസ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നേരിടേണ്ടി വന്ന രാഷ്ട്രീയ പരീക്ഷണമായിരുന്നു ബോഫോഴ്‌സ് കേസ്. ആരോപണങ്ങളുടെ ചുഴിയിലും ചൂളയിലും കോൺഗ്രസും ഗാന്ധികുടുംബവും ഉഴറിയ കാലം. സ്വീഡിഷ് ആയുധ നിർമ്മാണ കമ്പനിയായ എ.ബി. ബൊഫോഴ്സുമായി ഇന്ത്യ ഒപ്പുവെച്ച പ്രതിരോധ കരാറുമായി ബന്ധപ്പെട്ട് 1980-കളുടെ മധ്യത്തിൽ ഉയർന്നുവന്ന അഴിമതി ആരോപണമാണ് 'ബൊഫോഴ്സ് കേസ്' എന്നറിയപ്പെടുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ പീരങ്കി വ്യൂഹം ആധുനികവത്കരിക്കുന്നതിനായി ഒപ്പുവെച്ച ഈ കരാർ, ഉന്നതതല രാഷ്ട്രീയ അഴിമതിയുടെയും ബിനാമി ഇടപാടുകളുടെയും പേരിൽ രാജ്യത്തുടനീളം വലിയ തരംഗം സൃഷ്ടിച്ചു. പ്രതിരോധ രംഗത്തെ ക്രമക്കേടുകൾക്കപ്പുറം, ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിവരയ്ക്കാനും, കൂട്ടുകക്ഷി ഭരണത്തിന് അടിത്തറയിടാനും, പ്രതിരോധ സംഭരണ നയങ്ങളിൽ ദീർഘകാല സ്തംഭനാവസ്ഥ സൃഷ്ടിക്കാനും ഈ കേസ് കാരണമായി.
1986 മാർച്ച് 24-നാണ് രാജീവ് ഗാന്ധി നേതൃത്വം നൽകിയ കേന്ദ്ര സർക്കാരും സ്വീഡനിലെ എ.ബി. ബൊഫോഴ്സ് കമ്പനിയും തമ്മിൽ സുപ്രധാന പ്രതിരോധ കരാർ ഒപ്പുവെക്കുന്നത്. ഇന്ത്യൻ ആർമിക്ക് 410 ഹൊവിറ്റ്സർ (155 mm FH-77B) പീരങ്കികളും അവയ്ക്കവശ്യമായ വെടിയുണ്ടകളും വിതരണം ചെയ്യുന്നതിനായുള്ള കരാറായിരുന്നു അത്. അന്ന് ഈ കരാറിന്റെ ആകെ മൂല്യം എന്നത് 1.4 ബില്യൺ യു.എസ് ഡോളർ (ഏകദേശം അന്നത്തെ 1,437 കോടി രൂപ) ആയിരുന്നു. സ്വീഡന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ കയറ്റുമതി കരാറായിരുന്നു ഇത്. എന്നാൽ, കരാർ സ്വന്തമാക്കുന്നതിനായി ബൊഫോഴ്സ് കമ്പനി ഇന്ത്യൻ രാഷ്ട്രീയക്കാർക്കും പ്രതിരോധ ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കും അനധികൃതമായി കമ്മീഷൻ നൽകിയെന്ന വിവരം പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്. ഇടനിലക്കാരെ പൂർണ്ണമായി ഒഴിവാക്കണമെന്ന് കരാറിൽ കർശന വ്യവസ്ഥയുണ്ടായിരുന്നെങ്കിലും, അത് ലംഘിച്ച് ഏകദേശം 64 കോടി രൂപ (85 മില്യൺ ഡോളർ) കൈക്കൂലിയായി നൽകിയെന്നതായിരുന്നു പ്രധാന ആരോപണം.
1987 ഏപ്രിൽ 16-ന് സ്വീഡിഷ് സ്റ്റേറ്റ് റേഡിയോ ചാനലായ 'ഡാഗൻസ് ഏകോ' (Dagens Eko) പുറത്തുവിട്ട വെളിപ്പെടുത്തലിലൂടെയാണ് അഴിമതിക്കഥ ആഗോളതലത്തിൽ ചർച്ചയാകുന്നത്. സ്വീഡിഷ് പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന സ്റ്റെൻ ലിൻഡ്സ്‌ട്രോം ചോർത്തി നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ, 'ദി ഹിന്ദു' പത്രത്തിന്റെ മാധ്യമപ്രവർത്തക ചിത്ര സുബ്രഹ്‌മണ്യവും എൻ. റാമും നടത്തിയ അന്വേഷണാത്മക പരമ്പരകൾ അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്ന രേഖകൾ പുറത്തുകൊണ്ടുവന്നു. പനാമ, ഗർൺസി, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ നികുതിരഹിത സ്വിസ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇടനിലക്കാർക്ക് പണം കൈമാറിയതെന്ന് പിന്നീട് അന്വേഷണങ്ങളിൽ കണ്ടെത്തി.
സാങ്കേതികമായി ബൊഫോഴ്സ് പീരങ്കികൾ ഇന്ത്യൻ സേനയുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരുന്നുവെങ്കിലും, കരാർ ഉറപ്പിക്കുന്നതിനുള്ള അവസാനഘട്ട നടപടികൾ തിടുക്കപ്പെട്ടതായിരുന്നു. പ്രതിരോധ സെക്രട്ടറിയുടെ സമിതി ശുപാർശ നൽകി രണ്ട് ദിവസത്തിനകം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി കരാറിന് അംഗീകാരം നൽകുകയായിരുന്നു. കരാർ തുകയുടെ നിശ്ചിത ശതമാനം ഇടനിലക്കാർക്ക് നൽകുന്നതിനായി 'എ.ഇ സർവീസസ്', 'സ്വെൻസ്‌ക' തുടങ്ങിയ വ്യാജ ഷെൽ കമ്പനികൾ രൂപീകരിച്ചു. ഇറ്റാലിയൻ വ്യവസായിയും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ളയാളുമായ ഒട്ടാവിയോ ക്വാത്‌റോച്ചിയുടെ മധ്യസ്ഥതയിലാണ് എ.ഇ സർവീസസുമായി ബൊഫോഴ്സ് ധാരണയിലെത്തിയത്. 1986 മാർച്ച് 31-ന് മുൻപ് കരാർ നേടിയെടുക്കുകയാണെങ്കിൽ 3 ശതമാനം കമ്മീഷൻ നൽകുമെന്ന വ്യവസ്ഥയിലായിരുന്നു ഈ രഹസ്യ ധാരണ. വിദേശത്തെ രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയ ഈ പണമിടപാടുകൾ വഴിവിട്ട നീക്കങ്ങളുടെ വ്യാപ്തി തെളിയിക്കുന്നതായിരുന്നു.
സി.ബി.ഐ സമർപ്പിച്ച കുറ്റപത്രങ്ങളിൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നാഗർ, വിദേശ വ്യവസായികൾ, ഇടനിലക്കാർ എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തികളെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കരാർ വേഗത്തിലാക്കുകയും അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്തു എന്നതായിരുന്നു രാജീവ് ഗാന്ധിക്ക് എതിരായുയർന്ന പ്രധാന ആരോപണം. എന്നാൽ 2004-ൽ അദ്ദേഹത്തെ ഡൽഹി ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഒട്ടാവിയോ ക്വാത്‌റോച്ചിയാകട്ടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽനിന്ന് കടന്നു കളഞ്ഞു. എസ്.കെ. ഭട്‌നാഗറിനെയും 2004-ൽ ഹൈക്കോടതി ഒഴിവാക്കി. (2001-ൽ അന്തരിച്ചു). പ്രവാസി വ്യവസായകളായിരുന്ന ഹിന്ദുജ സഹോദരന്മാർക്കെതിരായ കേസായിരുന്നു അവസാനമുണ്ടായിരുന്നത്. മാകിന്റൈർ കോർപ്പറേഷൻ വഴി കമ്മീഷൻ തുക സ്വീകരിച്ചു എന്നതായിരുന്നു ഇവർക്കെതിരായ കുറ്റം. 2005-ൽ ഡൽഹി ഹൈക്കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. ഇതിനെതിരായ അപ്പീലാണ് ഇപ്പോൾ സുപ്രീംകോടതി അവസാനിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ ചലച്ചിത്ര താരം അമിതാഭ് ബച്ചന്റെ പേരും ആരോപണങ്ങളിൽ ഉയർന്നുവന്നിരുന്നെങ്കിലും, അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയുകയും അദ്ദേഹത്തെ കേസിൽനിന്ന് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തു.
ബൊഫോഴ്സ് അഴിമതി കേസ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിലുള്ള മാറ്റങ്ങൾക്ക് വഴിവെച്ചു. 1984-ലെ പൊതുതിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ രാജീവ് ഗാന്ധി സർക്കാരിന്റെ 'മിസ്റ്റർ ക്ലീൻ' എന്ന പ്രതിച്ഛായയ്ക്ക് ഈ കേസ് കനത്ത ആഘാതമേൽപ്പിച്ചു. സർക്കാരിലെ അഴിമതിക്കെതിരെ പ്രതിഷേധിച്ച് പ്രതിരോധ മന്ത്രിയായിരുന്ന വി.പി. സിങ് രാജിവെക്കുകയും, പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കി അഴിമതിവിരുദ്ധ പ്രചരണം ശക്തിപ്പെടുത്തുകയും ചെയ്തു. 1989-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബൊഫോഴ്സ് അഴിമതി പ്രധാന പ്രചരണ വിഷയമാവുകയും കോൺഗ്രസ്സിന് ഭരണം നഷ്ടമാവുകയും ചെയ്തു. ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ വി.പി. സിങ്ങിന്റെ നേതൃത്വത്തിൽ 'നാഷണൽ ഫ്രണ്ട്' സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യയിൽ കൂട്ടുകക്ഷി ഭരണത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിച്ചു.
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും ഈ കേസ് വഴിയൊരുക്കി. അഴിമതി വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയാനായി 1988-ൽ സർക്കാർ കൊണ്ടുവന്ന 'മാനനഷ്ട ബിൽ' (Anti-Defamation Bill) കനത്ത മാധ്യമ-പൊതുജന പ്രതിഷേധത്തെത്തുടർന്ന് പിൻവലിക്കേണ്ടി വന്നു. ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയെയും പ്രതിരോധ സംഭരണ സംവിധാനങ്ങളെയും ബൊഫോഴ്സ് കേസ് സങ്കീർണ്ണമായി ബാധിച്ചു. ഉന്നതതല ആയുധ ഇടപാടുകളിൽ ക്രമക്കേട് നടക്കുന്നുവെന്ന വാർത്തകൾ അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ ഭരണസുതാര്യത ചോദ്യം ചെയ്യപ്പെടുന്നതിനിടയാക്കി.
എന്നാൽ, ഈ കേസിന്റെ അന്വേഷണാർത്ഥം ഇന്ത്യ നടത്തിയ നിയമപോരാട്ടങ്ങൾ കാരണം, ചരിത്രത്തിലാദ്യമായി സ്വിറ്റ്സർലാൻഡ് തങ്ങളുടെ കർശനമായ ബാങ്കിംഗ് രഹസ്യനിയമങ്ങൾക്ക് ഇളവ് നൽകുകയും രഹസ്യ അക്കൗണ്ട് വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറാൻ ഉത്തരവിടുകയും ചെയ്തു.
പ്രതിരോധ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം ഈ കേസ് 'ബൊഫോഴ്സ് സിൻഡ്രോം' എന്ന അവസ്ഥയ്ക്ക് കാരണമായി. ഏതൊരു ആയുധ വാങ്ങലും ഭാവിയിൽ അഴിമതി ആരോപണങ്ങൾക്ക് വഴിവെച്ചേക്കാമെന്ന ഭയത്താൽ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും പുതിയ പദ്ധതികളിൽ തീരുമാനമെടുക്കാൻ മടിച്ചു. ഇതിന്റെ ഫലമായി, അടുത്ത മൂന്ന് പതിറ്റാണ്ടോളം ഇന്ത്യൻ സൈന്യത്തിലേക്ക് ഒരു പുതിയ പീരങ്കി സംവിധാനം പോലും വാങ്ങാൻ സാധിച്ചില്ല.
എങ്കിലും, അഴിമതി ആരോപണങ്ങളിൽ വലയം ചെയ്യപ്പെട്ടപ്പോഴും, ബൊഫോഴ്സ് പീരങ്കികൾ 1999-ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യയ്ക്ക് നിർണ്ണായക ജയം സമ്മാനിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 15,000 അടിയിലധികം ഉയരത്തിലുള്ള പാകിസ്താൻ ബങ്കറുകൾക്ക് വൻ നാശനഷ്ടം വരുത്താനും ടോലോലിംഗ്, ടൈഗർ ഹിൽ തുടങ്ങിയ തന്ത്രപ്രധാന കൊടുമുടികൾ തിരിച്ചുപിടിക്കാനും ബൊഫോഴ്സ് പീരങ്കികളുടെ കൃത്യതയും പ്രഹരശേഷിയും സഹായിച്ചു.
കേസിന്റെ നാൾവഴികൾ ഇങ്ങനെ
- 1986 മാർച്ച് 24- ഇന്ത്യയും എ.ബി. ബൊഫോഴ്സും തമ്മിൽ 1,437 കോടി രൂപയുടെ കരാർ ഒപ്പുവെക്കുന്നു.
- 1987 ഏപ്രിൽ16 -സ്വീഡിഷ് റേഡിയോ അഴിമതി വിവരം വെളിപ്പെടുത്തുന്നു.
- 1989 നവംബർ- അഴിമതി ആരോപണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പരാജയപ്പെടുന്നു.
- 1990 ജനുവരി 22- ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവ ചുമത്തി സി.ബി.ഐ ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നു.
- 1990 ജനുവരി 26 - ബൊഫോഴ്സ് അഴിമതിപ്പണം എത്തിയ സ്വിസ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു.
- 1993 ജൂലൈ 29/30- ഒട്ടാവിയോ ക്വാത്‌റോച്ചി അറസ്റ്റ് ഒഴിവാക്കാനായി ഇന്ത്യയിൽനിന്ന് മലേഷ്യയിലേക്ക് കടക്കുന്നു.
- 1997 ജനുവരി 21 - കേസിന് ആസ്പദമായ 500-ലധികം പേജ് വരുന്ന സ്വിസ് ബാങ്ക് രേഖകൾ ഇന്ത്യയ്ക്ക് ലഭിക്കുന്നു.
- 1999 ഒക്ടോബർ 22 - സി.ബി.ഐ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നു; രാജീവ് ഗാന്ധിയുടെ പേര് ഉൾപ്പെടുത്തുന്നു. ( 1991 ൽ രാജീവ് ഗാന്ധി എൽടിടിഇ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ 'വിചാരണയ്ക്ക് അയക്കാനാകാത്ത' എന്ന നിലയിലാണ് പേരുൾപ്പെടുത്തിത്)
- 2004 ഫെബ്രുവരി 4 - ഡൽഹി ഹൈക്കോടതി രാജീവ് ഗാന്ധിയെയും എസ്.കെ. ഭട്‌നാഗറിനെയും അഴിമതി ആരോപണങ്ങളിൽനിന്ന് പൂർണ്ണമായി ഒഴിവാക്കുന്നു. ( 2001-ൽ ഇദ്ദേഹം മരണപ്പെട്ടിരുന്നു)
- 2005 മേയ് 31 - തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഹിന്ദുജ സഹോദരന്മാരെയും ബൊഫോഴ്സ് കമ്പനിയെയും ഡൽഹി ഹൈക്കോടതി വെറുതെവിടുന്നു.
- 2011 മാർച്ച് 4- ക്വാത്‌റോച്ചിയെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഡൽഹി സി.ബി.ഐ കോടതി അദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കുന്നു.
- 2018 ഫെബ്രുവരി 2 - 2005-ലെ ഹൈക്കോടതി വിധിക്കെതിരെ 13 വർഷത്തിന് ശേഷം സി.ബി.ഐ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളുന്നു.
- 2026 ഓഗസ്റ്റ് 07- ഹിന്ദുജ സഹോദരന്മാരെ വെറുതെവിട്ടതിനെതിരെ കേസിലെ അവസാന അപ്പീലും സുപ്രീം കോടതി തള്ളുന്നു.
പതിനെട്ടിലധികം വർഷം നീണ്ടുനിന്ന അന്വേഷണങ്ങൾക്കും, 250 കോടിയിലധികം രൂപയുടെ പൊതുപണം ചെലവഴിച്ചതിനും ഒടുവിൽ ബൊഫോഴ്സ് കേസിൽ ആരോപണവിധേയരായ ആർക്കെതിരെയും കുറ്റം തെളിയിക്കാൻ സാധിച്ചില്ല. അസ്സൽ രേഖകളുടെ ലഭ്യതക്കുറവ്, അന്വേഷണത്തിലെ സാങ്കേതിക പിഴവുകൾ, അപ്പീൽ നൽകുന്നതിൽ ഉണ്ടായ ദീർഘകാലത്തെ വൈകൽ എന്നിവയാണ് കേസിന് തിരിച്ചടിയായത്. പ്രധാന പ്രതിയായ ഒട്ടാവിയോ ക്വാത്‌റോച്ചിയെ വിട്ടുനൽകാൻ മലേഷ്യൻ കോടതിയും (2002) അർജന്റീന കോടതിയും (2007) വിസമ്മതിച്ചു. തുടർന്ന്, ക്വാത്‌റോച്ചിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത് പിൻവലിക്കുകയും, 2011-ൽ രാജ്യത്തിന് വീണ്ടും പണം നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ കേസ് പൂർണ്ണമായും പിൻവലിക്കുകയും ചെയ്തു.
കേസിലെ പ്രധാന വ്യക്തികളെല്ലാം മരണപ്പെടുകയും കോടതി നടപടികൾ അവസാനിക്കുകയും ചെയ്തതോടെ, ബൊഫോഴ്സ് കേസ് നേരത്തെ തന്നെ പൂർണ്ണമായും അവസാനിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിലും പ്രതിരോധ രംഗത്തും ബൊഫോഴ്സ് കേസ് ഉണ്ടാക്കിയ പ്രകമ്പനങ്ങൾ ഇന്നും രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന അധ്യായമായി നിലകൊള്ളുന്നു. സാമ്പത്തിക അഴിമതി എന്നതിലുപരി, ഭരണ സുതാര്യതയെക്കുറിച്ചുള്ള പൊതുജാഗ്രത ഉയർത്താനും അന്വേഷണാത്മക മാധ്യമപ്രവർത്തനം വർദ്ധിക്കാനും ഈ കേസ് കാരണമായി. കേസിൽ ആരും ശിക്ഷിക്കപ്പെട്ടില്ല എങ്കിലും ഉന്നതതല പ്രതിരോധ കരാറുകളുടെ സുതാര്യത ഉറപ്പാക്കുന്നതിന് ഈ വിവാദം ഒരു വഴിത്തിരിവായി മാറി.
Content Highlights: Supreme Court closes the final Bofors case appeal in August 2026., The scandal led to the defeat of the Rajiv Gandhi government in 1989., Despite no convictions, the case caused a 30-year 'Bofors Syndrome' in defense procurement., Bofors guns proved critical in the 1999 Kargil War victory., The case transformed investigative journalism and government transparency in India.
Published: 07 Aug 2026, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented