ചെന്നൈ: കോക്രോച്ച് ജനതാ പാർട്ടി സഹ കൺവീനർ സൗരവ് ദാസിന്റെ പൗരത്വവും വ്യക്തിഗത പശ്ചാത്തലവും അന്വേഷിക്കണമെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ചെന്നൈ സ്വദേശി ആർ. ഗണേഷ് കുമാർ നൽകിയ പൊതുതാൽപര്യ ഹർജിയിന്മേലാണ് ചെന്നൈ റീജണൽ പാസ്‌പോർട്ട് ഓഫിസർ, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) അധ്യക്ഷൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം എന്നിവർക്കും എക്സ്, ഇൻസ്റ്റഗ്രാം പ്രതിനിധികൾക്കും നോട്ടീസ് അയച്ചത്.

To advertise here,

നേപ്പാൾ പൗരനാണ് സൗരവ് എന്നു കണ്ടെത്തിയാൽ പാസ്‌പോർട്ടും ആധാർ കാർഡും റദ്ദാക്കണമെന്നും പൗരത്വം, മാതാപിതാക്കളുടെ വിവരങ്ങൾ, ദേശീയത എന്നിവ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സൗരവിന്റെ എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കണമെന്നും സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ളവരെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തുന്നത് വിലക്കണമെന്നും ഹർജിയിൽ പറയുന്നു.

ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സൗരവ് ദാസ് ഉൾപ്പെടെയുള്ള എതിർകക്ഷികളോട് ആറാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടു.