റായ്പൂർ: നവംബർ ഒന്നിന് രാംലീല മൈതാനാത്ത് റാലി നടത്താനുള്ള ഇന്ത്യാ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി എം.പി സുധാൻഷു ത്രിവേദി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾക്കും സംവിധാനങ്ങൾക്കും എതിരെ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സുധാൻഷു ത്രിവേദി ആരോപിച്ചു. ഉത്സവ സീസണിൽ ഇത്തരം റാലികൾ സംഘടിപ്പിക്കുന്നത് വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. റായ്പൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പ്രതിപക്ഷത്തിന്റെ യഥാർത്ഥ ലക്ഷ്യം അധികാരക്കൊതിയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കലുമാണ്. ഇന്ത്യയുടെ സാംസ്‌കാരികവും മതപരവുമായ മൂല്യങ്ങളോട് പ്രതിപക്ഷത്തിന് കടുത്ത വിരോധമാണുള്ളത്. കഴിഞ്ഞ 10-12 വർഷത്തിനിടയിൽ രാജ്യത്തെ പ്രധാന ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ സംശയം ഉണ്ടാക്കാൻ പ്രതിപക്ഷം നിരന്തരം ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നവരാത്രി, ദീപാവലി, ഛഠ് പൂജ തുടങ്ങിയ പ്രധാന ഉത്സവങ്ങൾ നടക്കുന്ന ഈ സമയത്ത് ഉത്തരേന്ത്യയിലെ വലിയ വ്യാപാര കേന്ദ്രമായ രാംലീല മൈതാന പരിസരത്ത് റാലി സംഘടിപ്പിക്കുന്നത് കച്ചവടക്കാരെയും ജനങ്ങളെയും ദുരിതത്തിലാക്കും. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ മുന്നേറ്റത്തെ തടയാൻ രാജ്യത്തിനകത്തും പുറത്തുമുള്ള ചില ശക്തികൾ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാടുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലിരുന്നപ്പോഴും സ്വന്തം താല്പര്യങ്ങൾക്ക് എതിരായ തീരുമാനങ്ങളെ അവർ അംഗീകരിച്ചിരുന്നില്ല, പ്രതിപക്ഷത്തിരിക്കുമ്പോഴും അതേ മനോഭാവമാണ് അവർ തുടരുന്നതെന്ന് ത്രിവേദി അഭിപ്രായപ്പെട്ടു.

വോട്ടർ പട്ടികയിൽ ക്രമക്കേട് നടക്കുന്നുവെന്ന കോൺഗ്രസ് ആരോപണങ്ങളെ ത്രിവേദി തള്ളി. രാജ്യത്ത് 12 ലക്ഷത്തോളം ബൂത്ത് ലെവൽ ഓഫീസർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചിട്ടുണ്ട്. ഒരു വ്യക്തി ഒരു വിലാസത്തിൽ ഇല്ലെങ്കിൽ കുറഞ്ഞത് മൂന്ന് തവണ ബി.എൽ.ഒമാർ അവിടെ സന്ദർശിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്കും സംസ്ഥാന ഘടകങ്ങൾക്കും എല്ലാ ഘട്ടത്തിലും വാദങ്ങൾ ഉന്നയിക്കാൻ അവസരമുണ്ട്. സ്വന്തം സംഘടനാ പ്രതിനിധികളുടെ വീഴ്ച മറയ്ക്കാനാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.