ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎ അശ്വനി ശർമ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ. ഖനന മേഖലയിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ സഹായിക്കുന്നില്ലെന്ന് ഖനന വകുപ്പ് മന്ത്രി നരീന്ദർ കുമാർ ഗോയൽ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി, ‘ഒരു കുടുംബത്തിൽ പെൺകുട്ടി ജനിച്ചാൽ പോലും അത് കേന്ദ്രത്തിന്റെ കുറ്റമാണെന്ന് നിങ്ങൾ പറയും, എന്നാൽ ആൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ അത് നിങ്ങളുടെ കഠിനാധ്വാനമാണെന്ന് അവകാശപ്പെടുകയും ചെയ്യും’ എന്നായിരുന്നു അശ്വനി ശർമയുടെ പരാമർശം.

To advertise here,

ഇതിനെതിരെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പ്രതിഷേധവുമായി രംഗത്തെത്തി. എംഎൽഎയുടേത് സ്ത്രീവിരുദ്ധമായ മനോഭാവമാണെന്നും പെൺകുട്ടികളോടുള്ള വിവേചനമാണ് ഇതിലൂടെ പുറത്തുവന്നതെന്നും പാർട്ടി ആരോപിച്ചു. പെൺകുട്ടികൾ എല്ലാ മേഖലകളിലും മികവ് തെളിയിക്കുന്ന ഈ കാലത്ത് ഇത്തരമൊരു പരാമർശം നടത്തിയ അശ്വനി ശർമ പരസ്യമായി മാപ്പ് പറയണമെന്ന് മന്ത്രി അമൻ അറോറ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ സ്വന്തം പാർട്ടിയിലെ എംഎൽഎ ഇത്തരത്തിൽ സംസാരിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം വിവാദമായതോടെ അശ്വനി ശർമ ഖേദപ്രകടനം നടത്തി. പഞ്ചാബിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു ശൈലി മാത്രമാണ് താൻ പറഞ്ഞതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകളെ രാഷ്ട്രീയ ലാഭത്തിനായി ആം ആദ്മി പാർട്ടി വളച്ചൊടിക്കുകയാണെന്നും അധ്യാപകരും കർഷകരും ഉൾപ്പെടെയുള്ള സ്ത്രീകൾക്കെതിരെ  പഞ്ചാബ് സർക്കാർ നടപടിയെടുക്കുമ്പോൾ ആം ആദ്മി പാർട്ടി മൗനം പാലിക്കുകയാണെന്നും ശർമ ആരോപിച്ചു.