
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. കഴിഞ്ഞ 25 വർഷത്തിനിടെ രാഷ്ട്രീയ സംഘർഷങ്ങളിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളിലെ യോഗ്യനായ ഒരംഗത്തിനാണ് ജോലിനൽകുക. ഇക്കാര്യത്തിൽ ഉടൻതന്നെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
കഴിഞ്ഞ 25 വർഷത്തിനിടെ പഞ്ചായത്ത്-നിയമസഭ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും അതിനുശേഷവും നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി സർക്കാർ അപേക്ഷ ക്ഷണിച്ച് പരസ്യം പ്രസിദ്ധീകരിക്കും. അർഹരായ കുടുംബങ്ങൾ അതത് ജില്ലാ ഭരണകൂടങ്ങളെ സമീപിച്ച് അപേക്ഷനൽകണം. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സമർപ്പിച്ചശേഷം ജില്ലാ ഭരണകൂടം അവ പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ജോലി നൽകുന്നതിൽ തീരുമാനം കൈക്കൊള്ളുക.
ഇടതുമുന്നണി ഭരണകാലംതൊട്ട് ഒട്ടേറെ രാഷ്ട്രീയ ആക്രമണങ്ങൾക്ക് ബംഗാൾ സാക്ഷിയായിട്ടുണ്ട്. 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിന് അന്ത്യംകുറിച്ച് 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും രാഷ്ട്രീയ ആക്രമണങ്ങൾ തുടർന്നു. 2018-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപകമായ അക്രമം, ഭീഷണിപ്പെടുത്തൽ, പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരിക്കുന്നതിൽനിന്ന് തടയൽ തുടങ്ങിയ ആരോപണങ്ങളും ഉയർന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പും അതിനുശേഷമുണ്ടായ അക്രമങ്ങളും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട വ്യാപകമായ ആക്രമണങ്ങളാണ് വിഷയം ദേശീയ ശ്രദ്ധയിലെത്തിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധിപേർ കൊല്ലപ്പെട്ടതായും ആക്രമണങ്ങൾ, വീടുകളിൽനിന്നുള്ള പലായനം, സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: State Cabinet and Law Department approve the proposal to provide jobs., Covers families of victims killed in political violence over the past 25 years.
Published: 30 Oct 2026, 04:57 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented