തിരുവനന്തപുരം: സ്ത്രീകളെ സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരേ കൈക്കൊണ്ട നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്നെ വിമർശിക്കാനും തനിക്കെതിരേ ലേഖനങ്ങളെഴുതാനും അവർക്കും അവകാശമുണ്ട്. ഇത് ജനാധിപത്യമാണ്. മുഖ്യമന്ത്രി വിമർശനത്തിന് അതീതനല്ല. തന്നെ വിമർശിക്കുന്നവർ തന്റെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

വിമർശിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തേയോ അവർ ഉപയോഗിച്ച ഭാഷയേയോ താൻ ചോദ്യംചെയ്യുന്നില്ല. താൻ നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ മാധ്യമങ്ങളെ വിളിച്ചറിയിക്കും. കാര്യങ്ങൾ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക മാധ്യമ പോസ്റ്റ് ഡിലീറ്റ് ചെയ്തു എന്ന രീതിയിൽ വന്ന വാർത്തകൾക്കും അദ്ദേഹം വിശദീകരണം നൽകി. വാർത്താസമ്മേളനം മുഴുവനായി ഫെയ്‌സ്ബുക്കിൽ ലൈവ് നൽകിയിരുന്നു. ഇൻസ്റ്റാഗ്രാമിന്റെ രീതിയനുസരിച്ച് നിശ്ചിത ഭാഗംമാത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. ഫെയ്‌സ്ബുക്കിൽ അത് നേരത്തേതന്നെ ഉള്ളതിനാൽ ആവർത്തനം വരേണ്ട എന്നുകരുതിയാണ് ഡിലീറ്റ് ചെയ്തത്. എങ്കിലും ഈ വീഡിയോ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എ.പി. വിഭാഗം നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. താൻ നിലപാട് പറഞ്ഞതുകൊണ്ട് കാണാൻ വന്നതല്ല അവർ. അന്ന് ആ പത്രസമ്മേളനം നടത്തുന്ന സമയത്ത് അവർ തിരുവനന്തപുരത്തുണ്ട്. തന്നെ കാണാൻവേണ്ടി തലേദിവസംതന്നെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തെത്തിയതാണ്. മൂന്നാഴ്ച മുൻപ് തീരുമാനിച്ച അപ്പോയിന്റ്‌മെന്റ് അനുസരിച്ചാണ് ആ കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി.

ചേന്തി അനിൽ ജയിലിൽനിന്ന് പുറത്തുവന്നശേഷം തന്നോട് ക്ഷമ ചോദിച്ചതായും ആ ക്ഷമ താൻ സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തോട് ഒരു വിരോധവുമില്ല. ക്ഷമചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്തതുപോലെയാണ് തോന്നിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.