പനജി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ വിജയകരമായി ലാൻഡ് ചെയ്ത് റഫൈൽ മറൈൻ വിമാനം. ഗോവയിൽ നടന്ന ആദ്യ പരീക്ഷണപ്പറക്കലിലാണ് നാവികസേന നിർണായകമായ ഈ നേട്ടം കൈവരിച്ചത്. ഒക്ടോബർ 29-നായിരുന്നു പരീക്ഷണപ്പറക്കൽ.

To advertise here,

നാവികസേനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതിന് മുന്നോടിയായി ഐ.എൻ.എസ് വിക്രാന്തിലെ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം. ഐ.എൻ.എസ് വിക്രാന്തിൽ റഫാൽ മറൈൻ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഐ.എൻ.എസ് വികാന്തിനും റഫാൽ മറൈനും തമ്മിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വിന്യാസത്തിന് സജ്ജമാക്കുന്നതിനുമായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക.

നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ ഫ്രാൻസുമായി 63,000 കോടിയുടെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽ 22 സിംഗിൾ സീറ്റർ പോർവിമാനങ്ങളും 4 ട്വിൻ സീറ്റർ പരിശീലന വിമാനങ്ങളുമാണ് ഉൾപ്പെടുന്നത്. 2025 ഏപ്രിൽ 28നാണ് കരാർ ഒപ്പിട്ടത്, 2030-ഓടെ വിമാനങ്ങളുടെ വിതരണം പൂർത്തിയാകും. ഇതിനായി ഇന്ത്യയിലെയും ഫ്രാൻസിലെയും നാവികസേനാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിവരികയാണ്.

പ്രാദേശികമായി നിർമിച്ച ആയുധങ്ങൾ വിമാനത്തിൽ ഘടിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യാ കൈമാറ്റവും കരാറിലുണ്ട്. കൂടാതെ റഫാൽ വിമാനങ്ങളുടെ ഫ്യൂസ്ലേജ് നിർമ്മാണ കേന്ദ്രങ്ങളും എഞ്ചിനുകൾ, സെൻസറുകൾ, ആയുധങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായുള്ള സൗകര്യങ്ങളും ഇന്ത്യയിൽ സ്ഥാപിക്കും.

നിലവിൽ ഫ്രഞ്ച് നാവികസേന മാത്രം ഉപയോഗിക്കുന്ന റഫാൽ മറൈൻ വിമാനങ്ങൾ കടലിലും കരയിലുമുള്ള ആക്രമണങ്ങൾക്കും വ്യോമ പ്രതിരോധത്തിനും നാവികസേനയ്ക്ക് വലിയ കരുത്ത് പകരും. ഇത് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യൻ നാവികസേനയുടെ പോരാട്ടശേഷിയും ശക്തിപ്പെടുത്തും.