പ്രമുഖ നടനെതിരെ അതിരൂക്ഷ വിമർശനവുമായി നിർമാതാവ് അർജുൻ രവീന്ദ്രൻ. ഈ നടൻ തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്, സമയോചിതമായി, വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് അർജുൻ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. കമ്മട്ടം എന്ന വെബ്സീരീസുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നിരിക്കുന്നത്. വിവാദത്തിലുൾപ്പെട്ട നടൻ റിലീസാകാനൊരുങ്ങുന്ന ടോക്സിക് എന്ന ചിത്രത്തിൽ സഹനടനായുണ്ട്. നിർമാതാവിന്റെ കൈയ്യിൽനിന്ന് പണവും ബിസിനസ്സ് ക്ലാസ് ടിക്കറ്റും വാങ്ങി. ഇയാൾ ടോക്സിക് എന്ന ചിത്രത്തിന്റെ ഷെഡ്യൂളിനനുസരിച്ച് സ്വന്തം ഷെഡ്യൂൾ മാറ്റി. 65 ലക്ഷം മാത്രം ബജറ്റുള്ള തന്റെ സീരീസിൽ അഭിനയിക്കാൻ 10 ലക്ഷം രൂപയ്ക്ക് കരാറൊപ്പിടുകയും 7 ലക്ഷം രൂപ രൊക്കം തുകയായി വാങ്ങുകയും ചെയ്തു. സീരീസിൽ പ്രവർത്തിച്ച മറ്റുള്ളവരുടെ ശമ്പളം നൽകരുതെന്നാവശ്യപ്പെട്ട് നടൻ ഒടിടി പ്ലാറ്റ് ഫോമിന് മെയിലയച്ചു. ലക്ഷങ്ങൾ മാത്രം ബഡ്‌ജറ്റുള്ള സീരീസിൽ കോടികളുടെ തട്ടിപ്പ് നടന്നെന്നാണ് ഈ നടൻ ആരോപിക്കുന്നതെന്നും അർജുൻ രവീന്ദ്രൻ വ്യക്തമാക്കി.

To advertise here,

അർജുൻ രവീന്ദ്രന്റെ കുറിപ്പ് ഇങ്ങനെ:

ഒരു സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിൽ, കലയോടുള്ള ബഹുമാനം, സിനിമയെന്ന മാധ്യമത്തോടുള്ള ആദരവ്, അതിലുപരി ഒരു ലൊക്കേഷനിൽ ജോലി ചെയ്യുന്ന ഓരോ മനുഷ്യനോടുമുള്ള മര്യാദ എന്നീ ലളിതമായ തത്വങ്ങളിലാണ് ഞാൻ 23 ഫീറ്റ് കെട്ടിപ്പടുത്തത്.

ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന നൂറിലധികം വരുന്ന സാങ്കേതിക വിദഗ്ധരുടെയും അസിസ്റ്റന്റുമാരുടെയും ആർട്ടിസ്റ്റുകളുടെയും കഠിനാധ്വാനത്തിലും ത്യാഗത്തിലുമാണ് ഓരോ സിനിമാ സെറ്റുകളും മുന്നോട്ട് പോകുന്നത്. 'കമ്മട്ടം' വെബ് സീരീസിന്റെ നിർമ്മാണ വേളയിൽ, ഞങ്ങളുടെ ബാനറിന് വലിയ സാമ്പത്തിക നഷ്ടങ്ങളും ബജറ്റ് സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ആ പ്രതിസന്ധികളിലൊക്കെയും, ഒപ്പം നിന്ന പ്ലാറ്റ്ഫോം പങ്കാളികൾക്ക് നൽകിയ വാക്ക് പാലിക്കുകയും കഠിനാധ്വാനം ചെയ്ത ഓരോ ക്രൂ അംഗത്തിനും അർഹിച്ച ഓരോ രൂപയും കൃത്യമായി നൽകുകയും ചെയ്യുക എന്നതിനായിരുന്നു എന്റെ പ്രഥമ പരിഗണന.'കമ്മട്ടത്തിലെ ഒരു അണിയറപ്രവർത്തകന് പോലും ഒരു രൂപ പോലും ഇനി നൽകാൻ ബാക്കിയില്ല.

എന്നാൽ ഇന്ന്, ഞങ്ങളുടെ ക്ഷമയെയും പ്രൊഫഷണൽ മര്യാദയെയും ദുരുപയോഗം ചെയ്യുന്നത് കാണുമ്പോൾ മനസ്സ് തകരുകയാണ്. നടൻ തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്, സമയോചിതമായി, വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, അദ്ദേഹം എന്നെ മാത്രമല്ല ആക്രമിച്ചത്; ഞങ്ങളുടെ മുഴുവൻ പ്രൊഡക്ഷൻ ടീമിനെയും നിന്ദിക്കുകയാണ് ചെയ്തത്. വളരെ ചെറിയ ബജറ്റിൽ നിർമ്മിച്ച ഈ വെബ് സീരിസിന്റെ ബജറ്റ് പരിധികൾ ലംഘിച്ച് പോലും, അദ്ദേഹത്തിന്റെ ആഡംബര താമസസൗകര്യങ്ങൾ, ബിസിനസ് ക്ലാസ് യാത്രാ സൗകര്യങ്ങൾ, ജിം സൗകര്യങ്ങൾ തുടങ്ങിയ എല്ലാ ആവശ്യങ്ങളും ഞങ്ങളുടെ പ്രൊഡക്ഷൻ ഹൗസ് നിറവേറ്റി നൽകിയിരുന്നു എന്നതാണ് ഏറ്റവും വിഷമകരമായ വസ്തുത. അദ്ദേഹത്തിന്റെ സൗകര്യത്തിനനുസരിച്ച് ഷെഡ്യൂളുകൾ മാറ്റിനൽകുകയും, ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയത് മൂലമുണ്ടായ നഷ്ടങ്ങൾ വരെ ഞങ്ങൾ സഹിക്കുകയും ചെയ്തു.

ഒരു പ്രൊഫഷണൽ മര്യാദയുടെ പേരിൽ ഞങ്ങൾ ഇതുവരെ നിശബ്ദത പാലിച്ചു. 'കമ്മട്ട'ത്തിന്റെ കരാർ പ്രകാരമുള്ള 3 ദിവസത്തെ പ്രൊമോഷൻ ചുമതലകൾ നിർവ്വഹിക്കാൻ അദ്ദേഹം വിസമ്മതിച്ചത് ഞങ്ങൾ പുറത്തുപറഞ്ഞില്ല. പകരം പ്ലാറ്റ്ഫോം ആവശ്യപ്പെട്ട പോലെ പ്രൊമോഷൻസുകളിൽ അദ്ദേഹം പങ്കെടുത്തു. അപ്പോൾ അവരെ പേടിയുണ്ട്. കഠിനാധ്വാനികളായ ക്രൂ അംഗങ്ങൾക്ക് നൽകേണ്ട പണം തടഞ്ഞുവെക്കാൻ അദ്ദേഹം പ്ലാറ്റ്ഫോം പങ്കാളികളുമായി നേരിട്ട് ഇടപെടാൻ ശ്രമിച്ചതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചില്ല. തൊഴിൽപരമായ തർക്കങ്ങൾ മാധ്യമ സർക്കസുകളിലല്ല, കണക്കുകൾ തീർപ്പാക്കുന്നതിലൂടെയാണ് പരിഹരിക്കപ്പെടേണ്ടത് എന്ന പൂർണ്ണ വിശ്വാസത്തോടെ ഞങ്ങൾ മാന്യമായ വഴി തിരഞ്ഞെടുത്തു.

പ്രൊഡക്ഷൻ ഹൗസിന്റെ നിർദ്ദേശപ്രകാരമുള്ള പ്രൊമോഷൻ ചുമതലകൾ മനപ്പൂർവ്വം നിർവ്വഹിക്കാത്തതിനാൽ, ഒപ്പിട്ട കരാർ പ്രകാരം ആ ദിവസങ്ങളിലെ തുക ആനുപാതികമായി കിഴിവ് ചെയ്യുകയാണുണ്ടായത്. ഓഡിറ്റിംഗിന് ശേഷമുള്ള യഥാർത്ഥ ബാക്കി തുക കേവലം 74,000 മാത്രമാണ് (അല്ലെങ്കിൽ അന്തിമ പരിശോധനയ്ക്ക് വിധേയമായി 1,30,500) ഈ തുക തീർപ്പാക്കുന്നതിനായി ഒരു ഔദ്യോഗിക ജി.എസ്.ടി (GST) ഇൻവോയ്സ് പോലും അദ്ദേഹത്തിന്റെ ടീം ഇതുവരെ സമർപ്പിച്ചിട്ടില്ല.

ഈ ഇൻഡസ്ട്രിയിൽ നീതിപൂർവ്വം പെരുമാറുന്നതും ക്ഷമയോടെ ഇരിക്കുന്നതും നിശബ്ദത പാലിക്കുന്നതും നിങ്ങളെ ഒരു ഇരയാക്കി മാറ്റുമെന്ന തിരിച്ചറിവ് വളരെ വേദനാജനകമാണ്. എന്റെ ടീമിനെയോ അക്കൗണ്ട്സ് വിഭാഗത്തെയോ ബന്ധപ്പെടാനോ ഇൻവോയ്സ് സമർപ്പിക്കാനോ തയ്യാറാകാതെ, തന്റെ ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങൾ വരെ കാത്തുനിന്ന് വക്കീൽ നോട്ടീസ് അയക്കുകയും മാധ്യമങ്ങളെ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയുമാണ് അദ്ദേഹം ചെയ്തത്.

മറ്റൊരാളുടെ പബ്ലിസിറ്റി സ്റ്റണ്ടിനും പ്രൊമോഷൻ തന്ത്രങ്ങൾക്കും ഇരയായതുകൊണ്ട് മാത്രം ഞങ്ങളുടെ സത്യത്തിന് വേണ്ടി പോരാടുന്നതിൽ നിന്ന് ഞങ്ങൾ പിന്മാറില്ല. ഞങ്ങളുടെ ലീഗൽ ടീം മുഖേന, അദ്ദേഹത്തിന്റെ ആരോപണങ്ങൾ പൂർണ്ണമായി തള്ളിക്കളയുകയും അപകീർത്തിക്കും ബിസിനസ്സ് തടസ്സപ്പെടുത്തിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ നിയമപരമായ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ നന്മയെ ഇനി ആരും ദൗർബല്യമായി തെറ്റിദ്ധരിക്കാൻ ഞങ്ങൾ അനുവദിക്കില്ല. 23 ഫീറ്റിന്റെയും ഞങ്ങളുടെ അണിയറപ്രവർത്തകരുടെയും സത്യത്തിന്റെയും അന്തസ്സ് അനുയോജ്യമായ കോടതിയിൽ ഞങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യും. ഞങ്ങളുടെ തൊഴിൽ സംസ്കാരത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന, ഞങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്ന സിനിമ മേഖലയിലെ ഏവർക്കും നന്ദി.

വാർത്താക്കുറിപ്പിനൊപ്പം നിർമാതാവ് പോസ്റ്റ് ചെയ്തതിങ്ങനെ;

“പ്രൊഡ്യൂസറിന്റെ കൈയ്യിൽ നിന്നും കാശും, ബിസിനെസ്സ് ക്ലാസ് ടിക്കറ്റും വാങ്ങി, ഒരു ക്യാരക്ടർ റോൾ ചെയ്ത ടോക്സിക് സിനിമയുടെ ഷെഡ്യുളിനു അനുസരിച്ചു ഞങ്ങളുടെ വെറും 65 ലക്ഷം ബഡ്ജറ്റ് മാത്രമുള്ള ചെറിയ വെബ് സീരീസിൽ നിന്നും നികുതി ഉൾപ്പെടെ 10 ലക്ഷം എന്ന് എഗ്രിമെന്റും ഒപ്പ് ഇട്ടു അതിൽ 7 ലക്ഷം രൊക്കം തുക കൈപറ്റി, പണിയെടുത്ത മറ്റു അണിയറപ്രവർത്തകരുടെ ശമ്പളം പ്ലാറ്റഫോമിനോട് നൽകരുതെന്ന് പറഞ്ഞു മെയിൽ അയച്ചു, കരാർ ഒപ്പിട്ട പ്രൊഡക്ഷൻ ടീം പറയുന്നത് കേൾക്കാതെ സ്വന്തം ഇഷ്ടപ്രകാരം പ്രൊമോഷന് പങ്കെടുക്കില്ല എന്നും പറഞ്ഞു, സ്ട്രീമിങ് പ്ലാറ്റ്ഫോം പറയുമ്പോൾ മാത്രം കേറി വന്നു പ്രൊമോഷന് വീമ്പും പറഞ്ഞു പോയ ആളാണ്.

ഏകദേശം 10 മാസത്തിനു ശേഷം 3 ദിവസം മുൻപ് ഒരു ഇമെയിൽ നോട്ടീസ് തന്ന്, അതിനു മറുപടി എന്റെ ലീഗൽ ടീം തയാറാക്കി അയക്കുന്നതിനു മുൻപ് മീഡിയയിൽ വന്നിരുന്നു, പ്രൊഡക്ഷൻ കോടികളുടെ തട്ടിപ്പു നടത്തി എന്ന് പറയുന്നു. ലക്ഷങ്ങൾ മാത്രം ബഡ്‌ജറ്റുള്ള സീരീസിൽ ആണ് കോടികളുടെ തട്ടിപ്പ്. കഷ്ടം തന്നെ മുതലാളി.

റിലീസ് ആവാൻ പോകുന്ന ‘ടോക്സിക്’ സിനിമയുടെ മീഡിയ പ്രൊമോഷമുകളിൽ സഹനടന്റെ മുഖം മീഡിയയിൽ വരുന്നില്ലെങ്കിൽ ആ സിനിമയുടെ മാർക്കറ്റിംഗ് ടീമിനോട് സംസാരിക്കു മിസ്റ്റർ. അല്ലാതെ അന്നം തന്ന ഈ പ്രൊഡ്യൂസറുടെ നെഞ്ചിലേക്ക് തന്നെ ഇമ്മാതിരി ചീപ് പബ്ലിസിറ്റിക്ക് വേണ്ടി വെടിയുതിർക്കാൻ മടിക്കാത്ത, ഫൈനൽ പേയ്മെന്റ് നു ടാക്സ് ഇൻവോയ്‌സ് & ടാക്സ് പേയ്മെന്റ് റെസീപ്റ്റുകൾ കൊടുക്കണമെന്ന് അറിയാത്ത, അങ്ങനെ എന്തങ്കിലും താമസം ഉണ്ടെങ്കിൽ നേരിട്ടോ, മാനേജർമാർ വഴിയോ, സംഘടനകൾ വഴിയോ, നിയമപരമായോ പ്രൊഡക്ഷൻ കമ്പനിയോട് ആ തുക ആവശ്യപ്പെടാമായിരുന്നിട്ടും, 10 മാസത്തിനു ശേഷം ഈ സിനിമ റിലീസ് നേരത്തു തന്നെ മീഡിയയിൽ വന്നു വിടു വായിത്തം പറയുന്ന ഈ നടനെയൊക്കെ എല്ലാം മരമണ്ടനെന്നു പോലും വിളിക്കാൻ സാധിക്കില്ല.

സിനിമ അല്ലെങ്കിൽ വെബ് സീരീസ് എല്ലാം ഒരു കൂട്ടായ്മയുടെ ഫലമാണ്. സാമ്പത്തികമായി നഷ്ടമുണ്ടാക്കിയ ഈ വെബ്‌സീരീസിൽ പോലും ഒരു ടെക്‌നീഷ്യന്റെയോ ആർട്ടിസ്റ്റിന്റെയോ വേതനമെല്ലാം കൊടുത്തു തീർത്തിട്ടുണ്ട്. സീരീസ് സാമ്പത്തികമായി നഷ്ടമാണെന്ന് അറിഞ്ഞപ്പോൾ വേതനം കുറച്ചു കൂടെ നിന്ന നല്ല മനസ്സുകളും ഉണ്ടായിരുന്നു. അവിടെ ഈ നടന്റെ മാത്രം പേയ്മെന്റ് (കണക്കുകൾ പ്രസ് റിലീസിൽ ഉണ്ട്) ഹോൾഡ് ചെയ്തിട്ടുണ്ടെങ്കിൽ മനസ്സിലാക്കാമല്ലോ അയാളുടെ കൈയ്യിലിരുപ്പും അഹങ്കാര സ്വഭാവവും. ഡിജിറ്റൽ തെളിവുകൾ കിട്ടിയതിനാൽ നിയമനടപടികൾക്കു എളുപ്പമായി.“

അർജുൻ രവീന്ദ്രന്റെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയാ ലോകത്ത് ചർച്ചയായിട്ടുണ്ട്. അർജുന്റെ 23 ഫീറ്റ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് കമ്മട്ടം എന്ന മലയാളം വെബ്സീരീസ് നിർമിച്ചത്.