തിരുവനന്തപുരം: ശബരിമലയിലെ 1.63 ലക്ഷം കിലോഗ്രാം വഴിപാട് അരി, ഒരു രൂപപോലും തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് അക്കൗണ്ടിൽ അടയ്ക്കാതെ കരാറുകാരൻ കടത്തി. ബോർഡിന് നഷ്ടം 42,37,568 രൂപയെന്ന് ദേവസ്വം വിജിലൻസ്.

To advertise here,

തീർഥാടകർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി സന്നിധാനത്ത് പലയിടത്തായുള്ള വലിയ ഭണ്ഡാരങ്ങളിലാണ് സമർപ്പിക്കുക. ഇതിൽ കുറച്ച് വെള്ളനിവേദ്യവും ശർക്കരപ്പായസവും തയ്യാറാക്കാനെടുക്കും. മിച്ചംവരുന്ന അരിയാണ് കരാർപ്രകാരം വിൽക്കുക.

2025 നവംബറിൽ ശ്രീപദ്മനാഭ ട്രേഡേഴ്‌സിലെ അനിൽകുമാറിനാണ് ഇതിനുള്ള കരാർ‌ നൽകിയത്. കിലോഗ്രാമിന് 26 രൂപയായിരുന്നു നിരക്ക്. 2026 ഏപ്രിൽ വരെയുള്ള 1,62,983.4 കിലോഗ്രാം കൊണ്ടുപോയെങ്കിലും പണമൊന്നും അടച്ചില്ല.

ഓരോതവണ അരിയെടുക്കുമ്പോഴും തൂക്കി, ദേവസ്വം അക്കൗണ്ടിൽ പണം അടയ്ക്കാനുള്ള ചലാൻ സ്റ്റോർ സൂപ്രണ്ട് കരാറുകാരന് നൽകണം. എന്നാൽ, ഇത്തവണ ബന്ധപ്പെട്ട ജീവനക്കാരൻ ചലാൻ നൽകുകയോ പണമടച്ചെന്ന് ഉറപ്പാക്കുകയോ ചെയ്തില്ല. സ്റ്റോക്ക് ലെഡ്ജറിൽ അരിയുടെ അളവ് േരഖപ്പെടുത്തിയതുമില്ല. ഇതാണ് വിജിലൻസ് പരിശോധനയിൽ പിടിക്കപ്പെട്ടത്. സന്നിധാനത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന ബി. ദിലീപ് കുമാർ ചുമതല വഹിച്ചിരുന്ന കാലയളവിലാണ് ക്രമക്കേട് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മേയ് 31-ന് അദ്ദേഹം വിരമിച്ചു.

പണമടയ്ക്കാത്തകാര്യം ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഓഫീസർ ദേവസ്വം കമ്മിഷണറെ അറിയിച്ചു. തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് കമ്മിഷണർ കരാറുകാരന് നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. കുടിശ്ശികത്തുകയും പലിശയും കരാറുകാരനിൽനിന്ന് ഈടാക്കണമെന്ന് വിജിലൻസ് നിർദേശിച്ചു. അല്ലാത്തപക്ഷം ദിലീപ് കുമാറിൽനിന്ന് ഈടാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.