പട്‌ന: ബിഹാറില്‍ ജാതി സംവരണം 65 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടുള്ള നിയമഭേദഗതി ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക, അതി പിന്നാക്ക വിഭാഗക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിയമമാകുന്ന മുറയ്ക്ക്‌ സംസ്ഥാനത്തെ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുപ്രകാരമായിരിക്കും പ്രവേശനം നടക്കുക.

To advertise here,

ഭേദഗതി ബില്‍ ഇനി നിയമമാകാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആലേക്കര്‍ ഒപ്പിടണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ 10 ശതമാനം സംവരണംകൂടി ഇതിനൊപ്പം ചേരുമ്പോള്‍ ആകെ സംവരണം 75 ശതമാനമാകും. സ്ത്രീകള്‍ വിദ്യാഭ്യാസം നേടുമ്പോള്‍ ജനസംഖ്യ കുറയുന്നുവെന്ന നിതീഷ് കുമാറിന്റെ പരാമര്‍ശം വലിയ വിവാദമായിരിക്കേയാണ് സംവരണ ഭേദഗതി ബില്‍ സഭയില്‍ പാസാകുന്നത്. 

സഭ പാസാക്കിയ ഭേദഗതിയനുസരിച്ച് പട്ടികജാതിക്കാര്‍ക്ക് 20 ശതമാനവും പട്ടികവര്‍ഗക്കാര്‍ക്ക് രണ്ട് ശതമാനവും പിന്നാക്ക, അതിപിന്നാക്കക്കാര്‍ക്ക് 18, 25 ശതമാനവും സംവരണം ലഭിക്കും. നിലവില്‍ പിന്നാക്കക്കാര്‍ക്ക് 12 ശതമാനവും അതിപിന്നാക്കക്കാര്‍ക്ക് 18 ശതമാനവുമാണ് സംവരണമുള്ളത്. പട്ടികവര്‍ഗക്കാര്‍ക്ക് ഒരു ശതമാനവും.  

സംസ്ഥാനത്തെ ജാതി സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെയാണ് നിതീഷ് കുമാര്‍ സംവരണ ഭേദഗതി നിര്‍ദേശിച്ചത്. സര്‍വേ ഉള്ളടക്ക പ്രകാരം 36 ശതമാനം അഥവാ സംസ്ഥാന ജനസംഖ്യയിലെ 13.1 കോടി പേര്‍ അതിപിന്നാക്കക്കാരാണ്. 27.1 ശതമാനം പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നു. 19.7 ശതമാനം പട്ടികജാതി വിഭാഗവും 1.7 ശതമാനം പട്ടികവര്‍ഗ വിഭാഗവുമാണ്. 15.5 ശതമാനമാണ് പൊതുവിഭാഗം.

ബിഹാറിലെ 34% കുടുംബങ്ങളുടെയും മാസവരുമാനം 6,000 രൂപയില്‍ താഴെയാണ്. 42% പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 29.61% കുടുംബങ്ങളുടെയും മാസവരുമാനം 10,000 രൂപയോ അതില്‍ താഴെയോ ആണ്. ആകെ നാലു ശതമാനത്തിനു മാത്രമാണ് 50,000 രൂപയ്ക്കു മുകളില്‍ മാസവരുമാനമുള്ളത്. 42% പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.