ഉത്തരാഖണ്ഡിലെ ടെഹ്‌രിയിൽ നടന്ന നവരാത്രി സംഗീതപരിപാടിക്കിടെ പ്രശസ്ത ഗായകൻ ദലേർ മെഹന്തി മദ്യപിച്ചിരുന്നുവെന്ന ബി.ജെ.പി എം.എൽ.എ സുബോധ് ഉനിയാലിന്റെ പരാമർശത്തിൽ വിവാദം. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ദലേർ മെഹന്തിയുമായി ഫോണിൽ സംസാരിച്ചു. ഗായകന്റെ ക്ഷേമാന്വേഷണം നടത്താനാണ് താൻ അദ്ദേഹത്തെ ബന്ധപ്പെട്ടതെന്നും 'അതിഥി ദേവോ ഭവ' എന്ന പാരമ്പര്യം ഉത്തരാഖണ്ഡ് എന്നും നിലനിർത്തുമെന്നും ധാമി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ (X) അറിയിച്ചു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് വിവാദങ്ങൾക്ക് വിരാമമിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

To advertise here,

ടെഹ്‌രിയിൽ നടന്ന പരിപാടിക്കിടെ എം.എൽ.എ സുബോധ് ഉനിയാൽ ഗാനമേള തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ആഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. വേദിയിൽ വെച്ച് ദലേർ മെഹന്തിയോട് "നിങ്ങൾക്ക് സംസാരിക്കാൻ പോലും സാധിക്കുന്നില്ല, പിന്നെങ്ങനെ പാടും?" എന്ന് ഉനിയാൽ ചോദിക്കുകയും, മദ്യപിച്ച് വേദിയിലെത്തി നവരാത്രി ആഘോഷങ്ങളെയും കാണികളെയും അപമാനിച്ചതായി ആരോപിക്കുകയും ചെയ്തു. കൂടാതെ, പരിപാടിക്കായി സംഘാടകർ ദലേർ മെഹന്തിക്ക് 35 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും എം.എൽ.എ അവകാശപ്പെട്ടിരുന്നു.

തുടർന്ന് ദലേർ മെഹന്തിയുടെ സഹോദരനും പ്രശസ്ത ഗായകനുമായ മിക സിങ് ഈ വിഷയത്തിൽ ശക്തമായി പ്രതികരിക്കുകയും ബി.ജെ.പി എം.എൽ.എ സുബോധ് ഉനിയാൽ വീഡിയോയിലൂടെ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മെഹന്തിക്കെതിരായ ആരോപണങ്ങൾ തികച്ചും വ്യാജമാണെന്നും കലാകാരന്മാരെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുബോധ് ഉനിയാലിനെ മാപ്പുപറയിക്കണമെന്നാവശ്യപ്പെട്ട് മിക സിങ് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയുംചെയ്തു. ഇതിനുപിന്നാലെയാണ് ദലേർ മെഹന്ദിയുമായി സംസാരിച്ചെന്ന് ധാമി അറിയിച്ചത്.

എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉത്തരാഖണ്ഡിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. 'ദേവഭൂമി'യായ ഉത്തരാഖണ്ഡിൽ കലയെയും കലാകാരന്മാരെയും എപ്പോഴും ആദരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞുപോയ അനിഷ്ട സംഭവവികാസങ്ങളെ പരസ്പര സംഭാഷണത്തിലൂടെയും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലൂടെയും മറികടന്ന് മുന്നോട്ട് പോകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും, എം.എൽ.എ മാപ്പ് പറയണമെന്ന മിക സിങ്ങിന്റെ ആവശ്യത്തെക്കുറിച്ച് മുഖ്യമന്ത്രി തന്റെ പോസ്റ്റിൽ നേരിട്ട് പരാമർശിച്ചിട്ടില്ല. ഇതിനിടെ, ഈ വിഷയത്തിൽ മുഖ്യമന്ത്രി ധാമി കാണിച്ച ഇടപെടലിനെയും ആദരവിനെയും അഭിനന്ദിച്ച മിക സിങ്, സുബോധ് ഉനിയാലിനോട് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു മാപ്പപേക്ഷാ വീഡിയോ ഇറക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ചു.

ഈ വിഷയത്തിൽ ദലേർ മെഹന്തിക്ക് പിന്തുണയുമായി നടൻ അനുപം ഖേർ, ബാദ്ഷാ, ഇളാ അരുൺ, കപിൽ ശർമ്മ, ഷാൻ, രാജ്പാൽ യാദവ്, അലീഷ ചിനായി, പലാഷ് സെൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.‌